മന്ത്രി സ്ഥാനം രാജിവെച്ചത് തന്റെ സ്വതന്ത്ര തീരുമാനമാണെന്ന് സജി ചെറിയാന്
Reporter: News Desk 06-Jul-20225,483
മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി ആണ് തീരുമാനമെടുത്തത്. പ്രസംഗത്തിന്റെ ഏതാനും ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്തു. ഭരണഘടനയെ അവഹേളിച്ചെന്ന പ്രചാരണം വേദനിപ്പിച്ചു. നിയമോപദേശം തേടിയ സാഹചര്യത്തില്‍ തുടരുന്നത് ശരിയല്ലെന്നും സജി ചെറിയാന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
താന്‍ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ മൂല്യങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ഇത് നിയമസഭയില്‍ വ്യക്തമാക്കിയതാണ്. ഞാനടങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടി ഭരണഘടന നേരിടുന്ന വെല്ലുവിളിക്കെതിരെ അതിശക്തമായ നിയമപരമായും അല്ലാതെയുമുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ സംരക്ഷണം പ്രധാന രാഷ്ട്രീയ ഉത്തരവാദിത്തമായി ഏറ്റെടുത്തതാണ് സിപിഎമ്മും ഇടതുപക്ഷവും. സ്വാതന്ത്ര്യത്തിന് ശേഷം ഭരണഘടനയില്‍ ലക്ഷ്യമിട്ടുള്ള സാമ്പത്തിക നീതിക്ക് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ വരെ അട്ടിമറിക്കപ്പെടുകയുണ്ടായി. ഞാനടങ്ങുന്ന രാഷ്ട്രീയ പ്രസ്ഥാനം ഇതിനെതിരെ ശക്തമായി നിലകൊണ്ടു. അടിയന്തിരാവസ്ഥ, പൗരത്വ നിയമഭേദഗതി, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതടക്കമുള്ള പ്രശ്നങ്ങളില്‍ എന്റെ പ്രസ്ഥാനം മുന്നില്‍ നിന്നു. കോണ്‍ഗ്രസും ബിജെപിയും ആണ് ഇതിന്റെയെല്ലാം കാരണക്കാരെന്നും സജി ചെറിയാന് പറഞ്ഞു.
സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാടാണ് രാജി തീരുമാനത്തില്‍ നിര്‍ണായകമായത്. സജി ചെറിയാന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് രാജിക്കത്ത് നല്കി. രണ്ടാം പിണറായി മന്ത്രി സഭയിലെ ആദ്യ രാജിയാണിത്.
ഞായറാഴ്ച പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ നടന്ന സിപിഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരമാര്‍ശം. രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടന. അതില്‍ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നതെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നുമാണ് സജി ചെറിയാന് പറഞ്ഞത്.
മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള് എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. പക്ഷേ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് താന്‍ പറയും. ബ്രിട്ടീഷുകാരന് പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. അതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും താന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് താന്‍ പറയുമെന്നും സജി ചെറിയാന് പറഞ്ഞിരുന്നു.