ട്രാവൻകൂർ സിമന്റ്‌സിൽ വൻ പ്രതിസന്ധി

കോട്ടയം: ട്രാവൻകൂർ സിമന്റ്‌സിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിനു പിന്നാലെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി. വിരമിച്ച പത്തു ജീവനക്കാർ നൽകിയ ഹർജിയിലാണ് ഇപ്പോൾ കോടതി അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുന്നത്. ഇത് കൂടാതെ നൂറിലധികം വിരമിച്ച ജീവനക്കാർ കൂടി ലേബർ കോടതിയെ സമീപിച്ചിട്ടുണ്ട്. തുക മാനേജ്മെന്റ് നൽകാത്തതിന് ലേബർ കോടതി ഷോക്കോസ് നോട്ടീസ് നൽകി കഴിഞ്ഞു.ഈ സാഹചര്യത്തിൽ സിമെന്റ്സിൽ പ്രതിസന്ധി അതിരൂക്ഷമായിട്ടുണ്ട്.


കമ്പനിയിൽനിന്ന് വിരമിച്ച ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി നൽകാത്തതിനെത്തുടർന്നാണ് വിരമിച്ച ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഇതേ തുടർന്നാണ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടായത്. തുടർന്നാണ്, കോടതി ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കളക്ടർ(റവന്യൂ റിക്കവറി) ആണ് നടപടി സ്വീകരിച്ചത്. കമ്പനിയു ടെ മൂന്ന് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. 2019-ൽ കമ്പനിയിൽ
നിന്ന് വിരമിച്ച പത്തുപേർ ഹൈക്കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടപെടൽ. 23 ലക്ഷം രൂപയാണ് ഗ്രാറ്റുവിറ്റിയിനത്തിൽ ഇവർക്ക് കിട്ടാനുള്ളത്.

ഇതിനിടെയാണ് ഇപ്പോൾ വീണ്ടും പ്രതിസന്ധി രൂക്ഷമാക്കി വിരമിച്ച കൂടുതൽ ജീവനക്കാരുടെ നടപടിയുണ്ടായിരിക്കുന്നത്. നേരത്തെ വിരമിച്ച നൂറിലേറെ ജീവനക്കാർ ഇതിനോടകം തന്നെ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ഹർജിയിലും കമ്പനിയ്ക്കു എതിരായ നടപടി തന്നെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. ഈ സാഹചര്യത്തിൽ കോടതി ഇടപെടൽ കൂടി ഉണ്ടായാൽ കമ്പനി വീണ്ടും പ്രതിസന്ധിയിലാകും. കഴിഞ്ഞ ദിവസം പുറത്തു വന്ന കോടതി ഉത്തരവ് പ്രകാരം റവന്യു റിക്കവറി നടപടികളിലൂടെ ജീവനക്കാർക്ക് ഗ്രാന്റുവിറ്റി തുക ഈടാക്കി നൽകാനാണ് നിർദേശിച്ചിരിക്കുന്നത്.

ഇത്തരത്തിൽ കൂടുതൽ വിരമിച്ച ജീവനക്കാർ കൂടി അനൂകൂല കോടതി ഉത്തരവ് നേടിയാൽ ഇത് കമ്പനിയുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കും. നേരത്തെ ഗ്രാന്റുവിറ്റി ലഭിക്കാതെ വിരമിച്ചവർ ലേബർ കോടതിയിലും പരാതി നൽകിയിരുന്നു. ട്രാവൻകൂർ സിമന്റ്‌സ് ജപ്തിചെയ്യാൻ ലേബർ കോടതി ഉത്തരവിട്ടിരുന്നു. നടപടിയുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതി നെത്തുടർന്ന് വ്യവസായ വകുപ്പുമന്ത്രി യുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ചെയർമാൻ ബാബു ജോസഫ് പറഞ്ഞു.

മാനേജ്‌മെന്റിന്റെ പിടിവാശിയാണ് ഇത്രയും പ്രതിസന്ധി സൃഷ്ടിച്ചതെന്ന് ടി.സി.എൽ.റിട്ട. എംപ്ലോയീസ് ഫോറം ഭാരവാഹികൾ പറഞ്ഞു. കമ്പനി അധികൃതർക്ക് ഈ ചെറിയ തുക നേരത്തെ നൽകാൻ കഴിയുമായിരുന്നു. കമ്പനിയെ മനഃപൂർവം പ്രതിസന്ധിയിലാക്കിയ ഉദ്യോഗസ്ഥർക്കെതിരേ സർക്കാർ നടപടി സ്വീകരിക്കണമെന്ന് റിട്ട. എംപ്ലോയീസ് ഫോറം ആവശ്യപ്പെട്ടു. വിരമിച്ച 104 ജീവനക്കാർക്കാണ് ആനുകൂല്യങ്ങൾ കിട്ടാനുള്ളത്.

RELATED STORIES