സാമൂഹിക പ്രവര്‍ത്തകയും നര്‍മ്മദ ബച്ചാവോ ആന്തോളന്‍ സ്ഥാപകയുമായ മേധാ പട്കറിനെതിരെ കേസ്

മധ്യപ്രദേശ് പൊലീസാണ് പരാതി ലഭിച്ചതിനെ തുടർന്ന് കേസെടുത്തത്. മേധാ പട്കറിനെ കൂടാതെ 11 പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ആദിവാസി വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശേഖരിച്ച സംഭാവന ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം.


നര്‍മ്മദ നവനിര്‍മ്മാണ്‍ അഭിയാന്‍ ട്രസ്റ്റ് പിരിച്ച പണം ദേശ വിരുദ്ധ പ്രവര്‍ത്തികള്‍ക്കായി ഉപയോഗിച്ചുവെന്നും പരാതിയിലുണ്ട്. വഞ്ചനാ കുറ്റം ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രിതം രാജ് ബദോലെ എന്നയാളുടെ പരാതിയിലാണ് കേസ്. എന്നാല്‍ ഇയാള്‍ ബിജെപിയുടെ ആളാണെന്ന് മേധാ പട്കര്‍ ആരോപിച്ചു.

നര്‍മ്മദ നവനിര്‍മ്മാണ്‍ അഭിയാന്‍ ട്രസ്റ്റില്‍ ട്രസ്റ്റി സ്ഥാനമാണ് മേധാ പട്കറിനുള്ളത്. തനിക്ക് കേസുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്ന് മേധാ പട്കര്‍ പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് എല്ലാം മറുപടിയുണ്ടെന്നും സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് കൃത്യമായ ഓഡിറ്റ് റിപ്പോര്‍ട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

RELATED STORIES