മുന്‍ ഡിജിപി ആര്‍ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളില്‍ പ്രതികരണവുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍

കേസിലെ പ്രതി നടന്‍ ദിലീപിനെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സര്‍വീസില്‍ നിന്ന് ഇറങ്ങിയതിന്റെ അടുത്ത ദിവസം മുതല്‍ അവര്‍ ദിലീപിനെ എങ്ങനെ രക്ഷിക്കാമെന്ന ക്യാമ്പെയിന്റെ തലപ്പത്ത് ജോലി ചെയ്യുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


ശ്രീലേഖ ഇപ്പോള്‍ പറഞ്ഞത് വെളിപ്പെടുത്തലല്ല, ആരോപണങ്ങള്‍ മാത്രമാണ്. ഇത് കേസിന്റെ അന്വേഷണത്തെ ബാധിക്കില്ല.എന്തുകൊണ്ടാണ് ഇപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാതിരുന്നത്. എന്ത് അടിസ്ഥാനത്തിലാണ് നിലിവലെ പരാമര്‍ശങ്ങള്‍ എന്നറിയില്ല. ചിലപ്പോൾ ശ്രീലേഖയ്ക്ക് ദിലീപിനോട് ആരാധനയുണ്ടാകാം. ആദ്യം തന്നെ പ്രതിയുടെ വിഷമങ്ങള്‍ പറഞ്ഞു. ഇപ്പോള്‍ അതിന്റെ രണ്ടാംഘട്ടമാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ പറഞ്ഞതിന്റെ സൂചന മാസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

സത്യസന്ധയായ ഉദ്യോഗസ്ഥയാണ് അവരെങ്കില്‍ ദിലീപിനോട് ചോദിക്കേണ്ടത് തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഫോണ്‍ ഒളിപ്പിച്ചത് എന്തിനാണെന്നാണ്. പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ നല്‍കാന്‍ ദീലിപ് തയ്യാറാകണമെന്നായിരുന്നു അവര്‍ പറയേണ്ടത്. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ഒരുതരത്തിലും കേസിനെ ബാധിക്കില്ല. ഇപ്പോഴും അവര്‍ക്ക് ബോധ്യമുള്ള കാര്യങ്ങള്‍ വച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കാമല്ലോ?. അവര്‍ യൂ ട്യൂബില്‍ വന്ന് പറയുന്നതല്ലാതെ രേഖാ മൂലം കോടതിയിലെ സര്‍ക്കാരിലോ എഴുതി നല്‍കട്ടെ?. തെളിവുണ്ടെങ്കില്‍ അവര്‍ പുറത്തുവിടട്ടെ?- ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപ് തെറ്റ് ചെയ്തതായി താന്‍ കണ്ടിട്ടില്ല. തന്റെ മുന്നിലുള്ള തെളിവുകളാണ് താന്‍ പൊലീസിന് നല്‍കിയത്. വരും ദിവസങ്ങളില്‍ ഇതുപോലെ അവതാരങ്ങള്‍ ഇനിയും വരുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

അതേസമയം, കേസില്‍ നടന്‍ ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. സോഷ്യല്‍മീഡിയയില്‍ വൈറലാകാനാണ് ശ്രീലേഖയുടെ ശ്രമമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ശ്രീലേഖയെ നേരിട്ട് പ്രതിഷേധം അറിയിച്ചു. അതിജീവിതയെ കാണാന്‍ പോലും ശ്രീലേഖ തയ്യാറായില്ലെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു.

ദിലീപിനെതിരെ തെളിവുകള്‍ ഇല്ലാത്തതിനാലാണ് പുതിയ കേസ് എടുത്തതെന്നാണ് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. പള്‍സര്‍ സുനി നേരത്തെയും നടിമാരെ തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി അവരെ ബ്ലാക് മെയില്‍ ചെയ്തിട്ടുണെന്നും ശ്രീലേഖ ആരോപിച്ചു. ദിലീപിന് പങ്കുണ്ടെന്ന് താന്‍ ആദ്യം കരുതിയെന്നും പള്‍സര്‍ സുനി ക്വട്ടേഷന്‍ എടുത്തിരുന്നെങ്കില്‍ ആദ്യമേ അത് തുറന്നുപറയാനുള്ള സാഹചര്യമായിരുന്നെന്നും ആര്‍ ശ്രീലേഖ പറഞ്ഞു. യുട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍.

ദിലീപിന് കത്തെഴുതിയത് പള്‍സര്‍ സുനിയല്ല. അത് താന്‍ എഴുതിയതല്ലെന്ന് സുനി തന്നെ സമ്മതിച്ചിട്ടുണ്ട്. സഹതടവുകാരനാണ് ആ കത്ത് എഴുതിയത്. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കണ്ടതിന് തെളിവില്ല. ഇരുവരും തമ്മിലുള്ള ചിത്രം പൊലീസ് വ്യാജമായി നിര്‍മ്മിച്ചതാണ്. ഇക്കാര്യം പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ തന്നോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ശ്രീലേഖ പറഞ്ഞു.

RELATED STORIES