സംസ്ഥാനത്ത് നിര്‍ബാധം വരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുന്നതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

കേരളത്തിലെ അതിക്രമങ്ങള്‍ നിക്ഷേപകരെ തെല്ലൊന്നുമല്ല ഭയപ്പെടുത്തിയിട്ടുള്ളത്. ക്രിമിനലിസവും ആക്രമണങ്ങളും പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്ഥാനത്ത് നിക്ഷേപമിറക്കാന്‍ ബുദ്ധിയുള്ള ഒരു നിക്ഷേപകനും ധൈര്യപ്പെടില്ല. കേരളത്തില്‍ തൊഴിലില്ലായ്മ വര്‍ധിക്കുകയും വ്യവസായങ്ങള്‍ തളരുകയുമാണ് ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.


നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് മേളകള്‍ നടത്തിയാല്‍ മാത്രം പോരാ. ആഭ്യന്തര നിക്ഷേപം, വിദേശത്തു നിന്ന് നേരിട്ടുള്ള നിക്ഷേപങ്ങള്‍, തൊഴില്‍ സൃഷ്ടിക്കല്‍ എന്നീ മേഖലകളില്‍ കൊവിഡിന് ശേഷം അതിരുകളില്ലാത്ത അവസരങ്ങളുണ്ട്. ദൗര്‍ഭാഗ്യവശാല്‍ ഈ സാധ്യതകള്‍ കേരളം തിരിച്ചറിഞ്ഞതായി തോന്നുന്നില്ല.

തങ്ങളുടെ നാട്ടിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനു രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ തമ്മില്‍ വളരെ കടുത്ത മത്സരമാണ് നടക്കുന്നത്. കേരളത്തിന് കൂടുതല്‍ നിക്ഷേപ സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരിന് അതില്‍ ഏറെ ഉത്തരവാദിത്വമുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

RELATED STORIES