തമിഴ്‌നാട്  കള്ളക്കുറിച്ചിയിൽ നിരോധനാജ്ഞ ഏര്‍പ്പെടുത്തി

സ്‌കൂള്‍ പരിസരത്തുണ്ടായിരുന്ന പ്രതിഷേധക്കാരെ ഒഴിപ്പിച്ചതായും പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായും പൊലീസ് അറിയിച്ചു. റോഡ് ഉപരോധിച്ചും മറ്റും തുടർന്നുപോന്ന സമരം ഇന്ന് രാവിലെയാണ് അക്രമാസക്തമായത്. സ്കൂളിന് മുമ്പിലേക്ക് സംഘടിച്ചെത്തിയ സമരക്കാർ ബാരിക്കേ‍‍ഡ് തകർത്ത് സ്കൂൾ കോമ്പൗണ്ടിലേക്ക് പ്രവേശിച്ചു. ശക്തമായ കല്ലേറുണ്ടായി, നിർത്തിയിട്ടിരുന്ന നിരവധി ബസുകൾ തകർക്കുകയും തീയിടുകയും ചെയ്തു. പൊലീസുമായി സമരക്കാർ ഏറ്റുമുട്ടി. പൊലീസ് വാനും അഗ്നിക്കിരയാക്കി. കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും സ്ഥിതി നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ പൊലീസ് ആകാശത്തേക്ക് വെടിവച്ചു.


നിരവധി സമരക്കാർക്കും ഇരുപതോളം പൊലീസുകാർക്കും പരിക്കേറ്റു. സമീപ ജില്ലകളിൽ നിന്നുകൂടി പൊലീസിനെ എത്തിച്ചാണ് സാഹചര്യം നിയന്ത്രിച്ചത്. സംഘർഷാവസ്ഥ തുടരുകയാണ്. കുറ്റാരോപിതരായ അധ്യാപകരെ പൊലീസ് മൊഴിയെടുത്ത ശേഷം വിട്ടയച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്യണമെന്നും കേസ് സിബിസിഐഡിക്ക് കൈമാറണമെന്നുമാണ് സമരക്കാരുടെ ആവശ്യം.

ജൂലൈ 12ന് പ്ലസ് ടു വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. മൂന്നാം നിലയില്‍ നിന്നാണ് ചാടിയത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വിദ്യാര്‍ത്ഥിനി ഇന്നലെയാണ് മരിച്ചത്.വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. രണ്ട് അധ്യാപകര്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കുറിപ്പില്‍ പറയുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇതേ തുടര്‍ന്ന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.നൂറ് കണക്കിനാളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. രണ്ട് അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

RELATED STORIES