അക്ഷരത്തിന്റെ ശുശ്രൂഷകന്മാർ
Author: Pr. C. John, New DelhiReporter: News Desk 11-Apr-2020
6,748

കൊറോണ എന്ന രോഗത്തിന്റെ ഭീതി ലോകം എമ്പാടും പരന്നു കൊണ്ടിരിക്കുന്നു. ജനലക്ഷങ്ങൾ ലോകത്ത് മരിച്ചു കൊണ്ടിരിക്കുന്നു. പണം കൊണ്ടും ശക്തികൊണ്ടും, ആയുധ ബലം കൊണ്ടും ഇതിനെ നേരിടുവാൻ കഴിയുകയില്ല എന്നു ലോകത്തിലെ എറ്റവും വലിയ സാമ്പത്തിക ശക്തികളും, ആയുധ ബലമുള്ള രാജ്യങ്ങളും തിരിച്ചറിഞ്ഞിരിക്കുന്നു. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ തങ്ങളുടെ സമ്പത്തും, കൂട്ടി വച്ചിരിക്കുന്ന ആയുധങ്ങളും ഉപകരിക്കയില്ലെന്നു തിരിച്ചറിഞ്ഞ ലോക ശക്തികൾ തങ്ങളുടെ സമ്പത്തിലും, ശക്തിയിലും ആശ്രയിക്കാതെ ദൈവത്തിങ്കലേക്കു സഹായത്തിനായി നോക്കുകയാണ്.
ഈ അവസ്ഥയിലും ഒരു കൂട്ടർ തങ്ങൾ സുരക്ഷിതരാണ്, മറ്റാരോടും കടപ്പാടോ, ഉത്തരവാദിത്വമോ ഇല്ല എന്നു നടിച്ചു കൂടാരത്തിൽ കയറി വാതിൽ അടച്ചിരിക്കുന്നവർ ഉണ്ട്. *അവർ മറ്റാരുമല്ല കഴിഞ്ഞ വർഷങ്ങളായി ഉലകം ചുറ്റി കർത്താവിനെ വിറ്റ്, കർത്താവിന്റെ* വേലയുടെ പേരിൽ, കൂടെ നിൽക്കുന്ന ശുശ്രൂഷകന്മാരുടെയും, സഭകളുടെയും എണ്ണം പെരുപ്പിച്ചു പറഞ്ഞും, എഴുതിയും കർത്താവിന്റെ പേരിൽ കോടികൾ ഉണ്ടാക്കിയ കർത്താവിന്റെ വിലയേറിയ എളിയ ദാസന്മാരാണ്.
രണ്ടാമത്തെ കൂട്ടർ കൺവൻഷൻ പ്രസംഗം മാത്രം ചെയ്യുന്ന വിലയേറിയ ഭൃത്യന്മാർ ആണ്.
ഇന്ത്യയിലും വിദേശത്തും കൺവൻഷൻ പ്രസംഗങ്ങൾ മാത്രം ചെയ്യുന്ന വിശുദ്ധന്മാർ.. അതിൽ കുറഞ്ഞ ഒരു ശുശ്രൂഷക്കും അവർ തയ്യാറല്ല. ...
ഇങ്ങനെ നിരന്തരം വിശ്രമം കൂടാതെ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും പറന്ന് പറന്നു ശുശ്രൂഷ ചെയ്തവർക്കെല്ലാം കൊറോണ ഒരു താൽക്കാലിക വിശ്രമം നല്കിയിരിക്കുകയാണ്.. ഈ വിശ്രമം എത്ര നാൾ എന്നതിന് ആർക്കും ഉത്തരമില്ല. ദൈവത്തിനും കൊറോണക്കും മാത്രം അറിയാം.
അങ്ങനെ പാവപ്പെട്ടവനും പണക്കാരനും എന്നു വ്യത്യാസം ഇല്ലാതെ, ചെറിയ പാസ്റ്റർ, സെന്റർ പാസ്റ്റർ, സ്റ്റേറ്റ് പ്രസിഡന്റു, പേട്രൺ, രക്ഷാധികാരി എന്ന് വ്യത്യാസമില്ലാതെ എല്ലാവരും ക്രൂശിലെ കള്ളൻ പറഞ്ഞതുപോലെ സമാശിക്ഷാവിധിയിൽ ആയി ഒന്നും ചെയ്യാൻ കഴിയാതെ ഭവനത്തിൽ ആയിരിക്കുമ്പോൾ, കർത്താവിന്റെ പേരിൽ കോടികൾ സമ്പാദിച്ച ഈ കോടീശ്വരന്മാർക്കു തങ്ങളുടെ രാജ്യത്തുള്ള, വേണ്ടാ സ്വന്തം സ്റ്റേറ്റ് ലുള്ള, സ്വന്തം പ്രസ്ഥാനത്തിലെ മറ്റു ദൈവദാസന്മാരെ കുറിച്ച് ഒരു ചിന്തയും ഉത്തരവാദിത്വവും ഇല്ലേ?? ഈ പാവം ദൈവ ദാസന്മാരുടെ തലയെണ്ണിയും, അവരുടെ പേരുപറഞ്ഞും അല്ലേ നിങ്ങൾ കോടികൾ സമ്പാദിച്ചത്?
എന്നിട്ട് ഇപ്പോൾ ഈ ദൈവ ദാസന്മാർ തങ്ങളുടെ ഭവനങ്ങളിൽ ആയിരിക്കുമ്പോൾ ധനവാന്മാരായ നേതാക്കളേ.. നിങ്ങൾ എന്തു ചെയ്തു??
നിങ്ങൾ സമ്പാദിച്ച കോടികൾ നിങ്ങളുടെ പിതൃ സ്വത്തുക്കളിൽ നിന്നും ലഭിച്ചത് ആണോ? ലഭിച്ചത് മുഴുവൻ സ്വന്തം പേരിലും, തലമുറകളുടെ പേരിലും നിക്ഷേപിച്ചിട്ടു കൂടാരത്തിൽ കയറി വാതിൽ അടച്ചു ഓൺലൈൻ പ്രസംഗങ്ങൾ നടത്തിയാൽ ദൈവം പ്രസാദിക്കുമോ?
ഇന്ത്യയിലെ ദൈവ ദാസന്മാർക്കു സഹായത്തിനായി വിദേശത്തെ ദൈവ മക്കളും, ദൈവദാസന്മാരും കരം തുറക്കണം. ഇന്ത്യയിലെ ശതകോടീശ്വരന്മാരായ സഭാ നേതാക്കളേ നിങ്ങളുടെ കരം നിങ്ങളുടെ കീഴിലുള്ള ദൈവ ദാസന്മാർക്കു വേണ്ടി എന്നു തുറക്കും?
നിങ്ങൾ ലോകത്തിൽ പറന്നു പറന്നു പ്രസംഗിച്ച വചനം കേവലം അക്ഷരത്തിന്റെ വചനം മാത്രമല്ലേ?
"രണ്ട് ഉടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവന് കൊടുക്കട്ടെ.
എന്നു പറഞ്ഞു പഠിപ്പിച്ച യേശുവിന്റെ വചനമാണോ നിങ്ങൾ പ്രസംഗിച്ചത്?
ആണെങ്കിൽ അമേരിക്കയിൽ നിന്നും, മറ്റു വിദേശ രാജ്യങ്ങളിൽ നിന്നും ആരെങ്കിലും സഹായിക്കട്ടെ എന്നു പറഞ്ഞു നിങ്ങൾക്ക് എങ്ങനെ കൂടാരത്തിനുള്ളിൽ മൗനമായി ഇരിക്കാൻ കഴിയും?
ശതകോടീശ്വരന്മാരായ നിങ്ങൾ ഈ സമയം കഷ്ടത അനുഭവിക്കുന്ന, നിങ്ങളുടെ കൂടെയുള്ള ദൈവജനത്തിനും, ദൈവദാസന്മാർക്കും വേണ്ടി നിങ്ങളുടെ സാമ്പത്തിക കൂട്ടായ്മ കാണിക്കാതെ അമേരിക്കയിൽനിന്നോ, മറ്റു വിദേശ രാജ്യങ്ങളിൽ നിന്നോ സഹായം വരട്ടെ എന്നു പറഞ്ഞു ഇരിക്കുമോ? നിങ്ങളുടെ കരം തുറക്കാതെ,പതിനായിരക്കണക്കിന് ആളുകൾ മരിക്കുകയും, കടുത്തസാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അമേരിക്കയിൽ നിന്നും സഹായം വരട്ടെ എന്നു ചിന്തിച്ചു ഇരിക്കാൻ നിങ്ങൾക്ക് ലജ്ജയില്ലേ?
പ്രസംഗിച്ച വചനം കേവലം അക്ഷരം മാത്രമാണ്. അക്ഷരത്തിന്റെ ശുശ്രൂഷ കൊല്ലുന്നതാണ് എന്നു ഓർക്കണം.
നിങ്ങൾ പ്രസംഗിച്ചത് പ്രവർത്തിയിൽ ഈ സമയം കാണിക്കുന്നില്ലെങ്കിൽ നിങ്ങൾ കേവലം അക്ഷരത്തിന്റെ ശുശ്രൂഷകന്മാർ മാത്രമാണ്.*
ആത്മാവ് ജീവിപ്പിക്കുന്നതാണ്..
നിങ്ങൾ ആത്മാവിന്റെ ശുശ്രൂഷക്കാർ ആയിരുന്നു എങ്കിൽ നിങ്ങൾ വിദേശ ദൈവമക്കളുടെ സഹായം വരുവാൻ കാത്തിരിക്കയില്ലായിരുന്നു. കാരണം ആത്മാവിന്റെ ശുശ്രൂഷകൻ സ്വാർത്ഥത കാണിക്കില്ല. ആത്മാവിന്റെ ഫലം സ്നേഹമാണ്. നിങ്ങൾക്ക് ദൈവ സ്നേഹം ഉള്ളിൽ ഉണ്ടായിരുന്നു എങ്കിൽ സഹശുശ്രൂഷകൻമാരോടും ആ സ്നേഹം കാണിക്കുകയും അവരുടെ ഞെരുക്കത്തിൽ നിങ്ങൾ അവർക്കു വേണ്ടി കരങ്ങൾ തുറക്കുമായിരുന്നു.
അതു ചെയ്യാതെ ശത കോടീശ്വരൻ ആയ നിങ്ങൾ എല്ലാവരും കൂടാരത്തിനുള്ളിൽ ഇരുന്നു പുസ്തകം എഴുതിയാലും, വിഡിയോ പ്രസംഗങ്ങൾ നടത്തിയാലും നിങ്ങൾ ആത്മാവിന്റെ ശുശ്രൂഷകർ അല്ല അനേകരെ കൊല്ലുന്ന വെറും അക്ഷരത്തിന്റെ ശുശ്രൂഷകർ ആണ്*
ശത കോടീശ്വരൻ ആയ ഒരു എളിയ ദാസൻ ഈ കൊറോണ സമയത്തു ഓൺലൈൻ ലൂടെ സാമ്പത്തിക അച്ചടക്കം പഠിപ്പിക്കുന്നത് കേട്ടു.
കോടീശ്വരനായ സാറേ താങ്കളുടെ കോടികളിൽ ഒരംശം ആദ്യം താങ്കളുടെ ഡിസ്ട്രിക്ടിലും, സ്റ്റേറ്റ് ലും സഹായം ആവശ്യമുള്ളവർക്ക് കൊടുക്ക്. എന്നിട്ട് മതി പഠിപ്പിക്കൽ. ജീവിതമില്ലാത്ത നിങ്ങൾ അക്ഷരത്തിന്റെ ശുശ്രൂഷകന്മാരുടെ പഠിപ്പിക്കലും, പ്രസംഗവും ആർക്കു വേണം?
കഴിഞ്ഞ നാളുകളിൽ ലോകം ചുറ്റി പ്രസംഗിച്ച പ്രസംഗങ്ങൾ ഈ സമയം ജീവിതത്തിൽ പ്രവർത്തിച്ചു കാണിക്കൂ അക്ഷരത്തിന്റെ ശുശ്രൂഷകന്മാരെ !.