ഈ രാത്രിയും കഴിഞ്ഞു പോകും
Author: Johnly Puthenparampil, USAReporter: News Desk 21-Apr-2020
6,502

ഈ രാത്രിയും കഴിഞ്ഞു പോകും
Johnly Puthenparampil, USA
പതിനായിരക്കണക്കിന് പേരുടെ ജീവൻ ഇപ്പോൾ നഷ്ടമായി പതിനായിരക്കണക്കിന് ജീവിതങ്ങൾ മരണത്തെ മുഖാമുഖമായി കണ്ടു കൊണ്ടേയിരിക്കുന്നു. പതിനായിരക്കണക്കിന് ആളുകളുടെ മുന്നിൽ ഒരു പതിയിരുപ്പുകാരനെപ്പോലെ കോവിഡ് രോഗത്തിൻ്റെ വിഷാണുബാധ ഇപ്പോൾ കാത്തുനിൽക്കുന്നു. അനേകം ആളുകളുടെ ഉറക്കം നഷ്ടപ്പെട്ടു, ജോലി നഷ്ട്ടപ്പെട്ടു, ചിലർ ചില ഡിപ്പാർട്ട്മെൻ്റുകളിൽ വിശ്രമമില്ലാതെ നിർബന്ധത്താലും ഗവൺമെൻ്റിൻ്റെ പ്രലോഭനത്താലും പലയിടങ്ങളിലും ജോലി ചെയ്യെണ്ടിവരുന്നു.
എന്നാൽ ചിലർ ചിലയിടങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടിവരുന്നു. ഇങ്ങനെ തുടങ്ങി ഒട്ടനവധി കാര്യങ്ങളാണ് നമ്മുടെ ലോകത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതെല്ലാം യാഥാർത്യങ്ങളാണ് ഇതിനെ ആർക്കും ഇരുട്ടത്ത് മൂടിവയ്ക്കുവാൻ കഴിയുകയില്ല. ഈ യാഥാർഥ്യങ്ങളെ കാണാതെ നമ്മുക്കാർക്കും ഒളിച്ചോടാനോ, കണ്ണടച്ച് ഇരിക്കുവാനോ കഴിയുകയില്ല എന്ന് നാം ഓർക്കുക.
ലോക ചരിത്രത്തിൽ ഇങ്ങനെയുള്ള സംഭവം ആദ്യമല്ല നാം കേൾക്കുന്നത് പല വിധത്തിലുമുള്ള പ്രതിസന്ധികൾ കാലാകാലങ്ങളിലായി ലോകജനത നേരിട്ടിട്ടുണ്ട്. അതിനാൽ ഈ രോഗം ലോകാവസാനം ഉണ്ടാക്കുമെന്ന് ചിന്തിക്കാതെ ഈ സാഹചര്യത്തിൽ നാം എങ്ങനെ ജയിക്കാമെന്ന് ചിന്തിച്ച് ബുദ്ധിയോടെ പ്രവർത്തിക്കാം. കോവിഡ് രോഗത്തെ എങ്ങനെയാണ് നാം നേരിടേണ്ടത്?.
1. സത്യ ദൈവത്തിലേക്ക് ലോക ജനത പൂർണ്ണമായി ആശ്രയിക്കുക.
(ചില ഇടങ്ങളിൽ നിരീശ്വര വാദികളും ദൈവഭയില്ലാത്തവരും മനുഷ്യനെ ശങ്കയില്ലാത്തവരും ദൈവത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യാൻ ഈ അവസരത്തെ ഉപയോഗിക്കുന്നതായി കാണാറുണ്ട്). മാത്രമല്ല ദൈവത്തിൽ വിശ്വസിച്ചിരുന്ന ചിലർ ദൈവത്തെ തള്ളിപ്പറയാൻ ഈ സാഹചര്യത്തെ ഒരു അവസരം ആയി കാണാൻ സാധ്യതയേറെയാണ്. ചിലർ ചോദിക്കാറുണ്ട് ദൈവം ഉണ്ടെങ്കിൽ ഇങ്ങനെ സംഭവിക്കുമോ? ദൈവം എന്ന ശക്തി എവിടെ? ഇങ്ങനെ ഉള്ള അവസരത്തിൽ ദൈവ വിശ്വാസികളായ നാം ദൈവത്തിലേക്ക് നോക്കുകയും പ്രാർത്ഥനക്ക് അവസരമുണ്ടാക്കുകയും ചെയ്യുക. സ്പര്ശനവേദ്യമായ ലോകത്തിലെ ഒരു ശക്തിക്കും ഇങ്ങനെ ഉള്ള അവസരത്തിൽ ഒന്നും ചെയ്‌വാൻ കഴികയില്ല. അദൃശനായ ദൈവത്തിന്റെ കരം ഇങനെ ഉള്ള സമയങ്ങളിൽ വെളിപ്പെട്ടുവരേണ്ടതിനു നാം ദൈവത്തിനോട് അപേഷിക്കുകയത്രേ വേണ്ടതു. യോനാ സഞ്ചരിച്ച മഹാനൗക കാറ്റിലും കോളിലും അവരുടെപ്രാണൻ നഷ്ടപ്പെടും എന്നുള്ള അവസ്ഥ വന്നപ്പോൾ ആ മഹാ നൗകയിൽ ഉണ്ടായിരുന്ന എല്ലാവരും ദൈവത്തോട് നിലവിളിച്ചു.
അവിടെ വന്ന വലിയ പ്രതിസന്ധി ഒരു പ്രത്യേക സാഹചര്യത്തിൽ വന്നതാണ് എങ്കിലും ആ മഹാ നൗകയിൽ ഉണ്ടായിരുന്ന ആർക്കും അതിനെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല. പക്ഷേ ആ പ്രതിസന്ധിയിൽ അവർ നിലവിളിച്ചു (കപ്പൽക്കാർ ഭയപ്പെട്ടു ഓരോരുത്തൻ താന്താന്റെ ദേവനോടു നിലവിളിച്ചു യോനാ 1:5). നാം ഇപ്പോൾ ആയിരിക്കുന്ന സാഹചര്യവും ഇതുപോലെയല്ലേ? ഇല്ലായെന്ന് തള്ളി കളയാൻ കഴിയുമോ? എല്ലാവർക്കും ദൈവത്തോട് അടുത്ത് ഇരിക്കുവാൻ ഉള്ള ഒരു സാഹചര്യമാണ് ദൈവം ഒരുക്കിയിരിക്കുന്നത്.
ഈ പ്രതിസന്ധി ഘട്ടത്തിൽ നാം ആരെയും കുറ്റം പറഞ്ഞിട്ടോ, ദൈവം ഇല്ല എന്ന് പറഞ്ഞിട്ടോ ദൈവത്തെ കളിയാക്കിയത് കൊണ്ടോ ഒന്നും ഒരു കാര്യവുമില്ല ഇങ്ങനെയുള്ള പ്രതിസന്ധികള്‍ൾ നമ്മുടെ ജീവിതത്തില്‍ വരുമ്പോൾ അത് പിറുപിറുപ്പില്ലാതെ നാം നല്ല അവസരങ്ങളാക്കി കണ്ടുകൊണ്ട് ദൈവത്തിലേക്ക് കൂടുതല്‍ അടുക്കുവാനും, അറിയുവാനും, അന്വേഷിക്കുവാനും, നിലവിളിക്കുവാനും ഒരുങ്ങുകയാണ് നാം ഇപ്പോൾ ചെയ്യേണ്ടത്. തിരുവചനം നമ്മെ ഇപ്രകാരം പഠിപ്പിക്കുന്നു...
അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി അവരുടെ മുഖം ലജ്ജിച്ചു പോയിട്ടില്ല, ഈ എളിയവൻ നിലവിളിച്ചു യഹോവ കേട്ടു അവനെ സകല കഷ്ടങ്ങളിൽ നിന്നും വിടുവിച്ചിരിക്കുന്നു (സങ്കീർത്തനങ്ങൾ 34:6). അതുകൊണ്ട് ഈ പ്രതിസന്ധിയിൽ നാം തളർന്ന് പോകാതെ സത്യദൈവത്തിലേക്ക് നോക്കുക.
2. നമ്മോടൊപ്പം അയൽക്കാരെയും സംരക്ഷിക്കുക.
ഞാനിവിടെ അയൽക്കാർ എന്ന് പറയുമ്പോൾ ഇതിൽ നമ്മുടെ സ്നേഹിതർ, ബന്ധുമിത്രാദികൾ, ചാർച്ചക്കാർ സമൂഹത്തിൽ ജീവിക്കുന്ന എല്ലാവരും ഇതിൽ ഉൾപ്പെടും. അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും കടമകളും നമുക്കുണ്ട് എന്ന് നാം ഒരിക്കലും മറന്നു പോകരുത്. നമുക്ക് എങ്ങനെ അവരെ സംരക്ഷിക്കാൻ കഴിയും?
ഒന്നാമതായി നമ്മുടെ പ്രാർത്ഥനയിൽ അവരെക്കൂടെ ഓർക്കുക. സാമ്പത്തികമായി സഹായിക്കാൻ കഴിയുകയില്ലെങ്കിലും അവരുടെ വിഷമ സാഹചര്യത്തിൽ പോയി കാണുവാൻ കഴിയണം.
രണ്ടാമതായി ഞാൻ മുഖാന്തരം അറിഞ്ഞുകൊണ്ട് ഒരു പ്രതിസന്ധികളും മറ്റാർക്കും ഉണ്ടാക്കുകയില്ലാ എന്ന് സ്വയം തീരുമാനമെടുക്കുക. (പത്രമാധ്യമങ്ങളിലൂടെ ഒക്കെ പലപ്പോഴും നാം കാണാറുണ്ട്.. രോഗികളായവർ അശ്രദ്ധ മുഖേന മറ്റുള്ളവരുടെ കരുതലുകൾ കണക്കിലെടുക്കാതെ യാത്രകൾ ചെയ്യുകയും അവർ മുഖാന്തരം മറ്റുള്ളവർ ദുരിതം വിതക്കുകയും വെച്ചുന്നതും കാണുന്നു). അതുകൊണ്ട് എത്ര വലിയ ആവശ്യം ആയാലും നാം ഈ സമയങ്ങളിൽ അല്പം അകലം മാറി നിൽക്കുന്നത് ഇരുക്കൂട്ടർക്കും വളരെ നല്ലതാണ്. തിരുവചനത്തിൽ കർത്താവ് ഇപ്രകാരം പഠിപ്പിക്കുന്നു നിന്നെപ്പോലെ തന്നെ നിൻറെ അയൽക്കാരനെയും സ്നേഹിക്കുക. നീ നിന്നെ അതിയായി സ്നേഹിക്കുന്ന കൊണ്ട് ഒരിക്കലും നീ അപകടമുള്ള ഒരു സ്ഥലത്തേക്ക് പോകുവാൻ താല്പര്യപ്പെട്ടറില്ലല്ലോ?
അപകടത്തെ ഒഴിഞ്ഞു പോകുവാനും, മാറിനിൽക്കാനും നിന്നെ തന്നെ സംരക്ഷിക്കുന്നതിനും നീ ശ്രമിക്കും അങ്ങനെയെങ്കിൽ നിൻ്റെ അയൽക്കാരനെയും സംരക്ഷിക്കുവാൻ ഉള്ള കടമ നമുക്കുണ്ട്. കർത്താവ് പറഞ്ഞ നല്ല ശമര്യാക്കാരന്റെ ഉപമയിൽ നല്ല അയൽക്കാരൻ മുറിവേറ്റവനെ കണ്ടു മനസ്സലിഞ്ഞു അരികെ ചെന്നു എണ്ണയും വീഞ്ഞും പകർന്നു അവന്റെ മുറിവുകളെ കെട്ടി അവനെ തന്റെ വാഹനത്തിൽ കയറ്റി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷചെയ്തുയെങ്കിൽ നാം മുഖാന്തരം മറ്റുള്ള വ്യക്തികൾക്ക് മുറിവേൽക്കാതിരിക്കാൻ അക്ഷരാർത്ഥത്തിൽ പാലിക്കുമ്പോൾ നാം അയൽക്കാരനെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.
3. അധികാരികളെ അനുസരിക്കുക
ഓരോ രാജ്യത്തിന്റെയും നിലലിൽപിനു ജനകളുടെ സുരക്ഷക്കുമായി അവിടവിടങ്ങളിലുള്ള ഭരണാധികാരികൾ പുറപ്പെടുവിക്കന്ന മാർഗനിർദേശങ്ങൾ പാലിക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. രാഷ്ട്രീയപരമായ വ്യത്യാസങ്ങൾക്കു ഇവിടെ സ്ഥാനമില്ല. രാഷ്ട്രീയ മുതലെടുപ്പിനോ രാഷ്ട്രീയമായി എതിരാളികളെ വെല്ലുവിളിക്കുവാനോ മലർത്തിടിക്കുവാനോഉള്ള സമയമല്ലിത് പ്രതുത വ്യതാസങ്ങൾ മറന്നു തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടി അത് തിരുത്തി മുന്നോട്ടു പോകുകയാണ് വേണ്ടത്.
ഇന്ന് കാണുന്ന ലോകവ്യാപകമായ രോഗവിഷാണു വ്യാപനത്തിന് നാം അധികാരികളെയും ആരോഗ്യ പ്രവർത്തകരെയും അനുസരിക്കാത്തതിന്റെയും കൂടി പരിണിതഫലമാണ്. വീട്ടിലിരിക്കാൻ ഉള്ള ഉത്തരവ് നിലലിൽക്കെത്തന്നെ പതിനായിരക്കണക്കിന് വ്യക്തികളാണ് നിരത്തുകളിൽ പ്രത്യക്ഷപെടുന്നത്.അവർ അറിഞ്ഞോ അറിയാതയോ രോഗാണുവാഹകരാണെങ്കിൽ മറ്റുള്ളവരിലേക്കും എത്തിക്കുന്നതിൽ പങ്കാളികൾ ആകുന്നു. നിഷേധാത്മകമായ സമീപനം എങ്ങനെയോ നമ്മുടെ മനസ്സുകളിൽ കടന്നുകൂടി. പറയുന്നതിന് എതിരെ ചെയ്യുവാനുള്ള ആവേശം നമ്മുടെ മനസ്സുകളിൽ ഉണ്ട്.
നാം അതിനെ അടക്കി നിർത്തിയെ മതിയാകയുള്ളു. അങ്ങനെ ചെയ്തില്ലായെങ്കിൽ നാം നമുക്കുതന്നെയും മറ്റുള്ളവർക്കും അസ്വസ്ഥതയുടെ ഒരു ഉറവിടമായിരുത്തരും. ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു(റോമൻ 13:1).
സകല മാനുഷനിയമത്തിന്നും കർത്താവിൻ നിമിത്തം കീഴടങ്ങുവിൻ.ശ്രേഷ്ഠാധികാരി എന്നുവച്ചു രാജാവിന്നും ദുഷ്‌പ്രവൃത്തിക്കാരുടെ ദണ്ഡനത്തിന്നും സൽപ്രവൃത്തിക്കാരുടെ മാനത്തിന്നുമായി അവനാൽ അയക്കപ്പെട്ടവർ എന്നുവച്ചു നാടുവാഴികൾക്കും കീഴടങ്ങുവിൻ (1 പത്രോസ് 2:13 -14 ).
4. കരുണയോടെ പെരുമാറുക
രോഗ വിഷബാധ പിടിപ്പെട്ടവരോട് എങ്ങനെയാണ് നമ്മുടെയെല്ലാവരുടെയും മനോഭാവം? ഈ ദിവസങ്ങളിൽ പുറത്തുവരുന്ന പല വാർത്താ മാധ്യമങ്ങളുടെയും ഉള്ളടക്കം നമ്മെ വളരെ ഭയപ്പെടുത്തുന്നതാണ്. സാമൂഹികമാധ്യമങ്ങളിൽകൂടി വരുന്ന പഴിചാരലുകളും വെല്ലുവിളികളും കുറ്റപ്പെടുത്തലുകളും തള്ളിപറച്ചിലുകളും കേൾക്കുമ്പോൾ വളരെയേറെ അസ്വസ്ഥതകൾ പലരിലും വേദന ഉളവാക്കുന്നു.
രോഗാണുവാഹകാർ എന്നറിഞ്ഞുകൊണ്ടു മനഃസാക്ഷിയുള്ള ആരും അത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ സാധ്യതയില്ല. സാമൂഹിക മാധ്യമങ്ങളിൽകൂടി പ്രചരിക്കുന്ന ചില സന്ദേശങ്ങൾ വ്യക്തികളെ വേട്ടയാടുന്നതും ചില രാജ്യങ്ങൾ തീർന്നു എന്ന വിധത്തിൽ പ്രചരിക്കുന്ന ചില സന്ദേശങ്ങൾ വേദനയുളവാക്കുന്നതാണ്. നാം ജീവിക്കുന്ന സമൂഹത്തിന്റെ മൂല്യചുതിയേയും ഇതു എടുത്തുകാട്ടുന്നു എന്ന് മറന്നു പോകരുത്. ജനങ്ങൾ ഭയവിഹുലരാണ്, ദിവസ വേതനക്കാരിൽ ചിലർ പരിഭ്രാന്തരാണ്. ചെറുകിട വ്യവസായങ്ങളും വ്യവസായികളും തകരുകയോ തകർച്ചയുടെ വക്കിൽ എത്തുകയോ ചെയ്തിട്ടുണ്ട് എന്നത് സത്യമായ കാര്യമാണ്.
പതിനായിരക്കണക്കിന് പ്രവാസികൾ ആശങ്കാകുലരാണ്. അവർ അവരുടെ സ്വന്ത നാടുകളിലേക്ക് തിരികെപോകാൻ വെമ്പൽ കൊള്ളുന്നു. മിക്ക രാജ്യങ്ങളിലും ആരാധന കൂട്ടായായ്മകൾ നിർത്തലാക്കേണ്ടിവന്നിരിക്കുകയാണ്. ഇങ്ങനെയുള്ള വിവിധ മാനസിക അവസ്ഥയിൽക്കൂടി കടന്ന് പോകുന്ന വ്യക്തികളെയൊക്കെ ക്ലേശിപ്പിക്കുന്ന മനോഭാവമാണ് പലർക്കും ഈ നാളുകളിൽ നിഴലിടുന്നത് എന്ന് നാം മറന്നു പോകരുതേ....
എപ്പോഴും ജനങ്ങൾ പേടിച്ച് ചിതറിയ അവസ്ഥയിൽ ഉള്ളപ്പോൾ അവരെ ചേർത്തുനിർത്തുക എന്നുള്ളതാണ് വ്യക്തി എന്ന നിലയിലും സമൂഹമെന്ന നിലയിലും നമ്മൾ ചെയ്യേണ്ടത് ഈ ദൗത്യം നാം മറന്ന് പോകരുത്. യേശു പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെയുള്ളവരെ കുഴഞ്ഞവരെയും ചിന്നിയവരെയും കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു എന്ന് കാണാൻ കഴിയുന്നു (മത്തായി 9:36).
രാഷ്ട്രീയ നേതാക്കന്മാരും മത മേലധ്യക്ഷൻമാരും വൈദ്യശാസ്ത്രഞ്ജൻമാരും ജനകളെ നേരായ വഴിക്കു നടത്തുവാനുള്ള നിർദേശങ്ങൾ നൽകുന്നുണ്ടങ്കിലും ജനങ്ങൾ ഇപ്പോൾ ചിന്നഭിന്നതയിൽ ചിതറിയവരാണ് എന്ന് കാണുന്നു. അവരോടു യേശുവിനു തോന്നിയ മനോഭാവം തീർച്ചയായും നമുക്കു മുണ്ടാകട്ടെ. നല്ല മനസാക്ഷികളുടെ കാവൽക്കാരായി നമുക്ക് മാറുവാൻ ശ്രമിക്കാം.