ഡോ. രവി സഖറിയാസിന്റെ ജീവിതത്തിലേക്ക് അല്പ നേരം
Reporter: News Desk 20-May-20207,001

ഒരു നാമഥേയ ക്രിസ്തീയ കുടുംബത്തിൽ മാർച്ച് 26, 1946-ൽ ചെന്നൈയിൽ തമിഴ്നാട്കാരിയായ അമ്മയ്ക്കും, മലയാളിയായ പിതാവിന്റേയും മകനായി ജനനം. പിതാവിനു ഡിഫൻസ് മിനിസ്ട്രിയിൽ ജോലി ആയതിനാൽ ഇദ്ദേഹത്തിന്റെ നാലാം വയസ്സിൽ മാതാപിതാക്കൾ ഡൽഹിയിലേക്ക് താമസം മാറി. വിദ്യാഭ്യാസ കാര്യങ്ങളിൽ ഏറെ ശ്രദ്ധയില്ലാതെ ക്രിക്കറ്റ് ഭ്രമത്തിൽ തന്റെ ചെറുപ്രായവും, കൗമാരപ്രായവും കഴിച്ചു. പഠിത്തത്തിൽ ശ്രദ്ധയില്ലാത്തതിനാൽ പിതാവിൽ നിന്നും ശകാരവും, പലപ്പോഴും ശാരീരിക ഉപദ്രവം ഏറ്റുവാങ്ങേണ്ടി വന്നു.
മാതാപിതാക്കൾ ആംഗ്ലിക്കൻ വിശ്വാസികൾ ആയിരുന്നുവെങ്കിലും കൗമാരപ്രായത്തിൽ ഒരു നാസ്തിക ചിന്താഗതിയിൽ ഇദ്ദേഹം തുടർന്നു. ഇതിനു മുൻപ് തന്റെ സഹോദരിയുടെ നിർബന്ധ പ്രകാരം യൂത്ത് ഫോർ ക്രൈസ്റ്റ് എന്ന സംഘടനയുടെ റാലിയിൽ പങ്കെടുത്ത് ജീവിതം യേശുവിനായി സമർപ്പിച്ചിരുന്നുവെങ്കിലും, 17-ാം വയസ്സിൽ ജീവിതം ഉപേക്ഷിക്കുവാൻ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലായിരിക്കവേ ഒരു സുവിശേഷ പ്രവർത്തകൻ കൊടുത്ത തിരുവചനത്തിലെ ഭാഗമാണു രക്ഷയുടെ അനുഭവത്തിലേക്ക് നയിച്ചത്.
മരണത്തോട് മല്ലടിച്ച് ആശുപത്രി കിടക്കയിൽ ആയിരിക്കുമ്പോൾ യൂത്ത് ഫോർ ക്രൈസ്റ്റിന്റെ മറ്റൊരു പ്രവർത്തകൻ ഇദ്ദേഹത്തിന്റെ കിടക്കയെ സമീപിച്ച് തന്റെ മാതാവിന്റെ പക്കൽ ദൈവ വചനത്തിന്റെ പ്രതി ഏല്പിക്കുകയും, യോഹന്നാൻ സുവിശേഷം 14-ാം അദ്ധ്യായം വായിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. യോഹന്നാൻ സുവിശേഷത്തിലെ 14:19-ാം വാക്യം തന്റെ ഹൃദയത്തിന്റെ അന്തരങ്ങളിൽ അടിസ്ഥാന മാറ്റത്തിനു വഴിതെളിയിച്ചു. ആ
തിരുവചനത്തിന്റെ അടിസ്ഥാനത്തിൽ താൻ പ്രാർത്ഥിച്ചു. “ജീവദാതാവായ ദൈവമെ, അങ്ങ് എന്റെ ജീവനെ തിരിച്ച് നൽകി ഈ ആശുപത്രി കിടക്ക വിട്ട് വെളിയിൽ എത്തിയാൽ സ്വാതന്ത്ര്യ മാക്കുന്ന സത്യത്തെ അറിയുവാൻ എന്റെ ജീവിതം സമർപ്പിക്കാം” എന്ന പ്രാർത്ഥനാ വാക്കുകൾ.
1966 കുടുംബമായി കാനഡയിലേക്ക് കുടിയേറിപാർത്തു. ഇന്ന് ടിൻഡെയിൽ യൂണിവേഴ്സിറ്റി എന്നറിയപ്പെടുന്ന ഒന്റാറിയോ ബൈബിൾ കോളേജിൽ 1972 -ൽ കോളേജ് പഠനം ആരംഭിച്ചു. തുടർന്ന് ട്രിനിറ്റി ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റർ ഓഫ് ഡിവിനിറ്റി ബിരുദം കരസ്ഥമാക്കി.
1972-ൽ മാർഗരറ്റ് റെയ്നോൾഡ്സ് എന്ന വനിതയെ വിവാഹം കഴിച്ചു. ഇവർക്ക് മൂന്നു മക്കൾ ഉണ്ട്.
1984-ൽ അദ്ദേഹം സ്ഥാപിച്ച രവി സഖറിയാസ് ഇന്റർനാഷണൽ മിനിസ്ട്രീസിലൂടെ അനേകരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് ആനയിച്ചിട്ടുണ്ട്. സാധാരണക്കാർ മുതൽ ചിന്താശേഷിയിൽ ഉയർന്ന നിലവാരത്തിലുള്ളവർ വരെ വിശ്വാസ സംബന്ധിയായ ചോദ്യങ്ങൾക്ക് തിരുവചനം അടിസ്ഥാനമായി വ്യക്തമായ ഉത്തരങ്ങൾ നൽകുവാൻ പ്രാവീണ്യം സിദ്ധിച്ച ഇദ്ദേഹം വിവിധ ക്രൈസ്തവ സഭകൾക്കു സ്വീകാര്യനായിരുനു. തന്റെ 48 വർഷത്തെ സുവിശേഷ ഘോഷണത്തിൽ 70-ൽ അധികം രാജ്യങ്ങളിൽ പ്രസംഗിക്കുകയും, 30 -ൽ അധികം ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു. സന്ദേഹവാദികളുമായി ഇടപഴകുവാൻ ക്രിസ്ത്യാനികളെ പഠിപ്പിക്കുകയും, മാനവികതയുടെ അസ്തിത്വപരമായ ചോദ്യങ്ങൾക്ക് ക്രിസ്തീയ വീക്ഷണത്തിനു ശക്തമായ ഉത്തരങ്ങൾ ഉണ്ടെന്നു വാദിക്കുകയും ചെയ്തിരുന്നു.
(കടപ്പാട്)