കൃഷിനാശം; നഷ്ടപരിഹാരകുടിശ്ശിക 15 ദിവസത്തിനകം നല്‍കുമെന്ന് കൃഷിമന്ത്രി

സംസ്ഥാനത്ത് കനത്ത മഴയില്‍ 200 കോടിയിലധികം രൂപയുടെ കൃഷിനാശമുണ്ടായെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര കുടിശ്ശിക 15 ദിവസത്തിനകം നല്‍കുമെന്നും മന്ത്രി അറിയിച്ചു. കുടിശ്ശിക തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. നഷ്ടപരിഹാര കുടിശ്ശികയ്ക്കുള്ള പുതിയ അപേക്ഷകള്‍ 10 ദിവസത്തിനകം സമര്‍പ്പിക്കണം.

ഓണ്‍ലൈനായോ കൃഷിഭവനുകളില്‍ നേരിട്ടോ അപേക്ഷ നല്‍കാം. വരുംദിവസങ്ങളില്‍ കനത്ത മഴ തുടര്‍ന്നാല്‍ കൃഷിനാശം ഇനിയും കൂടിയേക്കാം. കര്‍ഷകര്‍ക്കുണ്ടായ നഷ്ടം ഗൗരവതരമായാണ് സര്‍ക്കാര്‍ കാണുന്നത്. കാര്‍ഷിക മേഖലയില്‍ നിന്ന് കര്‍ഷകര്‍ പിന്‍വലിയുന്ന സാഹചര്യത്തില്‍ അവരെ കൂടുതല്‍ കൃഷിയുമായി അടുപ്പിച്ചുനിര്‍ത്താനാണ് ശ്രമിക്കുന്നത്. അതിനുവേണ്ട എല്ലാ നടപടികളും സഹായങ്ങളും ചെയ്തുകൊടുക്കും. കാര്‍ഷിക മേഖലയിലുണ്ടായ നഷ്ടങ്ങള്‍ വലിയ വെല്ലുവിളിയാണ്. കാലാവസ്ഥാ വ്യതിയാനത്തെ കണക്കിലെടുത്തുകൊണ്ടുള്ള പദ്ധതികളാണ് കൃഷിവകുപ്പ് നിലവില്‍ ആലോചിക്കുന്നത്. നവംബര്‍ പത്തിനകം കുടിശ്ശിക സംബന്ധിച്ച കാര്യങ്ങള്‍ പൂര്‍ത്തിയാക്കും.

കുട്ടനാട്ടില്‍ ഇത്തവണ മഴയില്‍ വലിയ കൃഷിനാശമാണുണ്ടായത്. കുട്ടനാട്ടില്‍ മാത്രം 18 കോടി രൂപയുടെ കൃഷിനാശം ഉണ്ടായെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക കണക്ക്. പ്രത്യേക കാര്‍ഷിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്നും കാര്‍ഷിക നഷ്ടത്തിന്റെ കണക്കെടുപ്പ് ഉടന്‍ എടുക്കുമെന്നും മന്ത്രി അറിയിച്ചു.

RELATED STORIES