ഒമിക്രോൺ: അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ നീട്ടിയേക്കും

ഡൽഹി: അന്താരാഷ്ട്ര വിമാനസർവീസ് ഉപാധികളോടെ ഡിസംബർ 15-ന് പുനരാരംഭിക്കുമെന്ന് വെള്ളിയാഴ്ചയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിൽ കേന്ദ്രം പുനരാലോചന നടത്തുന്നത്. ഇതിനിടെ അന്താരാഷ്ട്ര വിമാനയാത്രക്കുള്ള മാർഗനിർദേശം ആരോഗ്യ മന്ത്രാലയം പുതുക്കി. 14 ദിവസത്തെ യാത്രാവിവരങ്ങളുടെ സത്യവാങ്മൂലം എയർ സുവിധ പോർട്ടലിൽ നൽകണം. 


യാത്രക്ക് 72 മണിക്കൂർ മുമ്പ് എടുത്ത ആർടിപിസിആർ റിപ്പോർട്ട് സമർപ്പിക്കണം. കോവിഡ് വ്യാപനമുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ സ്വന്തം ചിലവിൽ പരിശോധന നടത്തണം. കോവിഡ് പരിശോധനാഫലം വരാതെ പുറത്തുപോകാൻ പാടില്ല. നെഗറ്റീവായാലും ഏഴ് ദിവസം ക്വാറന്റീൻ നിർബന്ധം. പോസിറ്റീവായാൽ ജിനോം സ്വീകൻസിങ്ങും ഐസൊലേഷനും വേണം. ഡിസംബർ ഒന്ന് മുതൽ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരും.


ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളെ 'അറ്റ് റിസ്ക്' പട്ടികയിൽ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, ചൈന, ബോട്സ്വാന, യുകെ, ബ്രസീൽ, ഇസ്രായേൽ, ബംഗ്ലാദേശ്, മൗറീഷ്യസ്, ന്യൂസിലാൻഡ്, സിംബാബ്വെ, സിംഗപ്പൂർ, ഇസ്രായേൽ, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളെയാണ് 'അറ്റ് റിസ്ക്' പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരുമായി ബന്ധപ്പെട്ട തുടർനടപടികൾക്കു വേണ്ടിയാണിത്.

RELATED STORIES