നേഴ്സുമാരുടെ പരാതിയിൽ പൊലീസ് കേസെടുത്തു

കൊച്ചി: കേരളമെങ്ങും വ്യാപകമായി യുകെയിലേക്കുള്ള വിസ തട്ടിപ്പ്. യുകെയിലേക്കുള്ള വിസയുടെ ആദ്യ കടമ്പയായ ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കാനുള്ള ഒഇടി പരീക്ഷ പാസാകണം എന്ന കച്ചിത്തുരുമ്പിൽ പിടിച്ചാണ് തട്ടിപ്പുകാർ കോടികൾ കൊയ്യാൻ രംഗത്ത് വന്നിരിക്കുന്നത്.

ഇത്തരം കോഴ്‌സുകൾ പഠിപ്പിക്കുന്ന കടലാസ് സ്ഥാപനങ്ങളുടെ ഫേസ്‌ബുക്ക് പേജുകളിലും ഗ്രൂപ്പുകളിലും ഉള്ള പരസ്യ കുത്തൊഴുക്ക് ശ്രദ്ധിച്ചാൽ തന്നെ മനസിലാകും കേരളമെങ്ങും കൂണ് പോലെ മുളച്ചു പൊങ്ങിയിരിക്കുന്ന പരിശീലന സ്ഥാപനങ്ങളുടെ മറവിൽ നടക്കുന്ന തീവെട്ടിക്കൊള്ള. ഏറ്റവും ഒടുവിൽ പരിശീലന ക്ലാസിന്റെ പേരിൽ പരാതി വന്നിരിക്കുന്നത് തൊടുപുഴയിൽ നിന്നും കരുനാഗപ്പളിയിൽ നിന്നുമാണ്. രണ്ടു സ്ഥലത്തും പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

രണ്ടിടത്തും വഞ്ചനയ്ക്ക് ഇരയായത് നഴ്‌സുമാരാണ്. ഓരോ ഉദ്യോഗാർത്ഥിയിൽ നിന്നും 15 മുതൽ 20 ലക്ഷം വരെയാണ് തട്ടിപ്പുകാരുടെ കൈകളിൽ എത്തുക എന്നും പൊലീസ് പറയുന്നു. ഇടുക്കി, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനതപുരം ഭാഗത്തുള്ളവരാണ് കൂടുതലായും തട്ടിപ്പിൽ വീണിരിക്കുന്നത്.

ഗൾഫിൽ ജോലി ചെയ്യുന്നവരെയും തട്ടിപ്പിൽ കുരുക്കാൻ വ്യാജ സംഘത്തിന് കഴിഞ്ഞതായാണ് കേരളത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ ബന്ധുക്കളായ ഉദ്യോഗാർത്ഥികളെ കൃത്യ വിവരം നൽകി സഹായിക്കാൻ യുകെ മലയാളികൾ പലരും ശ്രമിക്കുന്നുണ്ടെങ്കിലും തട്ടിപ്പുകാരുടെ വാക്കുകൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

RELATED STORIES