"ദീര്‍ഘക്ഷമയുള്ള തോട്ടക്കാരന്‍" (റിനു മനോജ്)
Reporter: News Desk 19-Jan-20197,279

"എന്റെ തോമാച്ചാ താന്‍ ഇപ്പോഴും ഈ മാവ് കായിക്കാന്‍ കാത്തിരിക്കുകയാണോ? വെറുതെ സ്ഥലം മെനക്കെ ടുത്താതെ വെട്ടി കളയരുതോ? എത്ര നാളായി തന്‍റെ ഈ കാത്തിരിപ്പ്? മുറ്റത്തെ മാവിന്‍ ചില്ലകളിലേക്കു നോക്കിക്കൊണ്ട് പ്രതീക്ഷയോടെ നില്‍ക്കുന്ന തോമാച്ചനോട് വര്‍ഗ്ഗീയ് മുതലാളി ചോദിച്ചു. തന്‍റെ വീട്ടില്‍ വര്‍ഷങ്ങളായിട്ടുള്ള ജോലി ക്കാരനാണ് തോമാച്ചന്‍. ഫലവൃക്ഷങ്ങളുടെ ഒരു മനോഹരമായ തോട്ടമുണ്ട് വര്‍ഗ്ഗീസ് മുതലാളിക്ക്. അതിന്‍റെ സംരക്ഷണം തോമാച്ചന്‍റെ ചുമതലയാണ്.
"കായിച്ചു കിട്ടിയാല്‍ നല്ല ഇനം മാങ്ങയാണെന്നാ തൈ വാങ്ങിയപ്പോള്‍ നഴ്സറി ഉടമ പറഞ്ഞത് മുതലാളി". "അതിനിപ്പോള്‍ എത്ര വര്‍ഷങ്ങളായി കാത്തിരിക്കുന്നു തോമാച്ചാ. ഇനിയും കായിക്കുമൊ?"
"ഒരു വര്‍ഷം കൂടി നോക്കാം മുതലാളി."
അയല്‍വീട്ടിലെ ജോണിയും ഈ സംഭാഷണത്തില്‍ പങ്കുചേര്‍ന്നു, "വര്‍ഗ്ഗീസ് അങ്കിളെ, ഈ മാവ് കായിച്ചു കിട്ടാന്‍ വേണ്ടി തോമോച്ചേട്ടന്‍ എന്തു വിലയും കൊടുക്കുമെന്നാ തോന്നുന്നത്!".
"ശരിയാ ജോണി, തോമാച്ചന്‍റെ ക്ഷമയെ ഞാന്‍ സമ്മതിച്ചു കൊടുക്കുന്നു. എന്താണേലും ഒരു വര്‍ഷം കൂടി തോമാച്ചന്‍ പറഞ്ഞതു പോലെ നോക്കാം."
കൂട്ടുകാരുമായി നേരം ചിലവഴിച്ച ശേഷം ജോണി വീട്ടില്‍ എത്തിയപ്പോള്‍ സന്ധ്യയായിരുന്നു. അമ്മച്ചിയുടെ പ്രാര്‍ത്ഥനയുടെ ശബ്ദം കേള്‍ക്കാം.
"കര്‍ത്താവേ, എന്‍റെ ജോണി മോനെ പരിശുദ്ധാത്മ ശക്തിയാല്‍ നിറയ്ക്കണമെ. അവന്‍ കര്‍ത്താവില്‍ വസിച്ച് വളരെ ഫലം കായിക്കേണമേ". ജോണിക്കാകെ ദേഷ്യം തോന്നി. "ഓ ഈ അമ്മച്ചിക്കിതെന്തിന്‍റെ കുഴപ്പമാ? ഇനി ഞാന്‍ എന്തു ചെയ്യണമെന്നാ? സ്നാനപ്പെടണം എന്നു പറഞ്ഞു പറഞ്ഞ് ഞാന്‍ സ്നാനപ്പെട്ടു, എല്ലാ ആഴ്ചയും സഭാ യോഗത്തിന് സംബന്ധിക്കുന്നുണ്ട്, ചര്‍ച്ചിലുള്ളവര്‍ മാത്രമാണ് എന്‍റെ കൂട്ടുകാരില്‍ മിക്കവരും. ആരുമായും പ്രത്യേകിച്ചു പ്രശ്നത്തിനൊന്നും പോകുന്നില്ല. പിന്നെന്താ എനിക്കു കുറവ്? സ്വല്‍പം ദേഷ്യം, വാശി, ചെറിയ നിര്‍ബന്ധ ങ്ങള്‍ എന്നിങ്ങനെ നിസാരമായ കുറവുകള്‍ മാത്രമെ എനിക്കുള്ളു. അതൊക്കെ ആര്‍ക്കാ ഇല്ലാത്തത്? വേറെ വലിയ തെറ്റുകളൊന്നും ഞാന്‍ ചെയ്യുന്നില്ലല്ലോ."
ഒരിടത്ത് മാവ് കായിക്കുവാന്‍ തോമാച്ചന്‍ കാത്തിരിക്കുന്നു. മറ്റൊരിടത്ത് ജോണി ഫലം കായിക്കുവാന്‍ അമ്മച്ചി കാത്തിരിക്കുന്നു. ആണ്ടറുതി ആയതിനാല്‍ സഭയില്‍ ഉപവാസപ്രാര്‍ത്ഥന നടക്കുകയാണ്. ഉപവസിച്ചില്ലെങ്കിലും അമ്മ ച്ചിയുടെ നിര്‍ബന്ധത്തിനു വഴങ്ങി ജോണിയും പ്രാര്‍ത്ഥനയ്ക്കു പോയി. വചനം പങ്കു വയ്ക്കുവാന്‍ ദൈവദാസന്‍ എഴുന്നേറ്റു. യോഹന്നാന്‍റെ സുവിശേഷം പതിനഞ്ചാം അദ്ധ്യായത്തിന്‍റെ അഞ്ചാം വാക്യം മുതലാണ് ദൈവദാസന്‍ വായിച്ചത്, "ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ കൊമ്പുകളും ആകുന്നു; ഒരുത്തന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു എങ്കില്‍ അവന്‍ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങള്‍ക്കു ഒന്നും ചെയ്വാന്‍ കഴികയില്ല". തുടര്‍ന്ന് ദൈവദാസന്‍ എട്ടാം വാക്യം വായിച്ചു, "നിങ്ങള്‍ വളരെ ഫലം കായ്ക്കുന്നതിനാല്‍ എന്‍റെ പിതാവു മഹത്വപ്പെടുന്നു. അങ്ങനെ നിങ്ങള്‍ എന്‍റെ ശിഷ്യന്മാര്‍ ആകും. ഈ വചനം ജോണിയുടെ ഹൃദയത്തില്‍ സ്പര്‍ശിക്കുന്നതു പോലെ തോന്നി. അപ്പോള്‍ ഫലം കായ്ച്ചാല്‍ മാത്രമാണ് കര്‍ത്താവിന്‍റെ ശിഷ്യനാകാന്‍ കഴിയുന്നത്. പക്ഷേ എന്താണ് ഈ പറയുന്ന ഫലം?" ജോണിയുടെ സംശയത്തിനു ഉത്തരം എന്നവണ്ണം ദൈവദാസന്‍ ഗലാത്യ ലേഖനം അഞ്ചാം അദ്ധ്യാ യത്തിന്‍റെ 22-ും 23-ും വാക്യങ്ങള്‍ വായിക്കുവാന്‍ തുടങ്ങി. "ആത്മാവിന്‍റെ ഫലമോ; സ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം; ഈ വകയ്ക്കു വിരോധ മായി ഒരു ന്യായപ്രമാണവുമില്ല."
ജോണി തന്നെത്തന്നെ വിലയിരുത്തുവാന്‍ ശ്രമിച്ചു. സ്നേഹത്തിനൊന്നും തനിക്കു കുറവില്ല. പക്ഷേ ക്ഷമയുടെയും സൗമ്യതയുടെയും കാര്യത്തില്‍ സ്വല്‍പം സംശയം. ആരോടും അത്രയ്ക്കു പെട്ടെന്നു ക്ഷമി ക്കുന്ന പ്രകൃതമായിരുന്നില്ല ജോണിയുടേത്. ഇനി ക്ഷമിച്ചാല്‍ പോലും മനസ്സില്‍ ഈര്‍ഷ്യ അവശേഷിക്കാറു ള്ളതുപോലെ. സൗമ്യതയുടെ കാര്യത്തിലും താന്‍ അല്‍പം പിന്‍പിലാണ്. പലരോടും പലപ്പോഴും കയര്‍ത്തു സംസാരിച്ചിട്ടുള്ളതൊക്കെ ജോണിയുടെ മുമ്പില്‍ ഒരു ചിത്രം പോലെ തെളിഞ്ഞു വന്നു. എന്തായാലും തനിക്ക് ആരോടുമുള്ള വിശ്വസ്തതയ്ക്കു കോട്ടം സംഭവിച്ചിട്ടില്ല. പക്ഷേ ദൈവമുമ്പാകെ താന്‍ വിശ്വസ്ത നായിരുന്നുവോ??
~ഒരു ചടങ്ങുപോലെ മാത്രം ഉരുവിട്ട പ്രാര്‍ത്ഥനകളും സാക്ഷ്യം പറച്ചിലും. ആണ്ടറുതി പ്രാര്‍ത്ഥനയാ കുമ്പോള്‍ സഭയില്‍ എഴുന്നേറ്റ് നിന്ന് കൊണ്ട് എല്ലാവരും പറഞ്ഞു കേട്ടിട്ടുള്ളതു പോലെ താനു പറയും, " കഴിഞ്ഞ ഒരു വര്‍ഷക്കാലം ദൈവം എനിക്കു നല്ലവനും വിശ്വസ്തനുമായിരുന്നു".
"അതെ ജോണി, ദൈവം നിനക്കു കഴിഞ്ഞ ഒരു വര്‍ഷക്കാലം മാത്രമല്ല, അമ്മയുടെ ഉദരത്തില്‍ നീ ഉരുവായിരുന്ന അന്നു മുതല്‍ വിശ്വസ്തനായിരുന്നു. പക്ഷേ നീ ദൈവത്തോടു വിശ്വസ്തനായിരുന്നുവോ?"
ജോണിയുടെ മനഃസാക്ഷി വല്ലാതെ കുത്തുന്നതുപോലെ, സ്നാനപ്പെട്ടിട്ടു വര്‍ഷം അഞ്ചു കഴിഞ്ഞിരിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ അല്ലാതെ വേറൊരു ഭാഗവും. താന്‍ വേദപുസ്തകത്തില്‍ നിന്നും വായിക്കാറില്ല. രാവിലെ എഴുന്നേല്‍ക്കുമ്പോഴും രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്പും നേര്‍ച്ചപോലെ ഓരോ പ്രാര്‍ത്ഥനകള്‍. കൂട്ടു കാരുമായി ചിലവഴിക്കുവാന്‍ താന്‍ ഏതു തിരക്കിനിടയിലും സമയം കണ്ടെത്തും. പക്ഷേ പ്രാര്‍ത്ഥിക്കുവാനും വേദപുസ്തകം വായിക്കുവാനും ഉപവസിക്കുവാനും തനിക്കു സമയം ലഭിച്ചിരുന്നില്ല. അമ്മച്ചി എപ്പോഴും പറയും കാത്തിരുന്ന് പ്രാര്‍ത്ഥിച്ച് പരിശുദ്ധാത്മ ശക്തി പ്രാപിക്കണമെന്ന്. പക്ഷേ അതിന്‍റെ പ്രസക്തി താന്‍ മനസ്സിലാക്കിയിരുന്നില്ല. ആരോടെങ്കിലും സുവിശേഷം പറയുവാന്‍ ശ്രമിക്കണം എന്നൊരു ആഗ്രഹം പോലും തനിക്കു തോന്നിയിരുന്നില്ല. മറിച്ച് ദൈവനാമം ദുഷിപ്പിക്കുന്ന പലതും താന്‍ ചെയ്തിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ തനിക്ക് ഒരു ആത്മീയ വര്‍ദ്ധനവും ഉണ്ടായിട്ടില്ല. താനൊരു പാഴ്മരം പോലെയാണെന്നു ജോണി ക്കു തോന്നി.
"വെട്ടിക്കളക അതു നിലത്തെ നിഷ്ഫലമാക്കുന്നതു എന്തിനു?" എന്ന ശബ്ദം എത്രയോ തവണ മുഴങ്ങിക്കാണും.
"ഈ ആണ്ടും കൂടെ നില്‍ക്കട്ടെ. മേലാല്‍ കായിച്ചെങ്കിലോ......" എന്ന പ്രതീക്ഷയോടെ ദീര്‍ഘക്ഷമയുള്ള തോട്ടക്കാരന്‍ തനിക്കായി കാത്തിരിക്കുന്നു.
ഇനിയും ജോണിക്കു ആ സ്നേഹത്തിനു മുമ്പില്‍ വഴങ്ങാതിരിക്കാന്‍ കഴിയുകയില്ല. തന്‍റെ ജീവിതം മുഴുവനായി താന്‍ ദീര്‍ഘക്ഷമയുള്ള തോട്ടക്കാരനായ ദൈവത്തിന്‍റെ മുമ്പില്‍ സമര്‍പ്പിച്ചു. കര്‍ത്താവു സ്നേഹി ച്ചതുപോലെ തനിക്കും സ്നേഹിക്കണം. ഈര്‍ഷ്യ, വാശി, പക എന്നിവയെല്ലാം വെടിയണം. ദൈവമുമ്പാകെ വിശ്വസ്തതനായിരിക്കണം. ആത്മാര്‍ത്ഥതയോടെ പ്രാര്‍ത്ഥിക്കുവാനും വചനം വായിക്കുവാനും സമയം കണ്ടെത്തണം. ഒരു വ്യക്തിയോടെങ്കിലും സുവിശേഷം പറയുവാന്‍ ശ്രമിക്കണം. പുതുവര്‍ഷത്തില്‍ നല്ല ഫലം കായിക്കുന്ന ഒരു അനുഗ്രഹിക്കപ്പെട്ട വൃക്ഷമായി മാറുവാന്‍ ജോണിയുടെ ഹൃദയം വെമ്പല്‍ കൊണ്ടു.
ആ ദീര്‍ഘക്ഷമയുള്ള തോട്ടക്കാരനായ ദൈവം നമുക്കേവര്‍ക്കും വേണ്ടി കാത്തിരിക്കുന്നു. കഴിഞ്ഞ ആണ്ടിലെ നിഷ്ഫലമായ അവസ്ഥകളെ വെടിഞ്ഞ് പുതുവര്‍ഷത്തില്‍ നമുക്കും ദൈവത്തിന്‍റെ തോട്ടത്തില്‍ നല്ല ഫലം കായ്ക്കുന്ന വൃക്ഷങ്ങളായിത്തീരാം.