യുഎഇയിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ ചരിത്ര സന്ദർശനം

അബുദാബി: ക്രൈസ്തവ സഭയുടെ തലവൻ പോപ്പ് ഫ്രാൻസിസ് യുഎഇയിലെത്തി. ഞായറാഴ്ച രാത്രിയിലാണ് അദ്ദേഹം അബുദാബിയിലെ അൽ ബത്തീൻ വിമാനത്താവളത്തിൽ വന്നിറങ്ങിയത്. രാജകുടുംബം ഫ്രാൻസിസ് മാർപ്പാപ്പയെ വരവേറ്റു. യുഎഇ സഹിഷ്ണുതാ വർഷം ആഘോഷിക്കുന്നതോടനുബന്ധിച്ചാണ് മാർപ്പാപ്പയുടെ സന്ദർശനം. മൂന്ന് ദിവസമാണ് മാർപ്പാപ്പ യുഎഇയിൽ ചിലവഴിക്കുക. 

സഹിഷ്ണുതാ വർഷത്തിന്റെ ഭാഗമായി അബുദാബി എമിറേറ്റ്സ് പാലസ് ഹോട്ടലിൽ മാനവ സാഹോദര്യ സമ്മേളനം ആരംഭിച്ചു. അബുദാബി സായുധ സേനാ ഉപസൈന്യാധിപനായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണപ്രകാരമാണ് ഫ്രാൻസിസ് മാർപ്പാപ്പ യുഎഇയിൽ എത്തിയത്. 

ചൊവ്വാഴ്ച മാർപ്പാപ്പയുടെ കാർമ്മികത്വത്തിൽ ആരംഭിക്കുന്ന വിശുദ്ധ കുർബ്ബാനയിൽ ഒന്നേകാൽ ലക്ഷത്തോളം ആളുകൾ പങ്കെടുക്കും. 75 ക്രൈസ്തവ ദേവാലയങ്ങളും പത്ത് ലക്ഷത്തിലധികം വിശ്വാസികളും യുഎഇയിൽ ഉണ്ട്. 

പോപ്പിന്റെ സന്ദർശനത്തോടനുബന്ധിച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ദുബായ്, ഷാർജ എമിറേറ്റുകളിലെ സ്കൂളുകൾക്ക് യുഎഇ വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED STORIES