ഇവിടെ ഇത് തുടര്‍ക്കഥയാകുന്നുവോ?
സന്തോഷം പന്തളം

ഇന്നത്തെ ചുറ്റുപാടുകളിലേക്ക് നാം കണ്ണോടിച്ചു നോക്കുമ്പോള്‍ തുടര്‍ക്കഥയായി നടനമാടിക്കൊണ്ടി രിക്കുന്ന ചില സംഭവങ്ങളില്‍ എടുത്തുപറയത്തക്ക വിഷയങ്ങളില്‍ ഒരു വിഷയമായി മാറിയിരിക്കുന്നു ഇന്നത്തെ വിശ്വാസികളെന്ന് പറയുന്നവരുടെ ആത്മഹത്യ പ്രവര്‍ത്തികള്‍.

കഴിഞ്ഞ കാലഘട്ടങ്ങളില്‍ ആത്മഹത്യ എന്ന വിഷയത്തില്‍ വിശ്വാസികള്‍ ദൈവത്തില്‍ നൂറ് ശതമാനം ആശ്രയിച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് വരുന്ന ഈവിധ പ്രവര്‍ത്തികളെ മാറിനിന്ന് വീക്ഷിക്കുകയും അങ്ങനെ ചെയ്യുന്നവരെ നേര്‍പാതയിലേക്ക് നയിക്കുവാനുമായി ഉപവസിച്ച് പ്രാര്‍ത്ഥിച്ച് പരസ്യകവലകളില്‍ പ്രസംഗങ്ങള്‍ നടത്തി ജനത്തെ നല്ല ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുമായിരുന്നു.

ഇപ്പോഴിതാ ദൈവമക്കളെന്ന് അവകാശം പറയുന്നവരുടെ ഇടയില്‍ ഈ വിഷയം തുടര്‍ക്കഥയായി മാറിക്കൊണ്ടിരിക്കുന്നു. പണ്ട് കാലങ്ങളില്‍ ദൈവസഭയുടെ വ്യക്തികളെ മറ്റുളളവര്‍ തിരിച്ചറിയുന്നത് ജീവിത ശൈലിയിലും പരിശുദ്ധാത്മാവിന്‍റെ നിറവിലും വസ്ത്രധാരണയിലുമൊക്കെയായിരുന്നു. ഇങ്ങനെയുള്ളവരെ  കണ്ടാല്‍ സാക്ഷാല്‍ ദൈവത്തിന്‍റെ പൈതല്‍ എന്ന് വ്യക്തമായി ജനം വിളിച്ചുപറയുകയും ചെയ്യുമായിരുന്നു.  ഇപ്പോഴിതാ ദൈവസഭയ്ക്കകത്ത് ജഡീകതയുള്ള വ്യക്തികള്‍ കടന്നുകൂടി ദൈവസഭയെന്ന മഹല്‍പ്രസ്ഥാനത്തെ (Great Institution) തച്ചുടച്ചു കൊണ്ടിരിക്കുന്നു.

കുറച്ചുനാളുകള്‍ക്കുള്ളില്‍ നോക്കിയാല്‍ എടുത്തു പറയത്തക്ക നിലയിലുള്ള ആത്മഹത്യകള്‍ നമ്മുടെ  ചുറ്റുപാടുകളില്‍ വിശ്വാസികളില്‍ നടന്നിട്ടുണ്ട്. വ്യക്തമായ പേരുവിവരങ്ങള്‍ ഉള്‍പ്പെടുത്തുവാന്‍ ഇപ്പോള്‍   മുതിരുന്നില്ല....

പത്തനാപുരത്തിനടുത്തുള്ള സ്വഭവനത്തില്‍ ആത്മഹത്യ ചെയ്ത ഒരു സഭാശുശ്രൂഷകന്‍, അടൂരിന് തൊട്ടടുക്കലുള്ള സഭാഹാളിനകത്ത് തൂങ്ങിമരിച്ച സഭാശുശ്രൂഷകന്‍റെ ഭാര്യ, പന്തളത്തിനടുത്ത് സഭാശുശ്രൂഷയിലിരുന്ന സുവിശേഷകന്‍റെ ഭാര്യ പാര്‍പ്പിടത്തില്‍ തൂങ്ങിമരിച്ചത്, അടൂരിനടുത്ത് പെരിങ്ങനാട് സഭാഹാളിന്‍റെ ഗേറ്റില്‍ തൂങ്ങിമരിച്ചതായി കണ്ട വിശ്വാസി.... ഇങ്ങനെ പോകുന്നു നിരവധി സംഭവങ്ങള്‍. 

ആത്മീയരെന്ന് പറയുകയും, ആത്മീക ജീവിതത്തിനുടമകളായ മനുഷ്യരെക്കൊണ്ട് വിശ്വാസി സമൂഹം  പൊറുതിമുട്ടിയിരിക്കുന്നു. രണ്ടു കാലുള്ള മൃഗമായി മനുഷ്യര്‍ മാറിയിരിക്കുന്നതിനാല്‍ മാന്യമായി ജീവിക്കുന്ന  വ്യക്തികള്‍ക്കുപോലും തലയുയര്‍ത്തി ജീവിക്കാന്‍ കഴിയാത്ത നിലയില്‍ ഈ കാലഘട്ടം മാറിയിരിക്കുന്നു.  ഇവരെയൊക്കെ ഈ നിലയില്‍ കൊണ്ടെത്തിക്കാന്‍ ഒരു പരിധിവരെ ചരട് പിടിച്ചത് സഹപ്രവര്‍ത്തകരായ വിശ്വാസികള്‍ തന്നെയാണ് എന്നതില്‍ സംശയമില്ല.

പണ്ടുള്ളവര്‍ ചോദിച്ചിരുന്നത് നിങ്ങളുടെ സഭയില്‍ എത്ര വിശ്വാസികള്‍ (Believers) ഉണ്ട് എന്നായിരുന്നു. പക്ഷേ ഈ കാലഘട്ടത്തില്‍ ചോദിക്കുന്നത് നിങ്ങളുടെ സഭയില്‍ എത്ര മെമ്പേഴ്സ് (Members) ഉണ്ട് എന്നതാണ് (Parliament Members) പൊലെ. വിശ്വാസികള്‍ എന്ന് പറയുന്നവര്‍ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവരും സഹജീവികളോട് കരുണ കാണിക്കുന്നവരുമാണ്. മെമ്പേഴ്സ് എന്ന് പറയുന്നവര്‍  അനാത്മീയരും പരിശുദ്ധാത്മാവിന്‍റെ നിറവില്ലാത്തവരും ഈ ലോകത്തിന്‍റെ ജീവിതം നയിക്കുന്നവരുമാണ്. അനാത്മീയര്‍ (Pastors, Members) സഭയ്ക്കകത്ത് കടന്നുകൂടിയത് സഭയുടെ ശാപമായി മാറിയിട്ടുണ്ട്. അനാത്മീയര്‍ കമ്മറ്റിയുടെ മുന്‍പന്തിയില്‍ കടന്നുവന്ന് വ്യക്തികളെ വശത്താക്കി പക്ഷംപിടിച്ചു സഭയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നതിന്‍റെ ഒരു തെളിവാണ് ഇന്നത്തെ ഈവിധ  ആത്മഹത്യകള്‍.

ദൈവസഭയില്‍ അഭിഷേകം പ്രാപിച്ച് ദൈവത്തെ ഭയപ്പെട്ട് ജീവിക്കുന്ന വ്യക്തികളെ അനാത്മീയര്‍ ചവിട്ടിപുറത്താക്കുന്ന കാഴ്ചയാണ് മിക്ക ഇടങ്ങളിലും കാണാന്‍ കഴിയുന്നത്. സഭയില്‍ ഭിന്നതവരുത്തുന്ന വരെ വ്യക്തമായി മനസ്സിലാക്കി ദൈവവചനത്തിന്‍റെ അടിസ്ഥാനത്തില്‍ ഉപദേശിച്ച് നേരെ കൊണ്ടുവരണം.

  ഇനിയൊരു ആത്മഹത്യ നമ്മുടെ ഇടയില്‍ ഉണ്ടാകാന്‍ പാടില്ല. അതിനെതിരെ കൗണ്‍സലിംഗുകള്‍, സെമിനാറുകള്‍, വ്യക്തിഗത ബൈബിള്‍ പഠനങ്ങള്‍, പ്രാര്‍ത്ഥനകള്‍, കാത്തിരിപ്പ് യോഗങ്ങള്‍, ചെയിന്‍ പ്രയറുകള്‍, സന്ധ്യാ പ്രാര്‍ത്ഥനകള്‍, പ്രഭാതപ്രാര്‍ത്ഥനകള്‍, കോര്‍ണര്‍ മീറ്റിംഗുകള്‍, മുറ്റത്ത് കണ്‍വന്‍ഷനു കള്‍, പരസ്യയോഗങ്ങള്‍, ഭവനത്തില്‍ കൂടി വരവുകള്‍, വ്യക്തമായി കാര്യങ്ങള്‍ തുറന്ന് സംസാരിക്കാനുള്ള വേദികള്‍, ഇവയൊക്കെ സ്നേഹത്തിന്‍റെ ഭാഷയില്‍ ദൈവകൃപ നഷ്ടപ്പെടുത്താതെ നാം ചെയ്താല്‍ ഒരു പരിധി വരെ ആത്മഹത്യ പ്രവണതകളും തുടര്‍ക്കഥകളും നിറുത്തലാക്കാന്‍ കഴിയുമെന്ന് കരുതുന്നു.

RELATED STORIES