ക്രിസ്തുവിലുള്ളവര്‍ മിഷനറിമാര്‍
Author: ഷിബു മുള്ളംകാട്ടില്‍, (Adversary Bord Member of Landway News)Reporter: News Desk 09-Jun-2019
5,684

ഉത്തര ഭാരതത്തിലേക്കുള്ള മിഷന് യാത്രയിലാണ് പ്രഭാകര്‍ ചാച്ചയെപ്പറ്റി കേള്‍ക്കുന്നത്. ബാംഗ്ലൂരില്‍ നിന്നും പ്രക്ഷേപണം ചെയ്യുന്ന ഫീബാ റേഡിയോയില്കൂടിയാണ് ബീഹാര്‍ സ്വദേശിയായ പ്രഭാകര്‍ യേശു ക്രിസ്തുവിനെക്കുറിച്ച് ആദ്യമായി അറിഞ്ഞത്. തുടര്‍ച്ചയായി റേഡിയോ പ്രക്ഷേപണം ശ്രവിച്ച പ്രഭാകര്‍ ഒടുവില്‍ യേശുവിനെ സ്വന്തരക്ഷിതാവായി സ്വീകരിച്ചു. തന്റെ ജീവിതത്തിലെ വലിയ സന്തോഷം പങ്കിടുവന് ഒരു ക്രിസ്താനുയായിയെ അന്വേഷിച്ചെങ്കിലും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. തന്റെ ഗ്രാമത്തില്‍ മിഷനറിമാര്‍ എന്നല്ല ഒരു ക്രിസ്ത്യാനി പോലും ഉണ്ടായിരുന്നില്ല. ആവേശഭരിതനായ പ്രഭാകര്‍ ഗംഗാനദിയില്പ്പോയി സ്വയം സ്നാനമേറ്റു!! നീണ്ട 30 വര്‍ഷങ്ങള്‍ക്കുശേഷം ഒരു മലയാളി മിഷനറി അവിടെയെത്തി. ഗംഗാനദിയില്‍ പ്പോയി അദ്ദേഹത്തിന്റെ കൈക്കീഴില്‍ പ്രഭാകര്‍ സ്നാനമേറ്റു. ഈ വിസ്മയിപ്പിക്കുന്ന അനുഭവം നമുക്കൊരു ചോദ്യചിഹ്നവും വെല്ലുവിളിയുമാണ്. ഒരു സുവിശേഷകനായി പ്രഭാകര്‍ കാത്തിരുന്നത് മൂന്നു പതിറ്റാണ്ടുകള്‍! ഇതിന് കാരണക്കാര്‍ ആരാണ്? മറ്റാരുമല്ല; നാം തന്നെ!
കൊട്ടാരത്തില്‍ നിന്നും കുടിലിലേക്ക്
"ഒരൊറ്റ ജീവിതം, അത് വേഗം അവസാനിക്കും. യേശുവിനു വേണ്ടി ചെയ്തതു മാത്രം നിലനില്ക്കും" ഈ വാക്കുകള്‍ മൊഴിഞ്ഞത് ഒരു സാധാരണക്കാരന് ആയിരുന്നില്ല. ഇംഗ്ലണ്ടിലെ ഒരു ധനികകുടുംബത്തിലെ അംഗം. പ്രശസ്ത കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ബിരുദധാരി. സര്‍വ്വോപരി ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീമിലെ മിന്നും താരം. ആ വലിയ മനുഷ്യനാണ് ചാള്‍സ് തോമസ് സ്റ്റഡ് (സി.റ്റി.സ്റ്റഡ്). നൂറ് മുറികളുള്ള വലിയ കൊട്ടാരത്തില്‍ ജനിച്ച സി.റ്റി.സ്റ്റഡ് തന്റെ ദൗത്യം പൂര്‍ത്തീകരിച്ച് യാത്രയാകുമ്പോള്‍ ആഫ്രിക്കയിലെ മണ്കുടിലില് ആയിരുന്നു.
സി.റ്റി.സ്റ്റഡ് പഠിച്ചതും, പഠിപ്പിച്ചതും, മാതൃകയാക്കിയതും താഴെപ്പറയുന്ന തിരുവചനങ്ങളായിരുന്നു. "എന്നെ അനുഗമിപ്പാന്‍ ഒരുത്തന് ഇച്ഛിച്ചാല്‍ അവന് തന്നെ ഞാന്‍ നിഷേധിച്ചു നാള്‍തോറും തന്റെ ക്രൂശ് എടുത്തും കൊണ്ട് എന്നെ അനുഗമിക്കട്ടെ"(ലൂക്കോസ് 9:23). അങ്ങനെതന്നെ നിങ്ങളില്‍ ആരെങ്കിലും തനിക്കുള്ളതൊക്കെയും വിട്ടുപിരിയുന്നില്ല എങ്കില്‍ അവന് എന്റെ ശിഷ്യനായിരിപ്പാന്‍ കഴികയില്ല" (ലൂക്കോസ് 14:33). എങ്കിലും എനിക്ക് ലാഭമായിരുന്നതൊക്കെയും ഞാന്‍ ക്രിസ്തു നിമിത്തം ചേതം എന്ന് എണ്ണിയിരിക്കുന്നു"(ഫിലിപ്പിയര്‍ 3:7).
ചെരിപ്പുകച്ചവടക്കാരനെ പാദുകമാക്കി
വിദ്യാഹീനനും സാധാരണക്കാരനുമായ ഒരു ചെരിപ്പുകച്ചവടക്കാരനെ ദൈവം ഉപയോഗിച്ചപ്പോള്‍ ലോക പ്രശസ്തനായ മിഷനറി ഡി.എല്‍.മൂഡിയായി മാറ്റപ്പെട്ടു. ഏറ്റവും കുറഞ്ഞത് ഇരുപത് ലക്ഷം പേരെ യെങ്കിലും രക്ഷകനെ കണ്ടെത്തുവാന്‍ മൂഡിയെ ദൈവം ഉപകരണമാക്കി. അതായത് ഒരു ദിവസം ശരാശരി 140 പേരെയാണ് മൂഡി സത്യപാതയിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിലെ ഒരു പ്രാര്‍ത്ഥനായോഗത്തില്‍ വെച്ച് ഒരു സാധാരണ സുവിശേഷകന് പ്രസ്ഥാവിച്ച വാക്കുകള്‍ മൂഡി ഏറ്റെടുക്കുകയായിരുന്നു. "ദൈവത്തിന്റെ കരങ്ങളില്‍ പൂര്‍ണ്ണമായി ഏല്പിച്ചു കൊടുക്കുന്ന ഒരു മനുഷ്യനെ കൊണ്ട് ദൈവം എന്തു ചെയ്യിക്കുമെന്ന് ലോകം ഇനിയും കാണാനിരിക്കുന്നതേയുള്ളു". ഈ ശബ്ദം കേട്ട മൂഡി ദൈവകരങ്ങളില്‍ സമര്‍പ്പിച്ച് ഇങ്ങനെ പ്രാര്‍ത്ഥിച്ചു "ദൈവമേ, ആ ഒരു മനുഷ്യന് ഞാനായിരിക്കട്ടെ".
ഒരു ചെരപ്പു കച്ചവടക്കാരന് നിരവധി ലോകരാജ്യങ്ങളില്‍ ദൈവകരങ്ങളില്‍ പ്രയോജനപ്പെട്ടതിന്റെ രഹസ്യം ചോദിച്ചാല്‍ ഡി.എല്‍.മൂഡി പരസ്യമായി പറയും "ജ്ഞാനികളെ ലജ്ജിപ്പിപ്പാന്‍ ദൈവം ലോകത്തില്‍ ഭോഷത്തമായതു തിരഞ്ഞെടുത്തു. ബലമുള്ളതിനെ ലജ്ജിപ്പിപ്പാന്‍ ദൈവം ലോകത്തില്‍ ബലഹീനമായതു തിരഞ്ഞെടുത്തു" (1 കൊരിന്ത്യര്‍ 1:27).
മൊബൈല്‍ ഫോണും, ഇന്റര്‍നെറ്റും, ഡിഷ് ടി.വി.യും ഭാരതത്തിലെ മിക്കവാറും ഗ്രാമങ്ങളിലും എത്തികഴിഞ്ഞു. പക്ഷേ പ്രഭാകര്‍ ചാച്ചയെപ്പോലെ ഒരു ക്രിസ്തു ശിഷ്യനെ കണ്ടുമുട്ടുവാന്‍ കൊതിക്കുന്നവര്‍ അസംഖ്യമാണ്. നമ്മുടെ വിശാലമായ ദൗത്യത്തിന്റെ പ്രസക്തി ഇവിടെ വര്‍ദ്ധിക്കുകയാണ്. നമ്മുടെ സ്വയത്തെ ഇല്ലാതാക്കി ക്രൂശ് എടുത്തുകൊണ്ട് ക്രിസ്തുവിനെ അനുഗമിക്കുവാന്‍ സി.റ്റി.സ്റ്റഡ് മുന്നിറിയിപ്പ് നല്കുന്നു. സമ്പൂര്‍ണ്ണമായ സമര്‍പ്പണം ഉണ്ടെങ്കില്‍ നാം ദൈവകരങ്ങളില്‍ ഉപയോഗിക്കപ്പെടുവാന് മറ്റൊരു യോഗ്യതയും ആവശ്യമില്ലെന്ന് ഡി.എന്‍.മൂഡിയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു.
ജോണ്‍ വെസസസിയുടെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. "ലോകത്തിലുള്ള മനുഷ്യരെ രണ്ടായി തിരിക്കാം. ക്രിസ്തുവിലുള്ളവര്‍, ക്രിസ്തു ഇല്ലാത്തവര്‍. ക്രിസ്തുവിലുള്ളവര്‍ മിഷണറിമാരാണ്. ക്രിസ്തു ഇല്ലാത്തവര്‍ മിഷന് ഫീല്‍ഡുകളാണ്". അങ്ങനെയെങ്കില്‍ നാം എല്ലാവരും മിഷണറിമാരാണ് എന്ന ഉള്‍ക്കാഴ്ച നമുക്ക് ദിശാബോധം നല്കട്ടെ.