ഉത്തമമായ ദുഃഖം
Author: ബീനാ തോമസ്, ചിങ്ങവനം.Reporter: News Desk 03-Aug-2019
7,596

ഉത്തമമായ ദുഃഖം എന്ന പദപ്രയോഗം നാം കേട്ടിരിക്കും .അപ്രകാരമുള്ള ഒരു ദുഃഖമുണ്ടോ എന്നു ഒരു പക്ഷെ നാം അത്ഭുതപ്പെട്ടേക്കാം. എന്നാൽ ഉത്തരം "അതെ, എന്നാണ് .നാം സേനഹിക്കുന്ന ഒരാളുടെ മരണത്തിലോ, ഭയങ്കരമായ നിരാശയിലോ, പല നഷ്ടങ്ങൾ ഉണ്ടാകുമ്പോഴോ നമ്മിലുളവാകുന്ന ആരോഗ്യകരവും സാധാരണവുമായ പ്രതികരണമാണ് ദു:ഖം എന്നത് .അബ്രഹാമിന്റെ അനുഭവം ഉത്തമ ദു:ഖത്തിന്റെ ഒരു ഉദാഹരണമാണ്. സാറാ മരിച്ചപ്പോൾ താൻ സ്നേഹിച്ച അവൾക്കു വേണ്ടി, അബ്രഹാം കരഞ്ഞു. അതിനു ശേഷം ദൈവ വാഗ്ദത്തിലുള്ള വിശ്വാസത്തിന്റെ പ്രവർത്തനമെന്ന നിലയിൽ പൂർവ്വികരുടെ നാട്ടിലേക്കു സാറയുടെ ശരീരം കൊണ്ടു പോകുന്നതിനു പകരം ശവമടക്കന്നതിനു ഒരു സ്ഥലം അവൻ വാങ്ങി.കല്ലറയിൽ അവളുടെ ശരീരം വെച്ചതിനു ശേഷം അവൻ അവന്റെ ഇതര ചുമതലകൾ നിർവ്വഹിക്കുവാൻ പോയി.
പ്രീയരെ ദു:ഖം സ്വാഭാവികവും ആരോഗ്യകരവുമായതിനാൽ അതേ സംബന്ധിച്ചു നാം കുറ്റബോധമുള്ളവരാകേണ്ട ആവശ്യമില്ല. പ്രിയപ്പെട്ടവരുടെ വേർപാടിങ്കൽ ചില നല്ല യാളുകൾ പറയാറുണ്ട് ഒന്നും വിഷമിക്കേണ്ട നിന്റെ പ്രിയപ്പെട്ടയാൾ സ്വർഗ്ഗത്തിൽ സുഖമനുഭവിക്കുകയാണ്.ഇത് വളരെ വാസ്തവമായിരിക്കാം. എങ്കിലും നമുക്കുണ്ടായ നഷ്ടത്തെക്കുറിച്ച് നമുക്ക് വളരെ പ്രയാസം തോന്നുമായിരിക്കും.
അതേ കുറിച്ചു ദു:ഖിക്കുന്നതിൽ തെറ്റില്ല എന്നാൽ ദൈവമക്കളെന്ന നിലയിൽ ദു:ഖം നിയന്ത്രണ വിധേയമാക്കുവാൻ നമുക്കു സാധിക്കും. അതു സാധിക്കുന്നത് നാം എത്രമാത്രം പ്രയാസമനുഭവിക്കുന്നുവെന്നു കർത്താവിനോടു പറയുന്നതിൽ കൂടിയും, അവന്റെ സഹായം അപേക്ഷിച്ചും കൊണ്ടു് ജീവിക്കുന്നവരുടെ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ചുമതലകൾ ഏറ്റെടുക്കുന്നതിലും കൂടെയാണ്. വേദനാജനകമായ ഓർമ്മകൾ ഇടയ്ക്കിടയ്ക്കു ഉണ്ടായെന്നു വരാം." ജീവിതം ആവശ്യപ്പെടുന്ന കാര്യങ്ങളിൽ നിന്നു പിന്തിരിയുവാൻ ചിലപ്പോൾ പ്രേരിപ്പിക്കപ്പെട്ടു എന്നു വരാം. അങ്ങനെയുള്ള അവസരങ്ങളിൽ ദൈവം നമ്മെ ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി ഇവിടെ ശേഷിപ്പിച്ചിരിക്കുന്നു എന്നു നാം ഓർക്കേണ്ടതാണ്.അതായത് അവനെ ആരാധിക്കുന്നതിനും ,സേവിക്കുന്നതിനും, മറ്റുള്ളവരെ സഹായിക്കുന്നതിനുമായി ദൈവസഹായത്താൽ നമ്മുടെ ദു:ഖം ഉത്തമ ദു:ഖം ആക്കിത്തീർക്കുവാൻ സാധിക്കുന്നതാണു്. പ്രീയരെ നമ്മുടെ കണ്ണുകൾക്കു കണ്ണിരില്ലെങ്കിൽ നമ്മുടെ ആത്മാവിനു മഴവില്ലു ലഭിക്കുവാൻ ഇടയാകുകയില്ല.