മോദി അനുകൂല പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി വി മുരളീധരനെ കൂവി വിദ്യാര്‍ഥികള്‍

കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലായിരുന്നു സംഭവം. മോദി അനുകൂല പ്രസംഗത്തിനെതിരെയായിരുന്നു വിദ്യാര്‍ഥികള്‍ മന്ത്രിയെ കൂവിയത്. സര്‍വകലാശാലയിലെ ആറാമത് ബിരുദദാന ചടങ്ങിനെത്തിയതായിരുന്നു മുരളീധരന്‍.


പിഎച്ച്ഡി നേടിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രസംഗം. പ്രധാനമന്ത്രിക്ക് രാജ്യത്തെ വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും കാര്യത്തില്‍ പ്രത്യേക താത്പര്യം ഉണ്ടെന്ന് പറഞ്ഞപ്പോഴായിരുന്നു വിദ്യാര്‍ഥികള്‍ കൂവാന്‍ തുടങ്ങിയത്. ഇതിന്റെ ഭാഗമായി പരീക്ഷാ പേ ചര്‍ച്ച, മന്‍ കി ബാത്ത് എന്നിവയിലൂടെ നിരന്തരമായി വിദ്യാര്‍ഥികളുമായി അദ്ദേഹം സംവദിക്കുന്നുണ്ട്. യുവാക്കള്‍ക്ക് വെല്ലുവിളികള്‍ നേരിടാന്‍ പ്രധാനമന്ത്രി ധൈര്യം പകരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

ബിരുദദാന ചടങ്ങില്‍ ബി.ജെ.പി സര്‍ക്കാരിനെയും മോദിയേയും പുകഴ്ത്താനാണ് കേന്ദ്രമന്ത്രി കൂടുതല്‍ സമയം ചെലവഴിച്ചത്. ചടങ്ങില്‍ ബി.ജെ.പി രാഷ്ട്രീയം ചര്‍ച്ചയാക്കാനായിരുന്നു ശ്രമം. സര്‍വകലാശാലയില്‍
ബിരുദദാനസമ്മേളനം കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാസ് സര്‍ക്കാരാണ് ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ മന്ത്രിമാരേയും എംപി, എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളെയും ചടങ്ങിന് ക്ഷണിച്ചിരുന്നില്ല.

സര്‍വകലാശാല പരിപാടി ബി.ജെ.പി മേളയാക്കിയതില്‍ നിലവില്‍ ക്യാമ്പസില്‍ വലിയ പ്രതിഷേധമുണ്ട്. അതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രസംഗത്തിന് കൂക്കിവിളിയും കിട്ടിയത്.

RELATED STORIES