ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍
Reporter: News Desk 17-May-2025154

വടശ്ശേരിക്കര പേങ്ങാട്ടുപീടികയില്‍ പരേതനായ അലക്സാണ്ടറുടെ മകന്‍ ജോബി (38)യെ ആണ് പിതാവിന്റെ സഹോദരിയുടെ മകനായ വടശേരിക്കര പള്ളിക്കമുരുപ്പ് പേങ്ങാട്ടുപീടികയില്‍ റെജിയുടെ വീടിന്റെ ഹാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റാന്നി പുതുശേരിമല ആഞ്ഞിലിപ്പാറ വീട്ടില്‍ വിശാഖ് (29), ജോബിയുടെ പിതാവിന്റെ സഹോദരിയുടെ മകന്‍ കൂടിയായ റെജി എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ ആണ്...
വ്യാഴാഴ്ച വൈകിട്ട് അഞ്ചരയ്ക്കും ആറിനും ഇടയിലാണ് സംഭവം. റെജിയും ജോബിയും കുറേ ദിവസമായി ഈ വീടു കേന്ദ്രീകരിച്ച് മദ്യപാനം നടത്തി വരികയായിരുന്നു. വ്യാഴാഴ്ച ഇരുവരും ഒരു മരണ വീട്ടില്‍ പോയിട്ട് വന്നതിന് ശേഷം മദ്യപിച്ചു. മദ്യം തലയ്ക്ക് പിടിച്ചപ്പോള്‍ സ്വത്തിനെ സംബന്ധിച്ച് ചര്‍ച്ചയും തര്‍ക്കവുമായി. തര്‍ക്കം മൂത്തപ്പോള്‍ റെജി പരിചയക്കാരനായ വിശാഖിനെ വിളിച്ചു വരുത്തുകയായിരുന്നു. പ്രശ്നത്തില്‍ ഇടപെട്ട വിശാഖ് ജോബിയുടെ കൈയില്‍ കത്തി കൊണ്ട് കുത്തി. കൈയ്ക്ക് ആഴത്തില്‍ മുറിവേറ്റു. ഇതിന് ശേഷം കത്തി വലിച്ചെറിഞ്ഞ് കളഞ്ഞ് വിശാഖ് സ്ഥലം വിടുകയായിരുന്നു.
ജോബിയ്ക്ക് മുറിവേറ്റതും ചോര വാര്‍ന്നതും കണ്ടിട്ടും റെജി ആശുപത്രിയില്‍ എത്തിക്കുകയോ വിവരം വീട്ടുകാരെ അറിയിക്കുകയോ ചെയ്തില്ല. മദ്യലഹരിയില്‍ റെജി കിടന്ന് ഉറങ്ങി. ഇതിനിടെ അബോധാവസ്ഥയിലായ ജോബി ചോര വാര്‍ന്നു മരിക്കുകയായിരുന്നു. ഇന്നലെ തന്നെ റെജിയെയും വിശാഖിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഇന്നലെ രാവിലെ റെജി തന്നെയാണ് പഞ്ചായത്തംഗം ശ്രീജയെ വിളിച്ച് ജോബി മരിച്ചു കിടക്കുന്ന വിവരം അറിയിച്ചത്. തലയ്ക്ക് പിന്നിലും ഒരു മുറിവുണ്ട്. കടകളില്‍ സെയില്‍സ് നടത്തുന്ന വാനിന്റെ ഡ്രൈവറാണ് ജോബി. ഞായറാഴ്ച വീട്ടില്‍ നിന്ന് പോയതാണെന്ന് മാതാവ് ആലീസും ഭാര്യ അന്‍സുവും പറഞ്ഞു. വ്യാഴാഴ്ച റെജിയെയും കൂട്ടി ഒരു മരണവീട്ടില്‍ പോയി മടങ്ങിയിരുന്നു. വേറെ ചിലരും ഒപ്പമുണ്ടായിരുന്നുവെന്നും ആലീസ് പറഞ്ഞു. താന്‍ ഫോണ്‍ വിളിച്ചപ്പോള്‍ ജോബി മദ്യലഹരിയിലായിരുന്നുവെന്ന് അന്‍സു പറഞ്ഞു.
ഏറെ നാളായി മദ്യപാനം ഉണ്ടായിരുന്നില്ല. റെജി ഒറ്റയ്ക്കാണ് വീട്ടില്‍ താമസിക്കുന്നത്. ഒരു വാഹനാപകടത്തില്‍ റെജിയുടെ കാല്‍ മുറിച്ചു മാറ്റിയതാണ്. സുഹൃത്തുക്കള്‍ ചേര്‍ന്ന് വ്യാഴാഴ്ച മദ്യപിച്ചിരുന്നു. ഞായറാഴ്ച വഴക്കുണ്ടാക്കി വീട്ടില്‍ നിന്നും ഇറങ്ങി പോയതാണ് ജോബിയെന്ന് ഭാര്യ പറഞ്ഞു. ആരുമായും നിലവില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അന്‍സു പറഞ്ഞു. രണ്ടുമക്കളാണ് ജോബിക്കുള്ളത്.