കൊച്ചി ബ്രഹ്‌മപുരം മാലിന്യപ്ലാന്റിന് തീ പിടിച്ചതിന് കാരണം അമിതമായ ചൂടെന്ന് അന്വേഷണ റിപ്പോര്‍ട്ടുമായി പോലീസ്

മാലിന്യത്തിന്റെ അടിത്തട്ടില്‍ ഉയര്‍ന്ന താപനില ഇപ്പോഴും തുടരുന്നുണ്ട്. ഇനിയും തീപിടുത്തിന് സാധ്യതയുണ്ടെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മാലിന്യ പ്ലാന്റിന് ആരെങ്കിലും തീവെച്ചതാണോ എന്നതിന് തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ സെക്ടര്‍ ഒന്നിലെ സിസിടിവിയില്‍ തീ കത്തിത്തുടങ്ങുന്നതിന്റെ ദൃശ്യങ്ങളില്ല. സെക്ടര്‍ ഒന്നിലെ സിസിടിവി മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ സിസിടിവി ഫോക്കസ് ചെയ്തിരുന്ന പ്രദേശത്തായിരുന്നില്ല തീപിടിച്ചത്. അതിനാല്‍ തീപിടിച്ചു തുടങ്ങുന്നതിന്റെ ദൃശ്യങ്ങളില്ല എന്നാണ് അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.അതുകൊണ്ടുതന്നെ പ്ലാന്റിലെ തീ പിടിത്തം അട്ടിമറിയാണോ എന്ന ചോദ്യവും റിപ്പോര്‍ട്ടില്‍ തള്ളിക്കളയുന്നില്ല. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ഡിജിപി വഴി ചീഫ് സെക്രട്ടറിക്ക് കൈമാറി കഴിഞ്ഞു.

തീ പിടിത്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടോ എന്ന് കണ്ടെത്താനുള്ള വിശദമായ അന്വേഷണം പുരോഗമിക്കുന്നതായും തീപിടിത്തത്തെ കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കണമെങ്കില്‍ ഉപഗ്രഹദൃശ്യങ്ങള്‍ കൂടി ലഭിക്കേണ്ടതുണ്ട്. ഇതിനുള്ള മാര്‍ഗങ്ങള്‍ തേടിയിട്ടുണ്ട്. കനത്തചൂട് ഒരുപക്ഷേ തീപ്പിടിത്തത്തിന് കാരണമായിരിക്കാം എന്നാണ് സൂചന. സംഭവത്തില്‍ പ്ലാന്റിലെ ജീവനക്കാരുടെയും കരാര്‍ കമ്പനി ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തിരുന്നു. സിസിടിവി ക്യാമറകളും മൊബൈല്‍ ഫോണുകളും പരിശോധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

RELATED STORIES