വിമാനത്തില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യമൊരുക്കാന്‍ പദ്ധതിയിട്ട് ഖത്തര്‍ എയര്‍വേസ്
Reporter: News Desk 19-Oct-20233,247
ഇതിന്റെ ഭാഗമായി എലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കുമായി ഖത്തര്‍ എയര്‍വേസ് കരാര്‍ ഒപ്പിട്ടു. സെക്കന്‍ഡില്‍ 350 മെഗാ ബൈറ്റ് വരെ അതിവേഗ ഇന്റര്‍നെറ്റാണ് ലഭ്യമാക്കുക. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിലാണ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുക. ഇത് സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും.
ലോകത്തെ മുന്‍നിര എയര്‍ലൈന്‍ കമ്പനിയെന്ന നിലയില്‍ തങ്ങളുടെ യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റാര്‍ ലിങ്കുമായുള്ള കരാറെന്ന് ഖത്തര്‍ എയര്‍വേസ് അറിയിച്ചു. മസ്‌കിന്റെ സ്‌പേസ് എക്‌സിന് കീഴിലുള്ള സ്റ്റാര്‍ലിങ്കിന്റെ ഇന്റര്‍നെറ്റ് സേവനം ഉപയോഗപ്പെടുത്തുന്ന അഞ്ചാമത്തെ എയര്‍ലൈന്‍ കമ്പനിയാണ് ഖത്തര്‍ എയര്‍വേസ്.
അതേസമയം ലോകം കാത്തിരുന്ന പ്രഖ്യാപനവുമായി മസ്‌കിന്റെ സ്‌പേയ്‌സ് എക്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ലിങ്ക് എത്തിയിട്ടുണ്ട്. സ്‌പെയ്‌സ് എക്‌സ് അതി നൂതന ഇനോഡ്ബി (eNodeB) മോഡം സാറ്റ്‌ലൈറ്റുകളില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് കമ്പനിയുടെ പുതിയ വെബ്‌സൈറ്റ് പറയുന്നത്. ‘ആകാശത്ത് ഒരു സെല്‍ ഫോണ്‍ ടവര്‍’ എന്ന ആശയം വരും വര്‍ഷങ്ങളില്‍ തന്നെ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് കമ്പനി പുതിയ വെബ്‌സൈറ്റിലൂടെ direct.starlink.com പങ്കുവയ്ക്കുന്നത്.
വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം 2024ല്‍ ടെക്സ്റ്റ് അയക്കാനുള്ള സംവിധാനം സാധ്യമാക്കുമെന്നാണ് പറയുന്നത്. 2025ല്‍ തന്നെ വോയിസ് കോളുകള്‍, ഡാറ്റാ, എല്‍ഓടി സംവിധാനവും തയ്യാറാകുമെന്ന് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ടെലികോം നെറ്റ്വര്‍ക്കായ ടിമൊബൈലുമായി സഹകരിച്ചാണ് ഇത്തരത്തിലൊരു ഉദ്യമം നടത്താന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് സ്‌പെയ്‌സ് എക്‌സ് നേരത്തെ പറഞ്ഞിരുന്നു.