കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പിനിരയായ സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു

കരുവന്നൂര്‍ സ്വദേശി ഫിലോമിനയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ചികിത്സക്കായി നിരവധി തവണ പണം ആവശ്യപ്പെട്ടിട്ടും ഒരു രൂപ പോലും ലഭിച്ചില്ലെന്ന് ഫിലോമിനയുടെ ബന്ധുക്കള്‍ പറയുന്നു.


30
ലക്ഷം രൂപയാണ് ഫിലോമിന കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്. നിക്ഷേപിച്ച പണം തിരികെ കിട്ടിയിരുന്നെങ്കില്‍ മികച്ച ചികിത്സ നല്‍കുമായിരുന്നുവെന്ന് മരിച്ച ഫിലോമിനയുടെ ഭര്‍ത്താവ് ദേവസി പ്രതികരിച്ചു. പണം ചോദിക്കുമ്പോള്‍ ബാങ്കിലെ ജീവനക്കാര്‍ മോശമായി പെരുമാറിയെന്നും ദേവസി ആരോപിച്ചു. കിട്ടുമ്പോള്‍ തരാം എന്നായിരുന്നു ബാങ്ക് ജീവനക്കാര്‍ പറഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2021
ജൂലൈ 14 ലാണ് കരുവന്നൂരില്‍നിന്ന് ഞെട്ടിക്കുന്ന തട്ടിപ്പ് വാര്‍ത്ത പുറത്തുവന്നത്. പതിനൊന്നായിരത്തോളം പേരുടെ 312 കോടി രൂപയുടെ നിക്ഷേപമാണ് ഭരണ സമിതിയിലെ ചിലരും, ഉദ്യോഗസ്ഥരും ചേര്‍ന്ന് തട്ടിയെടുത്തത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിന്റെ കുറ്റപത്രം ഒരു വര്‍ഷമായിട്ടും സമര്‍പ്പിച്ചിട്ടില്ല.

RELATED STORIES