നിരത്തുകളിൽ വൈദ്യുതി വാഹനങ്ങൾ കൂടിയതോടെ ചാർജിംഗ് സ്റ്റേഷൻ വഴി കെ എസ് ഇ ബിക്ക് കോടികളുടെ വരുമാനം

2021 -22ൽ ചാർജിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള വരുമാനം 6.46 ലക്ഷം രൂപയായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇത് 206 കോടിയായി ഉയർന്നതായാണ് കണക്കുകൾ.

സംസ്ഥാനത്ത് 1,169 സ്റ്റേഷനുകളിൽ നിന്നായി ഈ വർഷം ജൂൺ 25 വരെ 75.74 ലക്ഷം രൂപ കെ എസ് ഇ ബിക്ക് ലഭിച്ചു. എന്നാൽ, ഇന്ധനവില കുതിച്ചുയരാൻ തുടങ്ങിയതോടെ വൈദ്യുതി വാഹനങ്ങളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായി. 2020ൽ 1,364 ഇലക്ട്രിക് വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 2021ൽ ഇത് 8,736 ആയും 2022ൽ 39,615 ആയും 2023ൽ 75,797 ആയും ഉയർന്നു. നിലവിൽ 1.6 ലക്ഷം വാഹനങ്ങൾ നിരത്തുകളിൽ ഓടുന്നുണ്ടെന്നാണ് മോട്ടോർവാഹന വകുപ്പ് അധികൃതർ പറയുന്നത്.
വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് കെ എസ് ഇ ബിക്കു കീഴിൽ 63 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളും 1,169 ചാർജിംഗ് യൂനിറ്റുകളുമാണുള്ളത്. വൈദ്യുതി കാലുകളിലായി സ്ഥാപിച്ചിട്ടുള്ള ചാർജിംഗ് യൂനിറ്റുകൾ പ്രധാനമായും ഇരുചക്രവാഹനങ്ങളെയും ഓട്ടോകളെയും ലക്ഷ്യമിട്ടുള്ളവയാണ്.
ഫാസ്റ്റ്് ചാർജിംഗ് സ്റ്റേഷനുകളിൽ യൂനിറ്റിന് 13 രൂപയും ചരക്കുസേവന നികുതി 18 ശതമാനവുമാണ് ഈടാക്കുന്നത്. ചാർജിംഗ് യൂനിറ്റുകളിൽ ഒന്പത് രൂപയും 18 ശതമാനം ജി എസ് ടിയും നൽകണം.

തൃശൂരിൽ 11 ഉം, എറണാകുളത്ത് പത്തും കോഴിക്കോട്ട് എട്ടും തിരുവനന്തപുരം, പാലക്കാട്, കൊല്ലം അഞ്ച് വീതവും പത്തനംതിട്ട, ഇടുക്കി, കോട്ടയം, കണ്ണൂർ മൂന്ന് വീതവും കാസർകോട്, ആലപ്പുഴ ഒന്ന് വീതവുമാണ് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളുള്ളത്. ഇതിനു പുറമെ ഓരോ നിയമസഭാ മണ്ഡലത്തിലും അഞ്ച് വീതവും നഗരസഭ, കോർപറേഷൻ ഉൾപ്പെടുന്ന മണ്ഡലങ്ങളിൽ 15 വീതവുമായി 1,169 ചാർജിംഗ് യൂനിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. കെ എസ് ഇ ബിക്ക് പുറമെ 680 സ്വകാര്യ ചാർജിംഗ് യൂനിറ്റുകളും പ്രവർത്തിക്കുന്നു.

ചാർജിംഗ് സ്റ്റേഷനുകൾ വഴി വൈദ്യുതി വാഹനങ്ങളുടെ ബാറ്ററികൾ ചാർജ് ചെയ്യുന്നതിന് ലൈസൻസ് ആവശ്യമില്ല. വ്യക്തികൾക്കോ, സ്വകാര്യ സംരംഭകർക്കോ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ചാർജിംഗ് യൂനിറ്റുകൾ സ്ഥാപിക്കാമെന്നും അധികൃതർ വ്യക്തമാക്കി.

RELATED STORIES