വേലിക്കകത്ത് ശങ്കരൻ അച്ചുതാനന്ദൻ എന്ന വി.എസിന് വിട
Reporter: News Desk 21-Jul-202563

വേലിക്കകത്ത് ശങ്കരൻ അച്ചുതാനന്ദൻ എന്ന വാക്ക് വി എസ് എന്ന രണ്ടക്ഷരത്തിലേക്ക് ചുരുങ്ങി അലിഞ്ഞിറങ്ങിയത് മലയാളിയുടെ ഹൃദയത്തിൻ്റെ ആഴങ്ങളിലേക്കാണ്. ഒരു കാലത്തും വി എസിനെ ഇഷ്ടപ്പെടുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടേയില്ല. ജനകീയ പ്രശ്നങ്ങളിൽ അദ്ദേഹം സ്വീകരിച്ചിരുന്ന കണിശതയുള്ള നിലപാടുകൾ മലയാളി മനസിനെ അത്രയേറെ സ്വാധീനിച്ചിരുന്നു എന്നു വേണം കരുതാൻ. ആരുടേയും മുഖം നോക്കാതെ നേര് എന്ന് തനിക്കു തോന്നിയതിനെ നെറിയോടെ വിളിച്ചു പറഞ്ഞ മറ്റൊരു നേതാവ് ഉണ്ടോ എന്നതും സംശയമാണ്. ആ നിലപാടുകളിൽ ഉറച്ചു നിൽക്കുമ്പോൾ, എത്ര ഉന്നതൻ്റേയും മുഖം വി എസിന് മുന്നിൽ ഒരു വിഷയമേ ആയിരുന്നില്ല.
മതികെട്ടാനിലെ കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കടത്ത് എന്നിവ പൊതു ശ്രദ്ധയിൽ എത്തിച്ചത് വി എസ് ആണെന്ന് നിസംശയം പറയാം. 1980 – 92 എന്ന സുദീർഘമായ കാലയളവിൽ സി പി എം ൻ്റെ സംസ്ഥാന സെക്രട്ടറി എന്ന നിലയിലെ പ്രവർത്തനം എതിരാളികളുടെ പോലും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 1967, 1970 , 1991, 2001, 2011, 2016 വർഷങ്ങളിൽ നിയമസഭാംഗം കൂടിയായിരുന്നു സഖാവ് വി എസ്. 2006 മെയ് 18 ന് ഇരുപതാമത്തെ കേരള മുഖ്യമന്ത്രിയായി അദ്ദേഹം ചുമതലയേറ്റു. പാർട്ടിയുടെ പരമോന്നത പദവിയായ പോളിറ്റ് ബ്യൂറോ അംഗമായും അദ്ദേഹം ശ്രദ്ധേയമായ പ്രവർത്തനം നടത്തിയിരുന്നു. ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ ആയിരിക്കണം എന്നതിൻ്റെ പാഠ പുസ്തകം കൂടിയാണ് സഖാവ് വി എസ്.
1923 ഒക്ടോബർ 20 ന് പുന്നപ്രയിൽ ജനിച്ച വി എസ് പച്ചയായ പരുക്കൻ ജീവിത യാഥാർത്ഥ്യങ്ങളോട് പോരടിച്ചാണ് പടിപടിയായി ഉയർന്നത്. അച്ചുതാനന്ദന് നാലു വയസുള്ളപ്പോൾ അമ്മയേയും പതിനൊന്നാം വയസിൽ അച്ഛനേയും നഷ്ടപ്പെട്ടു. അതോടെ, ഏഴാം ക്ലാസിൽ അക്കാദമിക വിദ്യാഭ്യാസം അവസാനിച്ചു. പിന്നെ തുണിക്കടയിൽ, കയർഫാക്ടറിയിൽ ഒക്കെ ജോലി നോക്കി…. ജീവിതമായിരുന്നു പിന്നെ അച്ചുതാനന്ദനെ വിദ്യാസമ്പന്നനാക്കിയത്. ആ സമ്പത്തായിരുന്നു കാരിരുമ്പിൻ്റെ കരുത്ത് സഖാവിനു നൽകിയതും. ജീവിതത്തിൽ ഇത്രയേറെ വെല്ലുവിളികൾ നേരിട്ട നേതാവ് മറ്റാരുമുണ്ടാകില്ല. അമ്മക്കും അച്ഛനും രോഗബാധയുണ്ടായപ്പോൾ ഉള്ളുരുകി ആ ബാലൻ ദൈവത്തോട് പ്രാർത്ഥിച്ചു ; തന്നെ അനാഥനക്കരുതേയെന്ന്. പക്ഷേ, വിധി മറിച്ചായിരുന്നു. അതോടെ ദൈവത്തെ അവിടെ തന്നെ ഉപേക്ഷിച്ചു ഒറ്റയാനായി യാത്ര തുടങ്ങി അദ്ദേഹം. ഒരു കടുത്ത നിരീശ്വരവാദിയുടെ പിറവിയായിരുന്നു പിന്നീടുണ്ടായത്. 1940 ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വി എസ് അംഗമായി.
1946 ലെ പുന്നപ്ര – വയലാർ സമരത്തിൽ പ്രധാന പങ്കു വഹിച്ച വി എസിനു ഒളിവിൽ പോകേണ്ടി വന്നു. പൊലീസ് പിടിയിലായ വി എസ് ന് നേരിടേണ്ടി വന്നത് അതിഭീകരമായ മർദന മുറകളായിരുന്നു. ഒടുവിൽ ഉള്ളം കാലിൽ തോക്കിൻ്റെ ബയണറ്റ് കുത്തിയിറക്കി മറുപുറം വരെ തുളഞ്ഞിറങ്ങിയ ഇരുകാലുകളുമായി ബോധരഹിതനായ വി എസിനെ പൊലിസുകാർ പാലാ ആശുപത്രിയിൽ ഉപേക്ഷിച്ചിട്ടു പോയി.
വി എസിൻ്റെ പാർട്ടി പ്രവർത്തനം പൂവും മെത്തയും നിറഞ്ഞ പാതയിൽ ആയിരുന്നില്ല. പാർട്ടിയിൽ പല ഘട്ടങ്ങളിലും പോരാളിയുടെ വേഷം വി എസ് അണിഞ്ഞിട്ടുണ്ട്. മാരാരിക്കുളത്തെ നിയമസഭാ തോൽവി അദ്ദേഹത്തിൻ്റെ ജീവിതത്തിൽ മറക്കാനാകാത്ത അധ്യായമാണ്. 2016 ൽ ആവർത്തിക്കും എന്നു കരുതിയിരുന്ന അച്ചുതാനന്ദൻ ഭരണം കപ്പിനും ചുണ്ടിനുമിടയിലാണ് വഴുതിപ്പോയത്. ഇന്നും രാഷ്ട്രീയ കേരളം അത് ചർച്ച ചെയ്യുന്നുണ്ട് എന്നതും ശ്രദ്ധേയം. സത്യം എല്ലാവർക്കും അറിയുകയും ചെയ്യാം.
വി എസ് ഒന്നേയുള്ളു. ഇനിയില്ല വി എസ് എന്ന അത്ഭുത മനുഷ്യൻ. നിലപാടുകളിൽ നിന്നു അണുവിട മാറാത്ത, നീതിനിഷേധത്തിൽ പൊട്ടിത്തെറിച്ചിരുന്ന, ഏതു കുന്നും മലയും 18 ൻ്റെ ചുറു ചുറുക്കോടെ നടന്നു കയറിയ സഖാവ് വി എസ് ഇനി ഒരു വിപ്ലവ സ്മരണ മാത്രമാണ്. ‘കണ്ണേ കരളേ വി എസേ’ എന്ന വിളികേൾക്കാൻ ഇനി അങ്ങില്ല. മടങ്ങുക, ആയിരം പൂർണ്ണ ചന്ദ്രൻമാരെ കണ്ട നിറവോടെ. ആരും തുണയില്ലാതിരുന്ന പതിനായിരങ്ങൾക്ക് നാഥനായി ഒരു മഹാപ്രസ്ഥാനമായി മാറിയ അങ്ങേയ്ക്ക് ഇനി ധന്യതയോടെ മടങ്ങാം.