പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: ഭാര്യയുമായുള്ള സൗഹൃദത്തെ ഭർത്താവ് എതിർത്തതിനെത്തുടർന്ന് ഒരാളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. മാതമംഗലം പെരുമ്പടവ് അടുക്കം സ്വദേശി നെല്ലൂർ കോരച്ചം വീട്ടിൽ എൻ.കെ. സന്തോഷിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.


2025 മാർച്ച് 20നാണ് കൈതപ്രത്ത് നിർമാണത്തിലിരുന്ന വീട്ടിൽ കെ.കെ. രാധാകൃഷ്ണൻ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തുനിന്നുതന്നെ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന് പ്രേരണ നൽകിയെന്ന കുറ്റത്തിന് രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരെയും പരിയാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


ആറുമാസം മുമ്പാണ് സന്തോഷിന് ജാമ്യം ലഭിച്ചത്.


സന്തോഷും മിനി നമ്പ്യാരും സ്കൂൾ സഹപാഠികളായിരുന്നു. പൂർവവിദ്യാർഥി സംഗമത്തിനിടെയാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. പിന്നീട് രാധാകൃഷ്ണന്റെ വീടിന്റെ നിർമാണവുമായി ബന്ധപ്പെട്ട് സന്തോഷ് അവിടെ എത്തിയിരുന്നു.


ഇതിനിടെ മിനിയുമായുള്ള സന്തോഷിന്റെ അടുപ്പം രാധാകൃഷ്ണൻ എതിർത്തിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായതായാണ് കേസ് സംബന്ധിച്ച വിവരം. ഈ വൈരാഗ്യമാണ് രാധാകൃഷ്ണനെ വെടിവെച്ചു കൊലപ്പെടുത്താൻ സന്തോഷിനെ പ്രേരിപ്പിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്.


പ്രതിയുടെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

RELATED STORIES