പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി; ചപ്പാത്തി, റൊട്ടി 5 ശതമാനം; രോഷം

പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഇൗടാക്കാനുള്ള കർണാടക അതോറിറ്റി ഫോർ അഡ്വാൻഡ്‌സ് റൂളിങിന്റെ ഉത്തരവിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻ രോഷം. #HandsOfPorotta എന്ന ഹാഷ്ടാ​ഗ് ട്വിറ്ററിൽ മണിക്കൂറുകൾ കൊണ്ടുതന്നെ തരംഗമായി. #handsoffporotta എന്ന ഹാഷ്ടാ​ഗിൽ കേരള ടൂറിസവും വിഷയത്തിൽ പ്രതികരണവുമായി എത്തിയതോടെ സംഭവം മലയാളികളും ഏറ്റെടുക്കുകയാണ്.

പൊറോട്ട റൊട്ടിയല്ലാത്തതിനാൽ അഞ്ചു ശതമാനമല്ല 18 ശതമാനമാണ് ജിഎസ്ടി നിരക്കാണ് ഈടാക്കേണ്ടതെന്നാണ് എഎആറിന്റെ ഉത്തരവി‌ട്ടത്. ഇതിന് പിന്നാലെ ഭക്ഷണ പ്രേമികൾ രംഗത്തെത്തി. ഫുഡ് ഫാസിസമെന്നാണ് പലരും കർണാടക എഎആറിന്റെ തിരുമാനത്തെ വിശേഷിപ്പിക്കുന്നത്.

 ബെംഗളൂരുവിലെ ഭക്ഷ്യ വിതരണ കമ്പനിയായ ഐഡി ഫ്രഷ് ഫുഡ്സാണ് ചപ്പാത്തിക്കും റൊട്ടിക്കും സമാനമായ ജിഎസ്ടി നിരക്ക് പൊറോട്ടയ്ക്കും വേണമെന്ന ആവശ്യം ഉന്നയിച്ചത്. ചപ്പാത്തിക്കും റൊട്ടിക്കും 5 ശതമാനം ജിഎസ്‌ടിയാണ് ഈടാക്കുന്നത്. എന്നാൽ പൊറോട്ട റൊട്ടി ഇനത്തിൽ ഉൾപ്പെടില്ലെന്ന് കാട്ടി 18 ശതമാനം ജിഎസ്‌ടി ഏർപ്പെടുത്തുമെന്ന് അതോറിറ്റി അറിയിക്കുകയായിരുന്നു. ഈ തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്.

RELATED STORIES