നിമിഷപ്രിയയെ കാണാന്‍ ഹൂതികളുടെ അനുമതി വേണം ; മകളുടെ മോചനത്തിൽ പ്രതീക്ഷയുമായി പ്രേമകുമാരി

ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിൽ തടവിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനുള്ള ശ്രമം തുടരുന്നു. നിമിഷയുടെ അമ്മ പ്രേമകുമാരി വൈകിട്ട് യെമനിലെ ഏദനിൽ നിന്ന് സനായിലേക്ക് പുറപ്പെടും.

അടുത്ത ദിവസം തന്നെ മകളെ നേരിട്ട് കാണാൻ കഴിയുമെന്നാണ് പ്രേമകുമാരിയുടെയും ആക്ഷൻ കൗൺസിലിൻ്റെയും പ്രതീക്ഷ. ഇതിന് ശേഷം കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും സംഘം ചർച്ച നടത്തും.

നിലവില്‍ യെമനിലെ ഏദന്‍ നഗരത്തിലാണ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയും മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവല്‍ ജെറോമും. വൈകിട്ടോടെ ഏദനില്‍ നിന്ന് സനായിലേക്ക് യാത്രതിരിക്കാനാകുമെന്നാണ് പ്രേമകുമാരിയുടെ പ്രതീക്ഷ.

വിമതരായ ഹൂതികളുടെ നിയന്ത്രണത്തിലുള്ള നഗരമാണ് സനാ. ഏദനില്‍ നിന്ന് പത്ത് മണിക്കൂറോളം റോഡ് മാര്‍ഗം യാത്ര ചെയ്ത് വേണം സംഘത്തിന് സനായിലെത്താന്‍. ഹൂതികളുടെ അനുമതിക്ക് വിധേയമായി മാത്രമേ പ്രേമകുമാരിക്കും സംഘത്തിനും സനായിലേക്ക് പ്രവേശനം സാധ്യമാകൂ.

അനുമതി ലഭിച്ചാല്‍ സനാ നഗരത്തിലെ ജയിലിലെത്തി നിമിഷപ്രിയയെ നേരിട്ട് കാണാനാണ് പ്രേമകുമാരിയുടെയും സംഘത്തിന്റെയും ശ്രമം. പിന്നാലെ സനായില്‍ തന്നെയുള്ള കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബത്തെയും കണ്ട് ചര്‍ച്ച നടത്തണം.

യെമൻ നിയമപ്രകാരം, അബ്ദു മഹ്ദിയുടെ കുടുംബത്തിൻ്റെ അനുമതി ലഭിച്ചാൽ നിമിഷിപ്രിയയെ മോചിപ്പിക്കാം. മോചനത്തിനായി നൽകേണ്ട ബ്ലഡ് മണി സംബന്ധിച്ച് നിമിഷിപ്രിയ ആക്ഷൻ കൗൺസിലും തലാൽ അബ്ദു മഹ്ദിയുടെ കുടുംബവും തമ്മിൽ തീരുമാനത്തിലെത്തണം.

RELATED STORIES