ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണമാകാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ അറിയിച്ചു

ജെസ്‌നയുടെ പിതാവ് ജെയിംസ് പറയുന്ന കാര്യങ്ങളില്‍ തങ്ങള്‍ക്ക് തെളിവ് ലഭിച്ചിട്ടില്ല. അവര്‍ തെളിവ് ഹാജരാക്കിയാല്‍ പരിശോധിച്ച ശേഷം തുടരന്വേഷണമാകാമെന്നും സിബിഐ കോടതിയെ അറിയിച്ചു. ഇതോടെ തെളിവുകള്‍ സീല്‍ ചെയ്ത കവറില്‍ ഹാജരാക്കാന്‍ ജെസ്‌നയുടെ പിതാവിന് നിര്‍ദ്ദേശം നല്‍കി. കേസ് അടുത്ത മാസം 3 ലേക്ക് മാറ്റി.

പത്തനംതിട്ട വെച്ചുച്ചിറയില്‍ നിന്ന് കാണാതായ ജസ്‌നക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടായിരുന്നു സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം ആവശ്യപ്പെട്ടാണ് ജസ്‌നയുടെ അച്ഛന്‍ കോടതിയെ സമീപിച്ചത്. ജസ്‌ന ജീവിച്ചിരിപ്പില്ലെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നുമായിരുന്നു അച്ഛന്റെ ആവശ്യം.

ജെസ്‌ന തിരോധാന കേസില്‍ സിബിഐ എത്തിപ്പെടാത്ത കാര്യങ്ങള്‍ സമാന്തര അന്വേഷണത്തിലൂടെ കണ്ടെത്തിയെന്നും ജെസ്‌നയുടെ അച്ഛന്‍ ജെയിംസ് അവകാശപ്പെടുന്നു. ജെസ്‌നയുടെ സഹപാഠിയായ സുഹൃത്ത് തെറ്റുകാരനല്ല, മറ്റൊരു സുഹൃത്താണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. വസ്തുത തെളിയിക്കുന്ന തെളിവ് കയ്യിലുണ്ട്. ഇത് കോടതിയില്‍ കൈമാറും. ഒരു വ്യാഴാഴ്ചയാണ് ജെസ്‌നയെ കാണാതാകുന്നത്. അതുപോലെ മൂന്നാല് വ്യാഴാഴ്ചകളില്‍ കോളേജില്‍ ചെല്ലാത്ത ദിവസങ്ങളുണ്ടെന്നുമാണ് ജെയിംസ് പറയുന്നത്.

കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത് സമാന്തരമായി നടത്തിയ അന്വേഷണത്തിലെന്നും ജയിംസ് പറയുന്നു. സിബിഐ കേസ് അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന സാഹചര്യത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഏജന്‍സികള്‍ക്ക് സമാന്തരമായി തന്റെ നേതൃത്വത്തില്‍ ഒരു ടീമായാണ് അന്വേഷണം നടത്തിയത്. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് എല്ലാ അന്വേഷണ റിപ്പോര്‍ട്ടുകളും തങ്ങളുടെ സംഘം വീണ്ടും പരിശോധിച്ചു. അതില്‍ സിബിഐ വിട്ടുപോയ ചില കാര്യങ്ങളിലൂടെ തങ്ങള്‍ അന്വേഷണം നടത്തിയെന്നും ജെയിംസ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.

RELATED STORIES