സില്‍വര്‍ ലൈന്‍ അതിസങ്കീര്‍ണ്ണ പദ്ധതിയാണ് കേന്ദ്ര റെയില്‍വേ മന്ത്രി

പദ്ധതിയുടെ വിവിധ വശങ്ങള്‍ പഠിച്ച ശേഷം മാത്രമേ തീരുമാനം എടുക്കാന്‍ സാധിക്കൂവെന്നും കേന്ദ്രറെയില്‍ മന്ത്രി മാധ്യമങ്ങളോട് അറിയിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കുന്നതിന് മുമ്പ് അതിന്റെ സാമ്പത്തിക, സാമൂഹ്യ, പാരിസ്ഥിതിക, എന്‍ജിനീയറിങ് വശങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ട്. ഇത്തരം പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും വലിയ സാമ്പത്തിക ഭാരമുണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ വിവിധ വശങ്ങള്‍ വിശദമായി വിശകലനം ചെയ്യേണ്ടതും ആവശ്യമാണ്. അതിനുശേഷം മാത്രമേ ജനങ്ങള്‍ക്ക് മുന്നില്‍ വിഷയം അവതരിപ്പിക്കാനും അന്തിമ തീരുമാനം എടുക്കാനും സാധിക്കൂവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.


കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്ന സഹചര്യത്തില്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ കേന്ദ്ര റെയില്‍മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സാമൂഹികാഘാത പഠനത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് നേരത്തെ കേന്ദ്രം ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പദ്ധതിക്ക് ഇതുവരെ അനുമതി നല്‍കാത്ത സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കാനുള്ള ഏതൊരു നടപടിയും അപക്വമാണെന്നും കേന്ദ്രം പറഞ്ഞിരുന്നു. സര്‍വേ ചോദ്യം ചെയ്ത് ഫയല്‍ ചെയ്ത കേസില്‍ ഹൈക്കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം വിശദീകരണം നല്‍കിയത്. എന്നാല്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.

RELATED STORIES