ലക്ഷങ്ങള്‍ മുടക്കി അതിഥികള്‍ക്കും മറ്റ് ജില്ലകളിലെ മേയര്‍മാര്‍ തലസ്ഥാനത്തെത്തുമ്പോഴും താമസിക്കുന്നതിനായി അണിയിച്ചൊരുക്കിയ പൈതൃകമന്ദിരമായ കൊത്തളം ഗസ്റ്റ് ഹൗസ് പെണ്‍വാണിഭ സംഘങ്ങളും ലഹരി മാഫിയയും കയ്യടക്കി

കോട്ടയുടെ പടിഞ്ഞാറെ വാതിലിനും തെക്കേവാതിലിനും ഇടയിലുള്ള കന്നിമൂലകൊത്തളത്തിന്റെയും പൈതൃക മന്ദിരത്തിന്റെയും ദുരവസ്ഥയ്‌ക്കിടയാക്കിയത് നഗരസഭ ഭരണസമിതിയുടെ തലതിരിഞ്ഞ സമീപനം.

2021 ല്‍ കോര്‍പ്പറേഷന്‍ 40 ലക്ഷം മുടക്കിയാണ് കൊത്തളം ഗസ്റ്റ് ഹൗസ് എന്ന പേരില്‍ ഇത് നവീകരിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മറ്റ് ജില്ലയില്‍ നിന്നെത്തുന്ന മേയര്‍, സര്‍ക്കാര്‍ അതിഥികള്‍ എന്നിവര്‍ക്ക് നഗരത്തില്‍ തങ്ങാന്‍ യോജ്യമായ ഇടമെന്നാണ് അവകാശപ്പെട്ടിരുന്നത്. നവീകരിച്ച ഉടന്‍തന്നെ ഉപേക്ഷിച്ച അതിഥി മന്ദിരത്തിന്റെ മേല്‍ക്കൂരയും കവാടങ്ങളും പൊട്ടിപ്പൊളിഞ്ഞ് വീഴാറായി. തൂണുകളിലും വിള്ളലുണ്ട്.

കാടുപിടിച്ച് പാമ്പുകളുടെ വിഹാരകേന്ദ്രമായ ഇവിടെ രാത്രി 12 മുതല്‍ പുലര്‍ച്ചെ 3 വരെ സാമൂഹ്യവിരുദ്ധര്‍ ഓട്ടോയില്‍ ലൈംഗികത്തൊഴിലാളികളുമായി പതിവായി എത്തുന്നതായും ഇരുട്ടുവീഴുന്നതോടെ മദ്യപസംഘങ്ങള്‍ താവളമാക്കുന്നതായും നാട്ടുകാര്‍ പറയുന്നു.

രാത്രിയായാല്‍ കൊത്തളം ഗസ്റ്റ് ഹൗസിന്റെ വാതിലില്‍ ചവിട്ടുന്നതും സീലിംഗ് തകര്‍ക്കുന്നതുമായ ശബ്ദം കേള്‍ക്കാം. പ്രാണഭയത്താല്‍ പുറത്തിറങ്ങാറില്ലെന്നും സമീപവാസികള്‍ പറയുന്നു. മദ്യവും കഞ്ചാവുമായെത്തുന്നവര്‍ കോട്ടയ്‌ക്ക് വെളിയിലുള്ള തകര്‍ന്ന കെട്ടിടാവശിഷ്ടത്തില്‍ ചവിട്ടിയും സ്ത്രീകളുമായി ഓട്ടോയിലെത്തുന്നവര്‍ കോട്ടയ്‌ക്കകത്തുള്ള റോഡിലൂടെ കൊത്തളത്തിന്റെ ഗേറ്റ് കടന്നുമാണ് എത്തുന്നത്.

കെട്ടിടത്തില്‍ നിന്ന് പലവിധ വസ്തുക്കളും മോഷണം പോകുന്നതായി സമീപ വാസികള്‍ വ്യക്തമാക്കി. മാന്‍ഹോളിന്റെ മൂന്ന് വലിയ മൂടികളും രണ്ട് ചെറിയ മൂടികളും മോഷ്ടാക്കള്‍ കൊണ്ടുപോയി. മറ്റ് അഞ്ചോളം മൂടികള്‍ നാട്ടുകാരുടെ അവസരോചിതമായ ഇടപെടലോടെ കള്ളന്മാര്‍ തിരികെ നല്‍കി. കഴിഞ്ഞമാസം നഗരസഭയുടെ വാഹനത്തില്‍ രാത്രി 7.30 ഓടെ രണ്ടുപേര്‍ എത്തുകയും അരമണിക്കൂറിന് ശേഷം മടങ്ങിപ്പോകുകയും ചെയ്തു. നേരംപുലര്‍ന്നപ്പോള്‍ ഗസ്റ്റ്ഹൗസിന്റെ വരാന്തയില്‍ ഉറപ്പിച്ചിരുന്ന രണ്ട് ഫാനുകള്‍ കാണാനില്ലായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. സീലിങുകള്‍ പലപ്പോഴായി തല്ലിത്തകര്‍ത്തിരിക്കുന്നു. കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് ഉപോയഗിച്ച് വലിച്ചെറിഞ്ഞ മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും ചിതറിക്കിടക്കുന്നു. പകല്‍ സമയങ്ങളില്‍ തെരുവുനായ്‌ക്കളുടെ സങ്കേതം കൂടിയാണിത്. സ്ഥലത്ത് പോലീസോ നഗരസഭയോ പരിശോധന നടത്താറില്ലെന്നും രാത്രികാലങ്ങളിലേക്കെങ്കിലും പാറാവുകാരനെ നിയമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പോലീസ് പരിശോധന കര്‍ശനമാക്കണമെന്നും സ്ഥലവാസികള്‍ ആവശ്യപ്പെടുന്നുണ്ട്.

കൊത്തളം എന്നത് ശത്രുവിന്റെ വരവു നോക്കിക്കാണുന്നതിനും അവരെ തടയുന്നതിനും കോട്ടയുടെ മുകളില്‍ ഉണ്ടാക്കുന്ന മണ്ഡപമാണ്. ചില കോട്ടകളില്‍ ഇത് പീരങ്കി വയ്‌ക്കുന്നതിനുള്ള പഴുതായും ഉപയോഗിക്കാറുണ്ട്. കോട്ടയെ ഒറ്റ വാസ്തുവായി സങ്കല്പിച്ച് കന്നിമൂല ഉയര്‍ന്നും വൃത്തിയായും ഇരിക്കണമെന്ന വാസ്തുശാസ്ത്രത്തില്‍ അധിഷ്ഠിതമായാണ് കോട്ടനിര്‍മാണത്തോടനുബന്ധിച്ച് ഇവിടെ മനോഹരമായ ഒരു മന്ദിരം പണിതത്. പില്‍ക്കാലത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ ഉപകേന്ദ്രമായും ഇത് പ്രവര്‍ത്തിച്ചിരുന്നു. ആഴ്ചയില്‍ മൂന്നുദിവസം ഡോക്ടര്‍മാരുടെ സംഘം ഇവിടെ ചികിത്സ ലഭ്യമാക്കിയിരുന്നു. സ്ത്രീകള്‍ക്കും 12 വയസുവരെയുള്ള കുട്ടികള്‍ക്കും ദന്തരോഗത്തിനുമുള്ള വിഭാഗമെല്ലാം പ്രവര്‍ത്തിച്ചിരുന്നു. 30 വര്‍ഷം മുമ്പ് കോര്‍പ്പറേഷന്‍ ഭരണസമിതി ഇടപെട്ട് ഇത് അവസാനിപ്പിക്കുകയും അങ്കണവാടി തുടങ്ങുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇതും അവസാനിപ്പിച്ചു നഗരത്തിലെ യാചകരെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്രമായി മാറ്റുകയായിരുന്നു. യാചകപുനരധിവാസ കേന്ദ്രം കല്ലടിമുഖത്തേക്ക് മാറ്റിയതോടെ കൊത്തളം അതിഥി മന്ദിരം ആക്കുകയായിരുന്നു.

RELATED STORIES