അമേരിക്കയില്‍ വെടിവയ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം

കാപിറ്റോള്‍ ഹില്ലിന് അധികം ദൂരത്തല്ല ആക്രമണം നടന്നതെന്നും സൂചനയുണ്ട്. എഫ്.സ്ട്രീറ്റ് നോര്‍ത്ത് ഈസ്റ്റിലെ 1500 ബ്ലോക്കിലാണ് വെടിവയ്പുണ്ടായതെന്ന് അഗ്നിശമന വകുപ്പിനെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.


നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്ന് പറയുമ്പോഴും മരണസംഖ്യ പോലീസ് പുറത്തുവിട്ടിട്ടില്ല. മരിച്ചവരെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. അക്രമിയെ കുറിച്ചും പോലീസ് സൂചന നല്‍കുന്നില്ല. ഞായറാഴ്ച ഫ്‌ളോറിഡയിലെ ഒര്‍ലാഡോയിലുണ്ടായ വെടിവയ്പില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച ടെക്‌സാസിലെ ഹാല്‍ടോം സിറ്റിയിലുണ്ടായ വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മൂന്നു പോലീസുകാരടക്കം നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു.

ജൂണ്‍ ഒന്നിന് ഒക്‌ലഹോമയിലെ ടുല്‍സ സിറ്റിയില്‍ ഒരു ആശുപത്രിയിലുണ്ടായ വെടിവയ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു.  മേയ് 24ന് ടെക്‌സാസിലെ എലമെന്ററി സ്‌കൂളിലുണ്ടായ വെടിവയ്പില്‍ 17 കുട്ടികളടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. 2018ല്‍ ഫ്‌ളോറിഡ പാര്‍ക്ക് ലാന്‍ഡിലെ ഡഗ്‌ളസ് ഹൈസ്‌കൂളിലുണ്ടായ വെടിവയ്പില്‍ 17 പേരാണ് കൊല്ലപ്പെട്ടത്.

അമേരിക്കയില്‍ അടുത്തകാലത്ത് തോക്ക് ആക്രമണം വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ തോക്ക് വാങ്ങാനുള്ള ലൈസന്‍സ് പ്രായം 17ല്‍ നിന്ന 21 ആയി ഉയര്‍ത്തണമെന്ന് ആവശ്യം ഒരു വിഭാഗം ജനപ്രതിനിധികള്‍ ഉയര്‍ത്തുന്നുണ്ട്.

RELATED STORIES