അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ പത്തനംതിട്ട മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷൻ !!

മല്ലപ്പള്ളി : അടിസ്ഥാന സൗകര്യങ്ങൾ യാതൊന്നുമില്ലാതെ മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷൻ.

പി.ജെ. ജോസഫ് വകുപ്പ് മന്ത്രിയും, ടി.എസ് ജോൺ എം എൽ എ യുമായിരുന്ന കാലത്ത് തറക്കല്ലിടുകയും, ജോസഫ് എം.പുതുശ്ശേരി എം എൽ എ ആയിരുന്ന കാലത്ത് പണി പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്ത മിനിസിവിൽ സ്റ്റേഷൻ മല്ലപ്പള്ളിയുടെ വികസന സ്വപ്നങ്ങൾക്ക് ഏറെ പ്രതീക്ഷനൽകിയാണ് സ്ഥാപിതമായത്.

മൂന്ന് നിലകളിലായി പതിനാറിലധികം സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന ഇവിടെ പൊതുജനങ്ങൾക്കായി ലിഫ്റ്റ് സൗകര്യമോ,ശൗചാലയമോ ഇല്ല. ലിഫ്റ്റ് സൗകര്യമില്ലാത്തതിനാൽ പ്രായാധിക്യമുള്ളവർ നടകയറാനാവാതെ ബുദ്ധിമുട്ടുകയാണ്. അതുപോലെ ശൗചാലയവുമില്ല. പ്രാഥമിക ആവശ്യങ്ങൾക്കായി ഇതു മൂലം ജനങ്ങൾ ബുദ്ധിമുട്ടുന്നു. ഇതിനെതിരെ മുറവിളി ഉയർന്നതിനെ തുടർന്ന് അടുത്ത നാളിൽ പൊതുജനങ്ങൾക്കായി താലൂക്ക് ഓഫീസിൻ്റെ സമീപം ശൗചാലയം തുറന്നു എങ്കിലും പലപ്പോഴും വെള്ളമില്ലാത്ത അവസ്ഥയാണ്.

മുൻപ് സർക്കാർ ഓഫീസ് ജീവനക്കാർക്കുപോലും വെള്ളം ഉപയോഗിക്കാനാവാതെ ജലവിതരണം തടസ്സപ്പെട്ടിരുന്നു. ജലവകുപ്പിന് ഭാരിച്ചതുക കുടിശ്ശിക വന്നതിനെ തുടർന്നാണ് ജലവിതരണം മുടക്കിയത്. കൂടാതെ വാഹന പാർക്കിംഗിനും സ്ഥലപരിമിതിയുണ്ട്. റോഡിലിട്ടാൽ പെറ്റിയെഴുതാൻ പോലീസും മോട്ടോർ വാഹന വകുപ്പും മത്സരവുമാണ്. ദിവസേന നൂറുകണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നത്.

സബ് ട്രഷറി, സബ് രജിസ്ട്രാർ ഓഫീസ് ,സഹകരണ രജിസ്ടാർ ഓഫീസ് എംപ്ലോയ്മെൻ്റ് എക്സേഞ്ച്, ആർ.ടി.ഒ ഓഫീസ്, പി.ഡബ്ലു ഡി ഓഫീസ്, മൃഗസംരക്ഷണ വകുപ്പ്, വിദ്യാഭാസ ഉപജില്ലാ ഓഫീസ് തുടങ്ങി പതിനാറോളം സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷനാണ് അധികൃതരുടെ അനാസ്ഥ മൂലം ദുരിതം അനുഭവിക്കുന്നത്.

വികസനമുരടിപ്പിന് ഒന്നാം സ്ഥാനത്തുള്ള മല്ലപ്പള്ളി താലൂക്കിനെ അവഗണിക്കാനാണ് ഇഷ്‌ടമെന്നാണ് എം എൽ എ ഉൾപ്പെടെയുള്ളവരുടെ ഉദാസീനത കാണുമ്പോൾ തോന്നുന്നത്. താലൂക്കിൻ്റെ വികസനപാതയിൽ മുതൽകൂട്ടാവേണ്ട കെട്ടിടമാണ് അനാസ്ഥ മൂലം ദുരിതം പേറുന്നത്. കളറടിച്ച് മോടികൂട്ടിയതല്ലാതെ അടിസ്ഥാനസൗകര്യങ്ങൾ ഒന്നും ഉള്ളിലില്ല !

RELATED STORIES