കൊല്ലം കണ്ണനല്ലൂരില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് തട്ടിക്കൊണ്ടുപോയ 14 വയസുകാരനെ പൊലീസ് അത്ഭുതകരമായി രക്ഷപ്പെടുത്തി.

തമിഴ്‌നാട്ടുകാരായ 6 പേരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്ന് പാറശാല പൊലീസാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ കന്യാകുമാരി സ്വദേശിയായ ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയം കണ്‍നനല്ലൂര്‍ സ്വദേശി ആസാദിന്റെ മകന്‍ ആഷിക്കിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. കാറുകളിലെത്തിയ തമിഴ്‌നാട് സ്വദേശികളടങ്ങുന്ന ആറംഗ സംഘം വീട്ടില്‍ അതിക്രമിച്ചുകയറി കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

സംഘത്തില്‍ ആറല്ല, ഒന്‍പത് പേരുണ്ടായിരുന്നു എന്നും സൂചനയുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് വ്യക്തമായതോടെ എല്ലാ സ്‌റ്റേഷനുകളിലും വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ തമിഴ്‌നാട് ഭാഗത്തേക്ക് കടത്തുന്നതായി ചില സ്‌റ്റേഷനുകളില്‍ നിന്ന് അറിയിച്ചു.  തുടര്‍ന്ന് തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള കാര്‍ പിന്തുടര്‍ന്ന പാറശാല പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഒരാളെ പിടികൂടാനേ സാധിച്ചുള്ളൂ. ബാക്കിയുള്ളവര്‍ ഓടിരക്ഷപ്പെട്ടു.

RELATED STORIES