വന്‍ തുക കൈപ്പറ്റി പ്രസാധകന്‍ മുങ്ങിയതായി പരാതി

യുവ എഴുത്തുകാരുടെ കൃതികള്‍ പ്രസിദ്ധീകരിക്കാമെന്ന്‌ വിശ്വസിപ്പിച്ച്‌ അവരില്‍ നിന്നും വന്‍ തുക കൈപ്പറ്റി പ്രസാധകന്‍ മുങ്ങിയതായി പരാതി. തിരുവനന്തപുരം സ്വദേശി സിദ്ധാര്‍ത്ഥന്‍ എന്ന ആള്‍ക്കെതിരെയാണ്‌ മുളന്തുരുത്തി പോലീസില്‍ കബളിക്കപ്പെട്ടവര്‍ പരാതി നല്‍കിയിട്ടുള്ളത്‌. എഴുത്തച്‌ഛന്‍ മലയാളസാഹിതി പുരസ്‌കാരസമിതി എന്ന പേരില്‍ മലയാളത്തിലെ വിവിധ സാഹിത്യ മേഖലകളില്‍ നിന്നും അവാര്‍ഡുകള്‍ക്കും പ്രസിദ്ധീകരണത്തിനുമായി കൃതികള്‍ ക്ഷണിച്ചായിരുന്നു തട്ടിപ്പ്‌ നടത്തിയതെന്ന്‌ പരാതിക്കാര്‍ പറയുന്നു. കഴിഞ്ഞദിവസം മുളന്തുരുത്തി തുരുത്തിക്കരയിലുള്ള സ്വകാര്യ വ്യക്‌തിയുടെ ഹാളില്‍ വച്ച്‌ 160 ല്‍ പരം യുവ എഴുത്തുകാരുടെ കവിതയും ചെറുകഥകളും അടങ്ങുന്ന പുസ്‌തകങ്ങള്‍ പ്രകാശനം നടത്തുമെന്നാണ്‌ സിദ്ധാര്‍ത്ഥന്‍ ഇവരെ അറിയിച്ചിരുന്നത്‌.കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശനിയാഴ്‌ച രാവിലെ തന്നെ എഴുത്തുകാര്‍ സ്‌ഥലത്തെത്തി.രാവിലെ 9.30 നാണ്‌ പ്രകാശന ചടങ്ങ്‌ തീരുമാനിച്ചിരുന്നത്‌.പ്രകാശനം നടക്കേണ്ട ഹാളില്‍ അതിന്റേതായ ഒരുക്കങ്ങള്‍ കാണാതിരുന്നതിനെ തുടര്‍ന്ന്‌ എഴുത്തുകാര്‍ സിദ്ധാര്‍ത്ഥനെ വിളിച്ചു. ഉച്ചക്ക്‌ ഹാളില്‍ എത്തിച്ചേരും എന്ന്‌ അയാള്‍ പറഞ്ഞു. ഒരു മണി കഴിഞ്ഞിട്ടും വരാത്തതിനെ തുടര്‍ന്ന്‌ വീണ്ടും വിളിച്ചപ്പോള്‍ വൈകിട്ട്‌ അഞ്ചുമണിക്കാണ്‌ എത്തിച്ചേരാന്‍ പറ്റുകയുള്ളൂവെന്നും എല്ലാവരുടേയും പുസ്‌തകങ്ങള്‍ പ്രകാശനം നടത്തുമെന്നും ഉറപ്പ്‌ നല്‍കി.


പിന്നീട്‌ വിളിച്ചപ്പോള്‍ മുതല്‍ ഫോണില്‍ കിട്ടാതെയായി.ഇതേ തുടര്‍ന്നാണ്‌ തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി എഴുത്തുകാര്‍ക്ക്‌ മനസിലായത്‌.
തുടര്‍ന്ന്‌ ഇവര്‍ ചേര്‍ത്ത്‌ മുളന്തുരുത്തി പോലീസില്‍ പരാതി നല്‍കി. ഭക്ഷണവും കുടിവെള്ളവും ലഭിക്കാതെ ഏറെ ബുദ്ധിമുട്ടിയെന്ന്‌ പരാതിക്കാര്‍ പറഞ്ഞു.

കോഴിക്കോടും തൃശൂരും സമാനമായ തട്ടിപ്പ്‌ നടത്തിയതായി പരാതിക്കാര്‍ ആരോപണം ഉന്നയിച്ചു. പരാതിയുടെ അടിസ്‌ഥാനത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. അതേസമയം ആരോപണങ്ങള്‍ അടിസ്‌ഥാനരഹിതമാണെന്നും സമയബന്ധിതമായി പുസ്‌തക പ്രകാശനം നടത്തുമെന്നും സിദ്ധാര്‍ത്ഥന്‍ പ്രതികരിച്ചു. വ്യക്‌തിപരമായ പ്രശനങ്ങള്‍ കാരണമാണ്‌ പുസ്‌തക പ്രകാശനം വൈകിയത്‌.ആരുടെയും പണം താന്‍ തട്ടിയെടുത്തിട്ടില്ലെന്നും പരാതിയുടെ അടിസ്‌ഥാനത്തില്‍ മുളന്തുരുത്തി പോലീസ്‌ വിളിപ്പിച്ചിട്ടുണ്ടെന്നും ഇന്ന്‌ പോലീസിന്‌ മുന്‍പാകെ ഹാജരാകും എന്നും സിദ്ധാര്‍ത്ഥന്‍ പറഞ്ഞു.

RELATED STORIES