പിണറായി ഭരണത്തില്‍ കുറ്റവാളികളായ പൊലീസുകാരുടെ എണ്ണം വര്‍ധിക്കുന്നു

പൊലീസിനെതിരായ കുറ്റകൃത്യങ്ങള്‍ പുറത്തുവരുമ്പോള്‍ ആത്മവീര്യം തകര്‍ക്കരുത്എന്ന മുഖ്യമന്ത്രിയുടെ ഭാഷ്യത്തിന്റെ പിന്‍ബലത്തില്‍ കേരള പൊലീസിലെ ക്രിമിനലുകള്‍ അഴിഞ്ഞാടുന്നു. അഭയം തേടി പൊലീസ് സ്റ്റേഷനിലെത്തുന്ന അതിജീവിതയെ പോലും പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന വിധം പൊലീസ് തരംതാണതോടെ സംസ്ഥാന ആഭ്യന്തര വകുപ്പിന് തലയില്‍ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയായി.


ആരെയും തല്ലിച്ചതക്കാനും പിടിച്ചുപറിക്കാനും പൊലീസ് തന്നെ മുന്നിലുള്ളപ്പോള്‍ ജനമൈത്രിഎന്നത് പരിഹാസ്യമാവുകയാണ്. ജനമൈത്രി പൊലീസ് ക്രിമിനലിസത്തിലേക്ക് വഴി മാറുന്നതായി കണക്കുകള്‍ പറയുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്ന പൊലീസുകാരുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 50 ശതമാനത്തിലധികം വര്‍ധനവ് വന്നെന്ന് ആഭ്യന്തര വകുപ്പിന്റെ തന്നെ കണക്കുകളുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന നിര്‍ദേശം പാലിക്കപ്പെടുന്നുമില്ല. പൊലീസ് ഭീകരതക്ക് ഇരകളാകുന്നവര്‍ നല്‍കുന്ന പരാതികളില്‍ ഒരു നടപടിയും ഉണ്ടാകുന്നുമില്ല.

ആഭ്യന്തര വകുപ്പിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയുടെ പിന്തുണയും മേലധികാരികള്‍ കണ്ണടക്കുന്നതുമാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ക്രിമിനല്‍ കേസിലും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളിലും കലാപങ്ങളിലും ഉള്‍പെട്ടവര്‍ കോടതി ഉത്തരവിന്റെ മറവില്‍ പൊലീസ് സേനയില്‍ എത്തുന്നതു തടയാന്‍ നിയമഭേദഗതി കൊണ്ടുവരാന്‍ ഡി.ജി.പി സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയിരുന്നു. ഏതാനും വര്‍ഷമായി ഇത്തരം കേസില്‍പെടുന്നവര്‍ കോടതിയുത്തരവിന്റെ മറവില്‍ സേനയില്‍ എത്തുന്നുണ്ട്. ഇതു തടയാന്‍ 2011ലെ കേരള പൊലീസ് ആക്ടിലെ സെക്ഷന്‍ 86(2) ഭേദഗതി ചെയ്യണമെന്നായിരുന്നു ശുപാര്‍ശ.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ കോടതി ഉത്തരവുകളുടെ പിന്‍ബലത്തോടെ സേനയില്‍ കയറിയവരില്‍ 40 പേരെ പിരിച്ചുവിട്ടിട്ടുണ്ട്. എന്നാല്‍ സായുധ പരിശീലനം നേടിയവര്‍ ഇത്തരത്തില്‍ പുറത്തുനില്‍ക്കുന്നത് അപകടകരമാണെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സേനയില്‍ പരിശീലനത്തിനു മുന്‍പാണ് കുറ്റപത്രം നല്‍കുന്നതെങ്കില്‍ കുറ്റവിമുക്തനായ ശേഷം മാത്രമേ പരിശീലനം നല്‍കാന്‍ പാടുള്ളൂ. പരിശീലനത്തിനു മുന്‍പും പി.സി.സി നിര്‍ബന്ധമാക്കണം. പരിശീലന കാലയളവില്‍ ശിക്ഷിക്കപ്പെട്ടാല്‍ സര്‍വീസില്‍ നിന്നു പിരിച്ചുവിടണം. കുറ്റവിമുക്തനാക്കിയാല്‍ സേനയിലെ ആഭ്യന്തര സമിതി പരിശോധിച്ച് ഉചിത തീരുമാനമെടുക്കണം എന്നിങ്ങനെയുള്ള ശുപാര്‍ശകളില്‍ ഇനിയും തീരുമാനമുണ്ടായിട്ടില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ജനത്തിന് ഭീഷണിയാകുന്നുവെന്ന അവസ്ഥ ഏറെ ഭീകരമായിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ സേനക്ക് അപമാനമാണെന്നിരിക്കേ ഇത്തരക്കാരെ ചുമന്ന് കൂടുതല്‍ പഴിദോഷം കേള്‍ക്കേണ്ട സാഹചര്യത്തിലേക്കാണ് പൊലീസ് സംവിധാനം നീങ്ങുന്നത്.

RELATED STORIES