മലയാളി ദമ്പതികളെ സൈനിക കേന്ദ്രത്തിൽ വച്ച് ആദരിച്ചു

ഇന്ത്യൻ ആർമിയെ വിവാഹത്തിന് ക്ഷണിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയരായ മലയാളി ദമ്പതികളെ പാങ്ങോട് സൈനിക കേന്ദ്രത്തിൽ വച്ച് ആദരിച്ചു. ഇവരുടെ ക്ഷണക്കത്തും കൂടെയുള്ള കുറിപ്പും സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളില്‍ തരംഗമായിരുന്നു. പാങ്ങോട് സൈനിക കേന്ദ്രത്തിലേക്ക് ക്ഷണിക്കപ്പെട്ട ദമ്പതികളെ സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ്മ പൂച്ചെണ്ട് നൽകിയാണ് സ്വീകരിച്ചത്. വിവാഹ ക്ഷണത്തിന് സൈന്യത്തിന്‍റെ നന്ദി അറിയിച്ച സ്റ്റേഷൻ കമാൻഡർ, നവദമ്പതികളുമായി സംവദിക്കുകയും മെമന്‍റോ സമ്മാനിക്കുകയും ചെയ്തു.

യൂണിഫോമിലായാലും ഇല്ലെങ്കിലും, ഓരോ പൗരന്‍റെയും സംഭാവന വിലപ്പെട്ടതാണെന്നും രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകുക എന്നത് ഓരോ പൗരന്‍റെയും ഉത്തരവാദിത്വമാണെന്നും ബ്രിഗേഡിയർ ലളിത് ശർമ്മ പറഞ്ഞു. സൈന്യത്തിന്‍റെ നിലനിൽപ്പ് പൗരന്മാരെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ വിവാഹ ചടങ്ങിലേക്ക് സൈന്യത്തെ ക്ഷണിച്ച് കൊണ്ട് ഹൃദയസ്പർശിയായ കുറിപ്പിനൊപ്പം വിവാഹ ക്ഷണക്കത്തയച്ച രാഹുൽ കാർത്തിക ദമ്പതികൾക്ക് സോഷ്യൽ മീഡിയയിലും ദേശീയ, പ്രാദേശിക വാർത്താ മാധ്യമങ്ങളിലും അഭിനന്ദന പ്രവാഹമായിരുന്നു.

RELATED STORIES