ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ  പൊലീസ് അറസ്റ്റ് ചെയ്തു

കലഞ്ഞൂര്‍ പാലമല അംബിക ഭവനം അജികുമാറാണ് (47) പിടിയിലായത്. കോന്നി കുമ്മണ്ണൂര്‍ സ്വദേശിനിക്ക് വിദേശത്ത് നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് 1,65,000 രൂപ കൈപ്പറ്റി കബളിപ്പിച്ച പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മാസങ്ങളായി ഒളിവില്‍ കഴിഞ്ഞുവരവെയാണ് അറസ്റ്റ്. അടൂരില്‍ ഓള്‍ ഇന്ത്യ ജോബ് റിക്രൂട്ട്‌മെന്റ് എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരനാണ് പ്രതി.


സ്ഥാപന മറവില്‍ നിരവധി പേരില്‍നിന്ന് ഇയാള്‍ പണം തട്ടിച്ചതായി അന്വേഷണത്തില്‍ വ്യക്തമായി.കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് ഒളിവില്‍പോയ പ്രതി എറണാകുളത്ത് പുതിയ റിക്രൂട്ടിങ് സ്ഥാപനം തുടങ്ങാനുള്ള തയാറെടുപ്പ് നടത്തിവരവെയാണ് അടൂര്‍ പൊലീസ് എറണാകുളത്തെത്തി ഇയാളെ പിടികൂടിയത്. പുതിയ സ്ഥാപനം തുടങ്ങാന്‍ വിസിറ്റിങ് കാര്‍ഡും ലെറ്റര്‍ പാഡും ഇയാള്‍ തയാറാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. പരിശോധനയില്‍ പ്രതിയില്‍നിന്ന് മുപ്പതിലധികം പാസ്‌പോര്‍ട്ടുകള്‍ കണ്ടെടുത്തു.

അടൂരില്‍ പ്രതിയുടെ സ്ഥാപനം പൊലീസ് റെയ്ഡ് ചെയ്ത് നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ഏകദേശം 50 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.

RELATED STORIES