ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മലയാളി ഡോക്ടർ അടക്കം രണ്ടുപേർ മരിച്ചു

ഹിമാചൽപ്രദേശ്  മലപ്പുറം മഞ്ചേരി സ്വദേശി ഷാഹിദ്, തമിഴ്നാട് കന്യാകുമാരി സ്വദേശി വില്യം എന്നിവരാണ് മരിച്ചത്. ദില്ലിയിൽ നിന്ന് മണാലിൽ എത്തിയതാണ് അപകടത്തില്‍പ്പെട്ടവര്‍. പൊലീസ് കേസ് എടുത്തു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം സുഹൃത്തുക്കൾക്ക് വിട്ടുനൽകി.  


ഹിമാചൽ പ്രദേശിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 3,000-ലധികം അപകടങ്ങളുണ്ടായതായി നേരത്തെ പൊലീസ് റിപ്പോര്‍ട്ട് വന്നിരുന്നു. 2600ല്‍ അധികം ആളുകൾക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. കുളുവിലെ സൈഞ്ച് താഴ്‌വരയിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് സ്‍കൂൾ കുട്ടികളടക്കം 13 പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‍ത സംഭവത്തിന് തൊട്ടുപിന്നാലെയാണ് പൊലീസ് ഇക്കാര്യം വിശദമാക്കിയത്.

 
മലയോര മേഖലകളിലെ റോഡുകളിൽ ക്രാഷ് ബാരിയറുകൾ ഇല്ലാത്തതാണ്  അപകടങ്ങൾക്ക് പ്രധാന കാരണമെന്നാണ് പൊലീസ് കണ്ടെത്തല്‍. മൊത്തം റോഡിന്‍റെ നീളം 38,035 കിലോമീറ്ററുള്ള സംസ്ഥാനത്ത് റോഡിന്റെ 520 കിലോമീറ്ററിൽ മാത്രമാണ് ക്രാഷ് ബാരിയറുകൾ ഉള്ളത്. വിനോദ സഞ്ചാരികള്‍ ധാരാളമായി എത്തുന്ന ഷിംലയിലാണ് ഏറ്റവും കൂടുതൽ റോൾ ഡൗൺ അപകടങ്ങൾ നടന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

മൊത്തം അപകടങ്ങളുടെ 32 ശതമാനവും ഇവിടെയാണ് നടന്നത്. അപകടങ്ങളുടെ 42 ശതമാനവും അമിത വേഗം മൂലമുള്ള മലക്കം മറിച്ചിലിനേ തുടര്‍ന്നാണ് സംഭവിക്കുന്നത്. 

RELATED STORIES