തൃശൂര്‍ കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ അഞ്ച് പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്

ബാങ്ക് മാനേജരായിരുന്ന ബിജു കരീം, അക്കൗണ്ടന്റ് ജില്‍സ്, കമ്മിഷന്‍ ഏജന്റ് ബിജോയ്, സൂപ്പര്‍മാര്‍ക്കറ്റ് കാഷ്യര്‍ റജി കെ.അനില്‍ എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടുക.

പ്രതികള്‍ 2011 മുതല്‍ 2021 വരെ സമ്പാദിച്ച 58 സ്വത്തുക്കള്‍ സര്‍ക്കാര്‍ അധീനത്തിലാകും. ബിജോയിയുടെ പേരില്‍ പീരുമേട്ടിലുള്ള ഒന്‍പതേക്കര്‍ ഭൂമിയും ഇതില്‍പ്പെടും. തൃശൂര്‍, ഇരിങ്ങാലക്കുട, ചാലക്കുടി, മതിലകം, അന്തിക്കാട്, കല്ലേറ്റിന്‍കര എന്നിവിടങ്ങളിലാണ് മറ്റ് വസ്തുവകകള്‍.

ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന്റെ അപേക്ഷ അംഗീകരിച്ചാണ് കോടതി നടപടി. പരാതി ഉയര്‍ന്ന കാലത്ത് പ്രതികള്‍ 117 കോടി രൂപയുടെ വ്യാജ ലോണുകള്‍ തരപ്പെടുത്തിയെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

2021 ജൂലൈ 14 ലാണ് കരുവന്നൂര്‍ എന്ന കൊച്ച് ഗ്രാമത്തില്‍ നിന്ന് ഞെട്ടിക്കുന്ന തട്ടിപ്പ് വാര്‍ത്ത പുറത്തുവന്നത്. ജീവനക്കാരും ഇടതു ഭരണസമിതിയിലെ ചിലരും ചേര്‍ന്ന് പണം മുക്കിയെന്നായിരുന്നു ആരോപണം. ഉന്നത തല സമിതി നടത്തിയ പരിശോധനയില്‍ ഗുരുതര ക്രമക്കേടുകളാണ് ബാങ്കില്‍ കണ്ടെത്തിയത്.

RELATED STORIES