മഹാറാണി ടെക്സ്റ്റൈൽസ് ഉടമയും പ്രമുഖ വസ്ത്ര വ്യാപാരിയുമായ മാത്യു മത്തച്ചനെ വയനാട്ടിൽ കാറിനുള്ളിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി !!

മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. പൂർണ്ണമായും കാർ കത്തി നശിച്ച നിലയിലാണ്. വടക്കേ മലബാറിലെ പ്രമുഖ വസ്ത്ര ബ്രാന്റായിരുന്നു മഹാറാണി ടെക്സ്റ്റൈൽസ്.


വടക്കേ മലബാറിൽ ആളുകൾ ഞെട്ടലോടെയാണ് മരണ വാർത്ത കേട്ടത്. കണിയാരം ജികെഎം എച്ച്എസിന് സമീപമുള്ള റബര്‍ തോട്ടത്തിനടുത്താണ് കത്തിനശിച്ച കാറും മൃതദേഹവും കണ്ടെത്തിയത്. കണ്ണൂർ ജില്ലയിലെ കേളകത്താണ്‌ മരിച്ച മഹാറാണി മാത്യു എന്ന മത്തച്ചന്റെ സ്ഥാപനം. മാനന്തവാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബന്ധുക്കൾ സ്ഥലത്ത് എത്തിയിട്ടുണ്ട്.


മോതിരവും മാലയും തിരിച്ചറിഞ്ഞ് മരിച്ചത് മാത്യു എന്ന് ബോധ്യപ്പെടുകയായിരുന്നു. 62 വയസായിരുന്നു. ഈ വരുന്ന ഡിസംബർ 26നു മകളുടെ വിവാഹം നടത്താനുള്ള തിരക്കിലായിരുന്നു ഇദ്ദേഹവും കുടുംബവും. അതിന്റെ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ്‌ മരണം. കാറിൽ നിന്ന് വലിയ രീതിയിൽ തീ ആളി പടരുന്നത് തിങ്കളാഴ്ച്ച ഉച്ചയോടെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.


റോഡിൽ നിന്നും മാറി റബ്ബർ തോട്ടത്തിലേക്ക് കാർ ഓടിച്ച് ഇറക്കിയിരുന്നു. മരണത്തിൽ ദുരൂഹത ഉള്ളതായി പോലീസ് പറഞ്ഞു. സ്വഭാവികമായ അപകടം അല്ല എന്നാണ്‌ പ്രാഥമിക നിഗമനം. പതിറ്റാണ്ടുകളായി നിരവധി ചാരിറ്റി പ്രവർത്തനവും ആദിവാസി മേഖലയിൽ വലിയ സഹായങ്ങളും ഒക്കെ എത്തിക്കുന്ന നല്ല ഒരു വ്യവസായി ആയിരുന്നു നാട്ടുനിലത്തിൽ മത്തച്ചൻ. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികളും പോലീസ് പൂർത്തിയാക്കി. മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

RELATED STORIES