ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ ഭരണം ബി.ജെ.പിയിൽ നിന്ന് ആം ആദ്മി പിടിച്ചെടുത്തു

ആകെയുള്ള 250 സീറ്റുകളിൽ 134 എണ്ണത്തിലാണ് ആം ആദ്മി വിജയം ഉറപ്പിച്ചത്. വിജയം ബി.ജെ.പിയ്ക്കും കേന്ദ്രസർക്കാരിനുമുള്ള തിരിച്ചടിയാണെന്ന് ആം ആദ്മി അവകാശപ്പെട്ടു. അതേസമയം, ആവശ്യമായ തിരുത്തലുകളിലൂടെ വീണ്ടും പാർട്ടി ശക്തമായി തിരിച്ചെത്തും എന്നാണ് ബി.ജെ.പി പ്രതികരണം.

15 വര്‍ഷമായി തുടരുന്ന ഭരണം നാലാം തവണയും നിലനിർത്താം എന്ന ബി.ജെ.പിയുടെ പ്രതീക്ഷയാണ് വിഫലമായത്. മൂന്ന് മുൻസിപ്പൽ കോർപ്പറേഷനുകളെ ഒന്നാക്കി മാറ്റിയുള്ള കേന്ദ്രസർക്കാർ ഇടപെടലിനും ഡൽഹിയിൽ ബി.ജെ.പി യെ രക്ഷിയ്ക്കാനായില്ല. സംയോജിപ്പിക്കപ്പെട്ട കോർപ്പറേഷനിലെക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഉജ്വല വിജയം നേടി. സത്യേന്ദ്ര ജയിന്റെ ജയിൽ വാസം, മദ്യ അഴിമതി അടക്കമുള്ള ആക്ഷേപങ്ങളെ നേരിട്ടാണ് കേജ്‌രിവാളും സംഘവും ബി.ജെ.പിയിൽ നിന്ന് ഡൽഹി മുൻസിപ്പൽ ഭരണം പിടിച്ചെടുത്തത്.

ആകെ 250 സീറ്റുകളിലെയ്ക്കായിരുന്നു തെരഞ്ഞെടുപ്പ്. ഒപ്പത്തിനൊപ്പം മുന്നേറുകയും ചില ഘട്ടങ്ങളിൽ മുന്നിലെത്തുകയും ചെയ്തതിനു ശേഷമാണ് ബി.ജെ.പി തോൽവി വഴങ്ങിയത്. കൈയ്യിലുള്ള എതാണ്ട് എല്ലാ സീറ്റുകളും നഷ്ടപ്പെട്ട കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടു. 2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി യുടെ വിഹിതം 181 സീറ്റുകള്‍ ആയിരുന്നു. ആം ആദ്മി പാര്‍ട്ടി 28 സീറ്റുകളും കോണ്‍ഗ്രസ് 30 സീറ്റുകളുമായിരുന്നു നേടിയത്.

RELATED STORIES