ഇന്ത്യയെ നടുക്കിയ ഡൽഹി കൂട്ടബലാത്സംഗ കേസിന് ഇന്ന് 10 വയസ്
Reporter: News Desk 16-Dec-20223,059

ഒരു പെൺകുട്ടിക്ക് നീതി കിട്ടുന്നതിനായി രാജ്യം ഒന്നിച്ചുനിന്നതിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഈ ദിവസം. ഏഴ് വർഷം നീണ്ട നിയമപോരാട്ടങ്ങൾക്ക് ശേഷമാണ് പ്രതികൾക്കു ശിക്ഷ ലഭിച്ചത്.
2012 ഡിസംബർ 16 നായിരുന്നു രാജ്യത്തെ നടുക്കിയ കൊടുംക്രൂരത നടന്നത്. രാത്രിയിൽ സുഹൃത്തിനൊപ്പം ബസ് കാത്തുനിന്ന 26 കാരിയായ മെഡിക്കൽ വിദ്യാർഥിനി അതുവഴി വന്ന ബസിൽ കയറി. ഡ്രൈവർ അടക്കം ആറു പേരാണ് ഉണ്ടായിരുന്നത്. സുഹൃത്തിനെ മർദിച്ച് അവശനാക്കിയ സംഘം പെൺകുട്ടിയെ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ജീവനുവേണ്ടി പൊരുതിയ പെൺകുട്ടി ഡിസംബർ 29 ന് ജീവൻ വെടിഞ്ഞു. സംഭവത്തിൽ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമുയർന്നു. പിടിയിലായ പ്രതികൾക്കു വധശിക്ഷ തന്നെ നൽകണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം. ബസ് ഡ്രൈവർ രാംസിങ്, സംഭവ ദിവസം ബസ് ഓടിച്ച സഹോദരൻ മുകേഷ് സിങ്, ജിംനേഷ്യത്തിൽ ജോലി ചെയ്യുന്ന വിനയ് ശർമ്മ, പഴക്കച്ചവടക്കാരൻ പവൻ ഗുപ്ത, അക്ഷയ് താക്കൂർ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരായിരുന്നു പ്രതികൾ.
പ്രതികളിൽ ഒരാളായ രാംസിങ് ജയിലിൽ ജീവനൊടുക്കി. മറ്റൊരു പ്രതി പ്രായപൂർത്തിയാകാതിരുന്നതിനാൽ മൂന്നു വർഷത്തെ തടവിനു ശേഷം ജയിൽമോചിതനായി.രാജ്യം അന്നുവരെ കാണാത്ത പ്രതിഷേധമായിരുന്നു തുടർന്നുള്ള വർഷങ്ങളിലുണ്ടായിരുന്നത്. പിന്നാലെ നാലു പ്രതികളെ തൂക്കിക്കൊല്ലാൻ അതിവേഗ കോടതിയുടെ വിധി വന്നു. 2019 ഡിസംബർ 18ന് പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. തൂക്കിലേറ്റുന്നതിന്റെ തലേദിവസം വരെ വധശിക്ഷ ഒഴിവാക്കാൻ ദയാഹർജികളും പുനഃപരിശോധനാ ഹർജികളും തിരുത്തൽ ഹർജികളുമടക്കം നിയമം അനുവദിക്കുന്ന എല്ലാ സാധ്യതകളും പ്രതികൾ നോക്കിയിരുന്നു.
എന്നാൽ 2020 മാർച്ച് 20ന് പുലർച്ചെ 5.30 ഓടെ ഇന്ത്യ കണ്ട ഏറ്റവും പൈശാചിക ക്രൂരകൃത്യത്തിലെ നാലു പ്രതികളെയും തൂക്കിലേറ്റി.കോടതികളായ കോടതികൾ കയറിയിറങ്ങി അവസാനം കുറ്റവാളികൾക്ക് തൂക്കുകയർ ലഭിച്ചപ്പോൾ മകൾക്ക് വേണ്ടിയുള്ള ആശാദേവിയെന്ന അമ്മയുടെ പോരാട്ടത്തിന്റെ വിജയത്തിന് കൂടിയാണ് രാജ്യം സാക്ഷ്യം വഹിച്ചത്.