നഗരസഭ കൗണ്‍സിലര്‍ ഉള്‍പ്പെട്ട സംഘം കസ്‌റ്റഡിയില്‍

പൊതുസ്‌ഥലത്തു മദ്യപാനവും പോലീസിനു നേരേ കൈയേറ്റ ശ്രമവും നടത്തിയ നഗരസഭ കൗണ്‍സിലര്‍ ഉള്‍പ്പെട്ട സംഘം കസ്‌റ്റഡിയില്‍. 

സി.പി.എമ്മില്‍നിന്നു പുറത്താക്കിയ പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍ വി.ആര്‍. ജോണ്‍സണ്‍, ശരത്‌ ശശിധരന്‍, സജിത്ത്‌, അരുണ്‍ ചന്ദ്രന്‍, ഷിബന്‍, ശിവശങ്കര്‍, അര്‍ജുന്‍ മണി എന്നിവരെയാണ്‌ എടത്വാ പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌.

എടത്വാ ചങ്ങങ്കരി പള്ളിക്കു സമീപം ഇന്നലെ വൈകിട്ട്‌ 6.30-നാണ്‌ സംഭവം. ഇന്നോവ കാറിലെത്തിയ ഏഴംഗ സംഘം ചങ്ങങ്കരി പള്ളി റോഡില്‍ വാഹനം പാര്‍ക്ക്‌ ചെയ്‌തശേഷം പൊതുവഴിയില്‍നിന്നു മദ്യപിച്ചു. പൊതുവഴിയില്‍നിന്നു മദ്യപിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ എടത്വാ പോലീസില്‍ വിവരം അറിയിച്ചു.

പോലീസ്‌ സംഭവ സ്‌ഥലത്തെത്തി സംഘത്തെ ചോദ്യംചെയ്‌തു. അതിനിടെ, പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കുനേരേ സംഘം കൈയറ്റശ്രമത്തിനു മുതിര്‍ന്നു.
സ്‌റ്റേഷനില്‍നിന്നു കൂടുതല്‍ പോലീസ്‌ എത്തിയശേഷം സാഹസികമായാണ്‌ ഇവരെ കസ്‌റ്റഡിയിലെടുത്തത്‌. പൊതുസ്‌ഥലത്തെ മദ്യപാനം, ക്യത്യനിര്‍വഹണത്തിനു തടസം സൃഷ്‌ടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരേ കേസെടുത്തു.

RELATED STORIES