മിന്നല്‍ ഹര്‍ത്താലിനോടനുബന്ധിച്ച് അരങ്ങേറിയ ആക്രമണങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ഈടാക്കുന്നതിനായി ജപ്തി നേരിട്ട ചിലര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്ന് പരാതി

സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. ഫെബ്രുവരി രണ്ടിനകം വിശദമായ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാനാണ് കോടതി നിര്‍ദ്ദേശം.

മിന്നല്‍ ഹര്‍ത്താലിന്റെ മറവില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ഇവരുടെ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം ഈടാക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സ്വത്ത് ജപ്തിചെയ്യപ്പെട്ട ചിലര്‍ പോപ്പുലര്‍ഫ്രണ്ടുമായി ബന്ധമില്ലെന്ന പരാതി ഉന്നയിച്ച പശ്ചാത്തലത്തിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. ഇക്കാര്യം സര്‍ക്കാര്‍ കഴിഞ്ഞദിവസം നല്‍കിയ റിപ്പോര്‍ട്ടിലുമുണ്ടായിരുന്നു.

ജപ്തിചെയ്ത സ്വത്തുക്കളുടെ മൂല്യനിര്‍ണയം നടത്തി ഈ വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം. ഫെബ്രുവരി രണ്ടിന് വിഷയം വീണ്ടും പരിഗണിക്കും. പോപ്പുലര്‍ഫ്രണ്ടിന്റെയും ഭാരവാഹികളുടെയും സ്വത്ത് ജപ്തിചെയ്യാന്‍മാത്രമേ നിര്‍ദേശിച്ചിട്ടുള്ളൂ. മറ്റാരുടെയും സ്വത്ത് ജപ്തി ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ സെപ്റ്റംബര്‍ 23-നു നടത്തിയ മിന്നല്‍ഹര്‍ത്താലിലെ അക്രമങ്ങളെത്തുടര്‍ന്ന് സ്വമേധയാ കേസെടുക്കുകയായിരുന്നു.

അതേസമയം മിന്നല്‍ഹര്‍ത്താലുണ്ടായ നാശനഷ്ടം കൃത്യമായി വിലയിരുത്താനുള്ള നടപടി ഇതിനായി നിയോഗിച്ച ക്ലെയിം കമ്മിഷണര്‍ അടുത്തയാഴ്ച തുടങ്ങണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ജികള്‍ വീണ്ടും പരിഗണിക്കുമ്പോള്‍ കമ്മിഷണര്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഹാജരാകണം.

RELATED STORIES