വീട്ടമ്മയെ കത്തികൊണ്ട് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച അയൽവാസി പിടിയിൽ

മാന്നാറിൽ വിധവയായ വീട്ടമ്മയെ കത്തികൊണ്ട് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച അയൽവാസി പിടിയിൽ. ബുധനൂർ കിഴക്കുംമുറി തൈതറയിൽ മറിയത്തിനെ (65) കൊല്ലാൻ ശ്രമിച്ച കേസിൽ മറിയത്തിന്റെ വീട്ടിലെ സഹായി ബുധനൂർ കിഴക്കുംമുറി വലിയ വീട്ടിൽ പടിഞ്ഞാറേതിൽ മണിക്കുട്ടനെയാണ് (മനു-43) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.


റിട്ട. മിലിട്ടറി നഴ്സായ മറിയം ഒറ്റയ്ക്കാണ് താമസിക്കുന്നത്. നാലുമാസത്തോളമായി മറിയത്തിന്റെ വീട്ടിൽ സഹായിയായി നിൽക്കുകയായിരുന്നു മണിക്കുട്ടൻ. വെള്ളിയാഴ്ച രാത്രിയിൽ മദ്യപിച്ചെത്തിയ ഇയാൾ മറിയവുമായി വാക്കുതർക്കമുണ്ടാക്കുകയും കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. കഴുത്തിനു ആഴത്തിൽ മുറിവേറ്റ മറിയം അയൽപക്കത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മറിയം അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അഭിരാം, ശ്രീകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ പ്രദീപ്, സിദ്ദിക്ക് ഉൽ അക്ബർ, ഹരിപ്രസാദ്, വനിത സിവിൽ പൊലീസ് ഓഫീസർ സ്വർണരേഖ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

RELATED STORIES