സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വന്തമായി യൂ ട്യൂബ് ചാനല്‍ തുടങ്ങാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്

ആളുകള്‍ ചാനല്‍ സബ്‌ക്രൈബ് ചെയ്യുമ്പോള്‍ അതില്‍ നിന്നും ഉദ്യോഗസ്ഥന് വരുമാനമുണ്ടാകും. ഇത് ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിന് എതിരാണ്. യൂട്യൂബ് ചാനല്‍ തുടങ്ങാനുള്ള അനുമതി തേടി ഒരു അഗ്‌നിശമന സേനാംഗം നല്‍കിയ അപേക്ഷ നിരസിച്ചതോടെയാണ് ഇത്തരത്തില്‍ ഉത്തരവ് ആഭ്യന്തര വകുപ്പ് ഇറക്കിയത്.

സോഷ്യല്‍ മീഡിയയിലോ,ഇന്റര്‍നെറ്റിലോ ഒരു വീഡിയോയോ ലേഖനമോ മറ്റും പോസ്റ്റ് ചെയ്യുന്നത് വ്യക്തിഗത പ്രവര്‍ത്തനമായും ക്രിയാത്മക സ്വാതന്ത്ര്യമായും കണക്കാക്കാമെങ്കിലും യുട്യൂബില്‍ അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍ ഒരു നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ വ്യക്തികള്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്ന പക്ഷം വീഡിയോ അപ്ലോഡ് ചെയ്ത ജീവനക്കാര്‍ക്ക് സാമ്പത്തികമായ നേട്ടം ഉണ്ടാകും. ആയത് 1960ലെ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കാവുന്നതാണ്.

അതുകൊണ്ട് നിലവിലെ ചട്ട പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യുട്യൂബ് ചാനല്‍ തുടങ്ങുന്നതിന് അനുമതി നല്‍കാന്‍ കഴിയില്ല. ഫെബ്രുവരി മൂന്നിന് പുറപ്പെടുവിച്ച ഉത്തരവില്‍ ഇത് വിശദമാക്കുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്. തിരുവനന്തപുരം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡയറക്ടര്‍ ജനറലിനാണ് ഉത്തരവ് നല്‍കിയിട്ടുള്ളത്.

RELATED STORIES