കേരളത്തില്‍ മാധ്യമപ്രവര്‍ത്തനത്തിന് അപ്രഖ്യാപിത സെന്‍സര്‍ഷിപ്പെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുക എന്നുള്ളതാണ് മാധ്യമപ്രവര്‍ത്തകരുടെ കടമ. തൊഴില്‍ ചെയ്യുന്നതിന്റെ പേരില്‍ കേസെടുത്താല്‍ കേരളത്തില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം എങ്ങനെയാണ് സാധ്യമാകുക? കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.


കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇങ്ങനെ സമരം ചെയ്യേണ്ടിവരുന്ന സാഹചര്യം സര്‍ക്കാര്‍ ഒഴിവാക്കേണ്ടതായിരുന്നു. കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടായിരുന്ന സ്വാതന്ത്ര്യം വെട്ടിച്ചുരുക്കുന്നു. ഈ വെല്ലുവിളി ജനാധിപത്യ സംവിധാനത്തിനു ചേര്‍ന്നതല്ല. നിയമസഭയിലും സെക്രട്ടേറിയറ്റിലും മാധ്യമപ്രവര്‍ത്തകര്‍ക്കു പ്രവേശിക്കാന്‍ വിലക്കുണ്ട്. അവിടെനിന്നുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയില്ല. സെക്രട്ടേറിയറ്റില്‍ എന്തിനാണു നിയന്ത്രണം? മാധ്യമപ്രവര്‍ത്തകരെ മാത്രമല്ല സാധാരണക്കാരെപ്പോലും അവിടെ കയറ്റാറില്ല. അടച്ചിട്ട കോട്ടപോലെയാണ് സെക്രട്ടേറിയറ്റ്.


സര്‍ക്കാരിന് ഹിതകരമല്ലാത്ത വാര്‍ത്ത കൊടുത്താല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കും. മാധ്യമപ്രവര്‍ത്തകര്‍ എന്തെഴുതണം എന്ന് തീരുമാനിക്കുന്നത് പൊലീസോ സര്‍ക്കാരോ അല്ല. ഭരണകൂടത്തിന്റെ തെറ്റുകളും നന്മകളും പുറത്തുകൊണ്ടുവരുന്നവരാണ് മാധ്യമ പ്രവര്‍ത്തകര്‍. ഇനിയും കേസെടുക്കുമെന്നാണ് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ പറയുന്നത്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഉണ്ടെങ്കില്‍ മാത്രമേ രാഷ്ട്രീയ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കപ്പെടൂ”- ചെന്നിത്തല പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. കെയുഡബ്ല്യുജെ പ്രസിഡന്റ് എം.വി.വിനീത, ജനറല്‍ സെക്രട്ടറി ആര്‍.കിരണ്‍ ബാബു തുടങ്ങിയവരും സംസാരിച്ചു.

RELATED STORIES