ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധി തീരുന്നു

ഈ മാസം മുപ്പത്തിനകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാൻ നിർജീവമാകും. ആയിരം രൂപ പിഴയൊടുക്കി മാത്രമേ ആധാറും പാനും ബന്ധിപ്പിക്കാൻ സാധിക്കൂ. 2023 ജൂൺ 30 വരെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) അറിയിച്ചിട്ടുണ്ട്. ഈ കാലാവധിക്കുള്ളിൽ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമാകും.


പാൻ കാര്‍ഡ് നിർജീവമായാൽ നികുതി റീഫണ്ട് അനുവദിക്കില്ല. അസാധുവായ കാലയളവിലെ റീഫണ്ടിനു പലിശയും കിട്ടില്ല. ടിഡിഎസ്, ടിസിഎസ് നികുതികൾ ഉയർന്ന നിരക്കിൽ ഈടാക്കുകയും ചെയ്യുമെന്നാണ് അറിയിപ്പ്. ആദായനികുതി വെബ്‌സൈറ്റ് അനുസരിച്ച്, “രജിസ്റ്റർ ചെയ്തവർക്കും രജിസ്റ്റർ ചെയ്യാത്ത ഉപയോക്താക്കൾക്കും ഇ-ഫയലിംഗ് പോർട്ടൽ വഴി (www.incometax.gov.in) അവരുടെ ആധാറും പാനും ലിങ്ക് ചെയ്യാൻ കഴിയും.

ഒരു ഇ-ഫയലിംഗ് പോർട്ടലിൽ ആധാർ-പാൻ ലിങ്കിംഗ് അഭ്യർത്ഥന സമർപ്പിക്കുന്നതിന് മുമ്പ് പണം അടയ്‌ക്കേണ്ടതുണ്ട്. 1000 രൂപയാണ് ഒറ്റ ചലാനിൽ അടയ്‌ക്കേണ്ടത്. എൻആർഐകൾ, ഇന്ത്യയിലെ പൗരന്മാരല്ലാത്ത വ്യക്തികൾ, 80 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർ, അസം, മേഘാലയ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ താമസിക്കുന്നവർ എന്നിവർക്ക് പാൻ-ആധാർ ലിങ്കിംഗ് ആവശ്യമില്ല. പാൻ കാർഡ് ഉടമകൾ 1000 രൂപ ഫീസ് അടച്ച് ആധാറുമായി പാൻ ലിങ്ക് ചെയ്യണം. ആധാർ ലിങ്ക് ചെയ്യുന്നതിന് മുൻപ് ഇക്കാര്യങ്ങള്‍ കൂടെ ശ്രദ്ധിക്കണം.

പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം

1]
ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in ൽ ലോഗിൻ ചെയ്യുക;
2]
ക്വിക്ക് ലിങ്ക്സ് വിഭാഗത്തിന് താഴെയുള്ള ‘ലിങ്ക് ആധാർ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം.
3]
നിങ്ങളുടെ പാൻ നമ്പർ വിശദാംശങ്ങൾ, ആധാർ കാർഡ് വിവരങ്ങൾ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകുക
4]
ഞാൻ എന്റെ ആധാർ വിശദാംശങ്ങൾ സാധൂകരിക്കുന്നു’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
5]
നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, നിങ്ങൾക്ക് ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും. അത് പൂരിപ്പിക്കുക, സബ്മിറ്റ് ചെയ്യുക.

RELATED STORIES