സര്‍ക്കാരിന് വിപണി നിയന്ത്രണം നഷ്ടമായതോടെ തൊട്ടതിനൊക്കെ തീവില

മഴ മുതല്‍ കാലാവസ്ഥാ വ്യതിയാനവും ഉല്‍പാദനക്കുറവും വരെ വിലക്കയറ്റത്തിന് വ്യാപാരികള്‍ നിരത്തുന്ന കാരണങ്ങള്‍ നീളുമ്പോളും വില നിയന്ത്രിക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്‌ക്രിയമാണ്.

ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ളവയ്ക്ക് ചില്ലറ വിപണിയില്‍ വില തോന്നുംപടിയായിട്ട് നാളേറെയായി. മുന്‍പ് കലക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ വ്യാപാരസ്ഥാപനങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തിയിരുന്നു. ഇതിപ്പോൾ ഇല്ല ഇതോടെ ഒട്ടുമിക്ക കടകളിലും വിലവിവരപ്പട്ടിക അപ്രത്യക്ഷമായി. അടുത്തടുത്ത കടകളില്‍പോലും ഒരേ സാധനത്തിന് വ്യത്യസ്ത വില കൊടുക്കേണ്ട ഗതികേടിലാണ് ജനം.

വ്യാപാര സ്ഥാപനങ്ങളില്‍ ഉപഭോക്താവിന് വ്യക്തമായി കാണുന്ന തരത്തില്‍ വില്‍ക്കുന്ന മുഴുവന്‍ സാധനങ്ങളുടെയും വില എഴുതി പ്രദര്‍ശിപ്പിക്കണം എന്നാണ് നിയമം. വിലമാറ്റം നിത്യേന ബോര്‍ഡുകളില്‍ മാറ്റണമെന്നുമാണ് നിയമമെങ്കിലും ഭൂരിപക്ഷവും അവഗണിക്കുകയാണ്. മഴയും കാലാവസ്ഥാ വ്യതിയാനവുമെല്ലാം ഉല്‍പ്പാദനക്കുറവിനു കാരണമായിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ തീവിലയ്ക്ക് സമാനമായ സാഹചര്യം ഉണ്ടാക്കിയിട്ടില്ല.

കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഉള്‍പ്പെടെ സംസ്ഥാനത്തെ കര്‍ഷകന് ന്യായമായ വില കിട്ടുന്നില്ല താനും. തക്കാളിയും ഇഞ്ചിയും അടക്കം പല പച്ചക്കറികളും വിപണിയില്‍ കിട്ടാക്കനിയാവുകയുമാണ്. കിട്ടാനുള്ള ഇഞ്ചിക്കാവട്ടെ ഗുണനിലവാരം തീരെയില്ലാതെയുമായി. തക്കാളി ക്ഷാമത്തെത്തുടര്‍ന്ന് തമിഴ്‌നാട്ടിലടക്കം സര്‍ക്കാര്‍ വിപണിയില്‍ ഇടപെട്ടതോടെ അവിടെയൊക്കെ വില കുറഞ്ഞു.

RELATED STORIES