ആതിഥേയ മേഖലയിൽ നേട്ടമുണ്ടാക്കി ഖത്തർ
Reporter: News Desk 16-Jul-20231,674
ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 20 ലക്ഷത്തിലധികം സന്ദർശകരാണ് ഖത്തറിൽ എത്തിയത്. ഇതോടെ ഹോട്ടൽ ഒക്കുപെൻസി റേറ്റ് കുത്തനെ ഉയർന്നതായാണ് പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.
ഇക്കഴിഞ്ഞ മേയിലെ പുറത്തുവിട്ട ഹോട്ടൽ താമസം സംബന്ധിച്ച കണക്കുകൾ പ്രകാരം 2,85,000 പേരാണ് ഒരു മാസത്തിനിടെ രാജ്യത്തെത്തിയത്. ഇത് താമസ നിരക്ക് വർധിക്കാൻ ഇടയാക്കി. 92% വർധനയാണ് ഇക്കാലയളവിൽ മാത്രമുണ്ടായത്. വൺ സ്റ്റാർ, ടു സ്റ്റാർ ഹോട്ടലുകളിലാണ് ഏറ്റവുമധികം താമസക്കാരെത്തിയത്.
ഹോട്ടൽ, ഹോട്ടൽ അപ്പാർട്‌മെന്റുകളിൽ മൊത്തത്തിലുള്ള ഒക്കുപൻസി നിരക്ക് 55% ആണ്. ഒക്കുപൻസി നിരക്ക് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് ത്രീ സ്റ്റാർ ഹോട്ടലുകളിലാണ്. 75 ശതമാനമാണ് ത്രീ സ്റ്റാർ ഒക്കുപൻസി നിരക്ക്. ഫോർ സ്റ്റാർ ഹോട്ടലുകളിൽ 53%, പഞ്ചനക്ഷത്ര ഹോട്ടലുകളിൽ 51% എന്നിങ്ങനെയാണ് ഒക്കുപൻസി നിരക്ക്. സ്റ്റാൻഡേഡ് ഹോട്ടൽ അപാർട്‌മെന്റുകളിൽ 71%, ഡിലക്‌സ് ഹോട്ടൽ അപ്പാർട്‌മെന്റുകളിൽ 56% എന്നിങ്ങനെയും ഒക്കുപൻസി ഉണ്ടായിരുന്നു.
മേയ്, ജൂൺ മാസങ്ങളിലാണ് ഏറ്റവുമധികം പേർ ഖത്തറിൽ എത്തിയത് എന്നാണ് കണക്ക്. മെയ് മാസത്തിൽ 2,85,000 പേരും, ജൂണിൽ 2,82,000 പേരും ഖത്തറിൽ എത്തി. കഴിഞ്ഞ 10 വർഷത്തിനിടെ ഈ മാസങ്ങളിലുണ്ടായ ഏറ്റവും വലിയ വർധനയാണിത്.
നിലവിൽ വേനൽ കനത്തതോടെ ആളുകളുടെ എണ്ണത്തിൽ കുറവുണ്ട്. എന്നാൽ വരും മാസങ്ങളിൽ ദോഹ എക്‌സ്‌പോ, ഫോർമുല-വൺ, ജനീവ മോട്ടർ ഷോ തുടങ്ങി വമ്പൻ പരിപാടികൾക്ക് ഖത്തർ വേദിയാകാനൊരുങ്ങുകയാണ്. ഇതോടെ വിവിധ രാജ്യക്കാർ ധാരാളമായി ഖത്തറിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ഫുട്ബോൾ ലോകകപ്പിന് ശേഷം ഖത്തർ വിദേശികളുടെ ഒരു പ്രധാന ടൂറിസം കേന്ദ്രമായി മാറിയിട്ടുണ്ട്.